മ്യൂണിക്: യൂറോ കപ്പ് ഫുട്‌ബോളിലെ മരണഗ്രൂപ്പിൽ ജയത്തോടെ തുടക്കമിട്ട് സ്‌പെയിൻ. വമ്പന്മാരുടെ പോരാട്ടത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മുൻ ചാമ്പ്യന്മാരായ സ്‌പെയിൻ വീഴ്‌ത്തിയത്. ആദ്യ പകുതിയിൽ നേടിയ ഗോളുകൾക്കാണ് സ്‌പെയിൻ ക്രൊയേഷ്യയുടെ കഥ കഴിച്ചത്. അൽവാരോ മൊറാട്ട (28), ഫാബിയാൻ റൂയിസ് (32), ഡാനി കാർവഹാൽ (45പ്ലസ് ടു) എന്നിവരാണ് സ്പാനിഷ് സംഘത്തിലെ സ്‌കോറർമാർ. യുവതാരങ്ങളുടെ കരുത്തിലായിരുന്നു സ്പെയ്നിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ സ്പാനിഷ്നിര മൂന്നു ഗോളിന് മുന്നിലെത്തിയിരുന്നു.

കുറിയ പാസുകളിലൂടെ കളംവാഴുന്ന ടിക്കി ടാക്കയിൽ നിന്ന് ആക്രമണ ഫുട്ബോളിന്റെ പുതിയ കാലത്തേക്ക് കളംമാറിയ സ്‌പെയിൻ പാസിംഗിലും പന്തടക്കത്തിലും വേഗത്തിലും ക്രൊയേഷ്യയെ ഞെട്ടിച്ചു. ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യക്ക് ഫിനിഷിംഗിലെ പോരായ്മയാൽ പെനൽറ്റി കിക്കിൽ നിന്ന് ആശ്വാസഗോൾ പോലും കണ്ടെത്താനായില്ല. ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും അൽബേനിയയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ സ്‌പെയിൻ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു ആദ്യ അര മണിക്കൂറിൽ ഗ്രൗണ്ടിൽ കണ്ടത്. ക്രൊയേഷ്യക്ക് മധ്യനിരയിൽ സ്ഥലം അനുവദിക്കാതെ ഇടപെട്ട സ്പാനിഷ് മധ്യനിര മോഡ്രിച്ചിനെ കളം നിറഞ്ഞ് കളിക്കാൻ അനുവദിക്കാതെ പൂട്ടിയിട്ടു. ആദ്യ അരമണിക്കൂർ മധ്യനിരയിൽ കേന്ദ്രീകരിച്ച കളിയിൽ അപ്രതീക്ഷിതമായാണ് സ്‌പെയിൻ ലീഡെടുത്തത്.

യുവതാരം ലാമിൻ യമാലും ക്യാപ്റ്റൻ അൽവാരോ മൊറാട്ടയും നിക്കോ വില്യംസും ക്രൊയേഷ്യൻ ബോക്സിലേക്ക് ഇരച്ചെത്തിയതോടെ തുടക്കത്തിൽ തന്നെ ക്രൊയേഷ്യൻ പ്രതിരോധം പ്രതിസന്ധിയിലായി. ആദ്യ 25 മിനിറ്റുകൾക്കുള്ളിൽ തന്നെ മൂന്നോളം തവണയാണ് അവർ ഗോളിനടുത്തെത്തിയത്.

തട്ടിത്തെറിച്ച നിരവധി അവസരങ്ങൾക്കൊടുവിൽ 28-ാം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്ന് റോഡ്രി നൽകിയ മികച്ചൊരു പാസിൽ നിന്ന് അൽവാരോ മൊറാട്ട സ്പെയ്നിനെ മുന്നിലെത്തിച്ചു. മൊറാട്ടയുടെ മുന്നേറ്റം ശ്രദ്ധിച്ച് കിറുകൃത്യമായിരുന്നു റോഡ്രിയുടെ നീക്കം. പന്ത് സ്വീകരിച്ച് മുന്നേറിയ മൊറാട്ട രണ്ട് ക്രൊയേഷ്യൻ താരങ്ങളെ വെട്ടിയൊഴിഞ്ഞ് സ്‌കോർ ചെയ്തു.

നാലു മിനിറ്റിനുള്ളിൽ സ്പെയ്ൻ പിന്നെയും വലകുലുക്കി. വലതുവിങ്ങിലെത്തിയ ലോങ് ബോൾ അവിശ്വസനീയമായി നിയന്ത്രിച്ച യമാലിന്റെ മികവാണ് ഗോളിന് വഴിവെച്ചത്. യമാലിൽ നിന്നെത്തിയ പന്ത് ബോക്സിന് തൊട്ടുവെളിയിൽവെച്ച് പെഡ്രി ഫാബിയാൻ റൂയിസിന് നീട്ടി. ബോക്സിൽ ക്രൊയേഷ്യൻ ഡിഫൻഡർമാരെ കാഴ്ചക്കാരാക്കിയ ഡ്രിബ്ലിങ്ങിനൊടുവിൽ റൂയിസ് പന്ത് വലയിലാക്കി.ഇതിനു പിന്നാലെ ക്രൊയേഷ്യ ഏതാനും ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം ഉറച്ചുനിന്നു.

പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഡാനി കാർവഹാലിലൂടെ സ്പെയ്ൻ മൂന്നാം ഗോളും നേടി. വലതുവിങ്ങിൽ പന്തു സ്വീകരിച്ച് യമാൽ ക്രൊയേഷ്യൻ ബോക്സിലേക്ക് പന്ത് ക്രോസ് ചെയ്യുമ്പോൾ ബോക്സിൽ ക്രൊയേഷ്യൻ ഡിഫൻഡർമാർ നിറഞ്ഞിരുന്നു. എന്നിട്ടും പാസിലെ കൃത്യതകൊണ്ട് കാർവഹാൽ പന്ത് വലയിലാക്കി.

രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള ക്രൊയേഷ്യൻ ശ്രമങ്ങളെല്ലാം പാളി. ഇടയ്ക്ക് സ്പാനിഷ് പ്രതിരോധം പിളർത്താനായെങ്കിലും പന്ത് ഫിനിഷ് ചെയ്യാൻ സാധിക്കാതെ പോയത് തിരിച്ചടിയായി. മധ്യനിരയിലെ മിന്നുംതാരം ലൂക്ക മോഡ്രിച്ച് മങ്ങിയതും ടീമിനെ ബാധിച്ചു.

78-ാം മിനിറ്റിൽ പെറ്റ്കോവിച്ചിനെ റോഡ്രി ബോക്സിൽ വീഴ്‌ത്തിയതിന് ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ പെറ്റ്കോവിച്ചിന്റെ കിക്ക് സ്പാനിഷ് ഗോളി ഉനായ് സിമോൺ തട്ടിയെങ്കിലും റീബൗണ്ട് വന്ന പന്ത് താരം തന്നെ വലയിലാക്കി. പക്ഷേ കിക്കെടുക്കുന്ന സമയത്തിനു മുമ്പ് ക്രൊയേഷ്യൻ താരങ്ങൾ ബോക്സിലേക്ക് കയറിയതിനാൽ വാർ പരിശോധിച്ച റഫറി ഗോൾ നിഷേധിച്ചു. ഇതോടെ ക്രൊയേഷ്യയുടെ ആശ്വാസ ഗോളെന്ന പ്രതീക്ഷയും അകന്നു.