- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷകനായി മാർട്ടിനസ്; ചിലിയെ കീഴടക്കി അർജന്റീന ക്വാർട്ടറിൽ
ന്യൂജേഴ്സി: തുടർച്ചയായ രണ്ടാം ജയത്തോടെ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ക്വാർട്ടറിൽ. ന്യൂജഴ്‌സി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറിയത്. പകരക്കാരനായി ഇറങ്ങിയ ലൗട്ടാറോ മാർട്ടിനസാണ് ലക്ഷ്യം കണ്ടത്. 88-ാം മിനിറ്റിലാണ് വിജയഗോൾ പിറന്നത്. അവസരങ്ങൾ ഒരുപാട് ലഭിച്ചെങ്കിലും പന്ത് ഗോൾവര കടക്കാൻ 88-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ആദ്യ മത്സരത്തിൽ അർജന്റീന കാനഡയെ കീഴടക്കിയിരുന്നു. ഗ്രൂപ്പിൽ ഇനി പെറുവിനെതിരായ മത്സരമാണ് ശേഷിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഡി മരിയയില്ലാതെയാണ് അർജന്റീന ഇറങ്ങിയത്. മികച്ച നീക്കങ്ങൾ നടത്തി മുന്നേറാൻ ടീമുകൾക്ക് സാധിച്ചില്ല. 21-ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നുള്ള അൽവാരസിന്റെ ഷോട്ട് ബ്രാവോ കൈപ്പിടിയിലൊതുക്കി. കളി മെനയാൻ മെസ്സി മധ്യഭാഗത്തേക്കിറങ്ങി കളിച്ചു. എന്നിട്ടും ഫലമുണ്ടായില്ല.
ചിലിയൻ പ്രതിരോധം ഭേദിച്ച് മുന്നേറാൻ അർജന്റീനയ്ക്കായില്ല. മറുവശത്ത് ചിലിക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ പോലുമായില്ല. പന്തടക്കത്തിലും പാസിങ്ങിലും മെസ്സിപ്പടയാണ് മുന്നിട്ടു നിന്നത്. 36-ാം മിനിറ്റിൽ മെസ്സിയുടെ ഷോട്ട് പുറത്തുപോയി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ അർജന്റീന ഉണർന്നു കളിച്ചു. ഗോൾ കണ്ടെത്താൻ നിരനിരയായി ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. നിക്കോ ഗോൺസാലസിന്റെ ഷോട്ട് ചിലിയൻ ഗോളി ക്ലോഡിയോ ബ്രാവോ തട്ടിയകറ്റി. മക് അലിസ്റ്ററിന് മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. പിന്നാലെ ലൗട്ടാറോ മാർട്ടിനസിനേയും ഡിമരിയയേയും സ്‌കലോണി കളത്തിലിറക്കി. ഒടുക്കം അതിന് ഫലമുണ്ടായി. 88-ാം മിനിറ്റിൽ അർജന്റീന ലക്ഷ്യം കണ്ടു. കോർണറിനൊടുക്കം ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ലൗട്ടാറോ മാർട്ടിനസ് വലകുലുക്കി. ചിലിയുടെ മുന്നേറ്റങ്ങളെ അവസാനനിമിഷം പ്രതിരോധിച്ചതോടെ അർജന്റീന വിജയത്തോടെ മടങ്ങി.
72-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന് പകരക്കാരനായിട്ടാണ് മാർട്ടിനെസ് കളത്തിലെത്തുന്നത്. മെസിയുടെ കോർണർ കിക്കിൽ നിന്നാണ് മാർട്ടിനെസ് ഗോൾ കണ്ടെത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജയത്തോടെ അർജന്റീനയ്ക്ക് രണ്ട് മത്സരങ്ങളിൽ ആറ് പോയിന്റായി.
പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്നതിനും അർജന്റീനയായിരുന്നു മുന്നിൽ. 22 ഷോട്ടുകളാണ് അർജന്റീന പായിച്ചത്. ഇതിൽ 9 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഗോൾവരെ കടന്നത് ഒരെണ്ണം മാത്രം. അതേസമയം മൂന്ന് ഷോട്ടുകൾ മാത്രമാണ് ചിലി തൊടുത്തത്. ഒന്ന് പോലും അർജന്റൈൻ ഗോൾ കീപ്പൽ എമിലിയാനോ മാർട്ടിനെസിനെ പരീക്ഷിക്കാൻ പോന്നതായിരുന്നില്ല. മത്സരത്തിന്റെ 62 ശതമാനവും പന്ത് കൈവശം വച്ചത് അർജന്റീയായിരുന്നു.
വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച അർജന്റീന ക്വാർട്ടറിൽ കടന്നു. ആദ്യ മത്സരത്തിൽ പെറുവിനോടു സമനില വഴങ്ങിയ ചിലെയാകട്ടെ, ഒരു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.
ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ കാനഡ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. 74ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡാണ് കാനഡയുടെ വിജയഗോൾ നേടിയത്. ആദ്യ മത്സരത്തിൽ അർജന്റീനയോട് തോറ്റ കാനഡ, ഈ വിജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഒരു പോയിന്റുള്ള പെറു മൂന്നാം സ്ഥാനത്താണ്.