ന്യൂഡൽഹി: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ദയനീയമായി പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ എഐഎഫ്എഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീം മൂന്നാം റൗണ്ടിൽ കടക്കാതെ പുറത്തായതിനു പിന്നാലെയാണ് തീരുമാനം. ഞായറാഴ്ച ഫെഡറേഷന്റെ സീനിയർ ഒഫീഷ്യലുകൾ ഓൺലൈൻ മീറ്റിങ്ങിലൂടെയാണ് പരിശീലകനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത് എഐഎഫ്എഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ജൂൺ 11-ാം തീയതി ഖത്തറിനെതിരായ ഗ്രൂപ്പ് എ മത്സരത്തിൽ 2-1ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാം റൗണ്ട് കാണാതെ പുറത്താകുന്നത്. മത്സരം ജയിച്ചിരുന്നെങ്കിൽ കുവൈത്തിനെ മറികടന്ന് ഇന്ത്യയ്ക്ക് മൂന്നാം റൗണ്ടിലെത്താൻ സാധിക്കുമായിരുന്നു. എന്നാൽ മത്സരത്തിൽ ഖത്തർ നേടിയ ആദ്യ ഗോൾ ഏറെ വിവാദമായിരുന്നു.

അടുത്തിടെ ഫിഫ റാങ്കിങ്ങിലും ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. പുതിയ റാങ്കിങ്ങിൽ ഇന്ത്യ 121-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. സ്റ്റിമാച്ചിനു കീഴിൽ കഴിഞ്ഞവർഷം ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ആദ്യ നൂറിനുള്ളിൽ ഇടം പിടിച്ചിരുന്നു. ഇന്റർകോണ്ടിനന്റൽ കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, സാഫ് ചാമ്പ്യൻഷിപ്പ് എന്നിവയിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളാണ് റാങ്കിങ് ഉയർച്ചയിലേക്ക് വഴിവെച്ചിരുന്നത്. എന്നാൽ പുതിയ വർഷം ഇന്ത്യക്ക് നേട്ടങ്ങൾ ആവർത്തിക്കാനായില്ല.

ക്രൊയേഷ്യൻ മുൻ താരമായ ഇഗോർ സ്റ്റിമാക് 2019ലാണ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. 2023 ഒക്ടോബറിൽ സ്റ്റിമാക്കിന്റെയും സഹപരിശീലകരുടേയും കരാർ എഐഎഫ്എഫ് പുതുക്കി നൽകിയിരുന്നു. 2026 ജൂൺ വരെ സ്റ്റിമാക്കുമായി കരാറുണ്ടായിരുന്നു.

എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടീമിനെ മൂന്നാം റൗണ്ടിലെത്തിക്കാൻ സ്റ്റിമാക്കിനായില്ല. നാല് ക്വാളിഫയർ മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് സ്റ്റിമാക്കിന് ഇന്ത്യൻ ടീമിന് സമ്മാനിക്കാനായത്. നാല് കളികളിൽ ഇന്ത്യൻ ടീം നേടിയത് രണ്ട് ഗോളുകൾ മാത്രമായി. അഫ്ഗാനിസ്ഥാനോടും കുവൈത്തിനോടും ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യ ഖത്തറിനോടും അഫ്ഗാനിസ്ഥാനോടും 1-2ന് വീതം തോൽവി രുചിച്ചിരുന്നു.

മാത്രമല്ല, ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പിലും ടീം മികവ് കാട്ടാതിരുന്നത് ഇഗോർ സ്റ്റിമാക്കിന് തിരിച്ചടിയായി. ഏഷ്യൻ കപ്പിൽ മൂന്ന് കളിയും തോറ്റ ഇന്ത്യ ആറ് ഗോളുകൾ വഴങ്ങിയപ്പോൾ ഒന്ന് പോലും അടിച്ചിരുന്നില്ല. 53 മത്സരങ്ങളിലാണ് ഇഗോർ സ്റ്റിമാക് ഇന്ത്യൻ പരിശീലകന്റെ കുപ്പായമണിഞ്ഞത്. 19 മത്സരങ്ങൾ ജയിച്ചപ്പോൾ 20 എണ്ണം തോൽക്കുകയും 14 എണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു. വിരമിച്ച ഇതിഹാസ സ്‌ട്രൈക്കർ സുനിൽ ഛേത്രിക്ക് പകരക്കാരനെ കണ്ടെത്തുന്നത് അടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനെ കാത്തിരിക്കുന്നത്.