മ്യൂണിക്ക്: യൂറോ കപ്പ് ഗ്രൂപ്പ് സി യിൽ സെർബിയ- സ്ലൊവേനിയ മത്സരം സമനിലയിൽ. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 69-ാം മിനിറ്റിൽ പ്രതിരോധ താരം സാൻ കർണീച്ച്നിക് നേടിയ ഗോളിൽ സ്ലൊവേനിയ മുന്നിലെത്തി. 95-ാം മിനിറ്റിൽ സെർബിയക്കുവേണ്ടി ലുക്കാ ജോവിച്ച് ഗോൾ മടക്കിയതോടെ കളി സമനിലയിൽ പിരിഞ്ഞു.

തിമി മാക്സ് എൽസ്നിച്ചിന്റെ അസിസ്റ്റിലാണ് സ്ലൊവേനിയയുടെ ഗോൾ. എൽസ്നിച്ചിൽനിന്ന് പോസ്റ്റിന്റെ വലതുവശത്തേക്ക് ലഭിച്ച പന്തിൽ കാർണിച്ച്നിക്കിന് കാൽവയ്ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ (10).

95ാം മിനിറ്റിൽ സെർബിയയുടെ മറുപടിയെത്തി. ഇവാൻ ഇലിക്കിന്റെ അസിസ്റ്റിൽ ലൂക്കാ ജോവിക്ക് നേടിയ ഹെഡർ ഗോൾ സെർബിയയെ രക്ഷപ്പെടുത്തുകയായിരുന്നു. സെർബിയക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്നായിരുന്നു ഗോൾ.

സെർബിയക്കുവേണ്ടി 30 മത്സരങ്ങൾ കളിച്ച കാർണിക്നിച്ച് ഇത് രണ്ടാംതവണയാണ് ഗോൾ നേടുന്നത്. മത്സരത്തിൽ രണ്ട് ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ, സ്‌കോർ കണ്ടെത്താൻ ഇരു ടീമിനും സാധിച്ചില്ല. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.

പന്തടക്കത്തിലും പാസുകളിലും മുന്നിലായിരുന്ന സെർബിയ, അവസാന മിനിറ്റിലെ സമനില ഗോളോടെ സ്‌ലൊവേനിയയുടെ വിജയ പ്രതീക്ഷകൾ തല്ലിക്കെടുത്തി. യൂറോ കപ്പിൽ സ്‌ലൊവേനിയയുടെ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തിൽ ഡെന്മാർക്കിനെയും സ്‌ലൊവേനിയ സമനിലയിൽ പിടിച്ചിരുന്നു. ജൂൺ 26ന് നടക്കുന്ന മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടാണ് സ്‌ലൊവേനിയയുടെ എതിരാളികൾ.

രണ്ടാം മത്സരവും സമനിലയായതോടെ സി ഗ്രൂപ്പിൽ രണ്ടു പോയിന്റുമായി ടീം രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് ഒന്നാമത്. അവസാന സ്ഥാനത്തുള്ള സെർബിയ ഡെന്മാർക്കിനെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നേരിടും. ആദ്യ മത്സരത്തിൽ സെർബിയ ഇംഗ്ലണ്ടിനോടു തോറ്റിരുന്നു.