- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പയിൽ കാനഡയെ വീഴ്ത്തി മെസിപ്പടയ്ക്ക് വിജയത്തുടക്കം
അറ്റ്ലാന്റ: കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വിജയ തുടക്കം. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് അർജന്റീന തോൽപ്പിച്ചു. ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമാണ് ഗോളടിച്ചത്. ആദ്യ കോപ്പ അമേരിക്ക ടൂർണമെന്റിനെത്തിയ കാനഡ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സിപ്പടയുടെ ജയം. മെസ്സിയടക്കമുള്ള അർജന്റീന താരങ്ങൾ നിരവധി അവസരങ്ങളാണ് തുലച്ചത്. കുറഞ്ഞത് അര അഡസൻ അവസരങ്ങൽ മെസിയും കൂട്ടരും കളഞ്ഞു കുളിച്ചു.
അർജന്റീനയെ വിറപ്പിച്ചാണ് കാനഡ തുടങ്ങിയത്. പന്തടക്കത്തിലും തുടക്കത്തിൽ കാനഡയാണ് മുന്നിട്ടുനിന്നത്. 9-ാം മിനിറ്റിൽ അർജന്റീനയ്ക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. കാനഡയുടെ കോർണറിനൊടുക്കം ലഭിച്ച പന്തുമായി മുന്നേറിയ ഡി മരിയയ്ക്ക് പക്ഷേ അവസരം മുതലാക്കാനായില്ല. ഡി മരിയയുടെ ഷോട്ട് കാനഡ ഗോൾകീപ്പർ സേവ് ചെയ്തു. നിരവധി അവസരങ്ങൾ അതിന് ശേഷം അർജന്റീന തുലച്ചു. അതോടെ ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന മുന്നിലെത്തി. 49-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് ലക്ഷ്യം കണ്ടത്. വലതുവിങ്ങിൽ നിന്ന് മെസ്സി നൽകിയ ത്രൂബോളിലൂടെയാണ് ഗോൾ പിറന്നത്. മെസിയുടെ പാസിൽ നിന്നും അൽവാരാസ് ഗോൾ നേടി. 65-ാം മിനിറ്റിൽ മെസ്സി സുവർണാവസരം നഷ്ടപ്പെടുത്തി. എമിലിയാനോ നൽകിയ പന്ത് മെസ്സിക്ക് ലഭിക്കുമ്പോൾ മുന്നിൽ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെ ഷോട്ട് ഗോൾ കീപ്പർ സേവ് ചെയ്തു. റീബൗണ്ടിലും ഗോളടിക്കാൻ മെസിക്ക് കഴിഞ്ഞില്ല.
79-ാം മിനിറ്റിലും വീണ്ടും മെസ്സി കിട്ടിയ അവസരം പാഴാക്കി. ഗോളി മാത്രം മുന്നിൽ നിൽക്കേ ഗോൾ അവസരം പാഴാക്കി. 88-ാം മിനിറ്റിൽ അർജന്റീന രണ്ടാം ഗോൾ കണ്ടെത്തി. മെസ്സിയുടെ അസിസ്റ്റിൽ ലൗട്ടാറോ മാർട്ടിനസ് വലകുലുക്കിയതോടെ ലോകചാമ്പ്യന്മാർ വിജയത്തോടെ മടങ്ങി. രണ്ടു ഗോളിന് പിന്നിലും മെസിയുടെ മാന്ത്രിക സ്പർശമുണ്ടായിരുന്നു. സമ്മർദ്ദമില്ലാതെ കളിക്കുന്ന മെസിയേയും കോപ്പയിൽ കണ്ടു.
കാനഡയ്ക്കെതിരെ കളത്തിലിറങ്ങിയതോടെ കോപ്പയിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മെസിക്ക് സ്വന്തമായി. 35 മത്സരങ്ങളിലാണ് മെസി അർജന്റീനൻ കുപ്പായത്തിലിറങ്ങിയത്. ചിലിയുടെ സെർജിയോ ലിവിങ്സ്റ്റണിനെയാണ് മെസി മറികടന്നത്. 194153 കാലയളവിൽ ചിലിയുടെ ഇതിഹാസ താരം സെർജിയോ ലിവിങ്സ്റ്റൺ സ്വന്തമാക്കിയ റെക്കോഡാണ് ഫുട്ബോളിന്റെ മിശിഹാ തിരുത്തിയത്.
ചിലിക്കായി 13 വർഷങ്ങളോളം ഗോൾവല കാത്ത ലിവിങ്സ്റ്റൺ 6 കോപ്പ അമേരിക്ക ടൂർണ്ണമെന്റുകളിൽ നിന്നായി 34 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. ആകെ കരിയറിൽ 52 മത്സരങ്ങൾ കളിച്ച ലിവിങ്സ്റ്റണിന്റെ 65 ശതമാനം മത്സരങ്ങളും കോപ്പയിലാണെന്നതാണ് രസകരമായ കാര്യം. 2007-ലാണ് ലയണൽ മെസി കോപ്പയിൽ ആദ്യമായി അർജന്റീനക്ക് വേണ്ടി കളിച്ചത്. 2007 ജൂൺ 29-ന് യുഎസിനെതിരെ കോപ്പ അരങ്ങേറ്റം കുറിച്ച മെസി ഒരു അസിസ്റ്റും ആ മത്സരത്തിൽ സ്വന്തമാക്കി. അർജന്റീന 4-1ന് തകർപ്പൻ ജയവും ആ മത്സരത്തിൽ നേടിയിരുന്നു.
ഇതിന് മുമ്പ് ആകെ ആറു കോപ്പ ടൂർണ്ണമെന്റുകളിൽ ബൂട്ട് കെട്ടിയ മെസി ഒരു തവണ ടീമിന് കീരിടവും നേടിക്കൊടുത്തു. മൂന്നു വർഷങ്ങൾക്ക് മുമ്പ് മെസിയുടെ കരുത്തിൽ കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിടുമ്പോൾ 28 വർഷത്തെ കിരീടദാഹമാണ് അവസാനിച്ചത്. നാലു ഗോളുകളും അഞ്ച് അസിസ്റ്റുകളുമായും അക്കൗണ്ടിലാക്കിയാണ് ലയണൽ മെസി ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. കലാശപ്പോരിൽ അന്നത്തെ ചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീലിനെയാണ് മെസിപ്പട പരാജയപ്പെടുത്തിയത്.