ബ്രസീലിയ: ബ്രസീൽ സൂപ്പർതാരം നെയ്മറിനെതിരെ ലൈംഗിക ആരോപണവുമായി മുൻ ബ്രസീൽ വോളിബോൾ താരം കൂടിയായ കീ ആൽവ്സ്. തനിക്കും ഇരട്ട സഹോദരിക്കുമൊപ്പം ഒരേ സമയം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നെയ്മർ താൽപര്യം അറിയിച്ചെന്നാണ് വെളിപ്പെടുത്തൽ.

അഡൽറ്റ്സ് ഒൺലി പ്ലാറ്റ്ഫോമായ 'ഒൺലിഫാൻസ്' താരമായ കീ ആൽവ്സ് യു.എസ് ടെലിവിഷൻ റിയാലിറ്റി ഷോ 'ബിഗ് ബ്രദറി'ന്റെ ബ്രസീൽ പതിപ്പിലാണ് ആരോപണം ഉന്നയിച്ചത്. സഹോദരി കെയ്റ്റുമായും താനുമായും ഒന്നിച്ച് സെക്സ് ചെയ്യാൻ താൽപര്യം അറിയിച്ചെന്ന് അവർ റിയാലിറ്റി ഷോയിലെ സഹമത്സരാർത്ഥിയോട് വെളിപ്പെടുത്തിയെന്ന് സ്പാനിഷ് മാധ്യമമായ 'മാഴ്‌സ' റിപ്പോർട്ട് ചെയ്തു.

ആദ്യം നെയ്മർ സഹോദരിയോട് ചാറ്റ് ചെയ്യുമായിരുന്നു. അവൾ മറ്റൊരാളുമായി പ്രണയത്തിലായതോടെ എന്നോടായി ചാറ്റിങ്. ഇതിനിടയിലാണ് 'സെക്സ്' ആവശ്യപ്പെട്ടത്. എന്നാൽ, ആവശ്യം നിരസിച്ചതോടെ താരം അസ്വസ്ഥനായെന്നും കീ ആൽവസ് പറയുന്നു.

ആദ്യം സഹോദരിക്കും പിന്നീട് തനിക്കും നെയ്മാർ മെസേജ് അയച്ചിരുന്നതായും ഇവർ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ നെയ്മാർ തന്നെയും സഹോദരിയെയും തെറ്റിദ്ധരിച്ചതായും കീ ആൽവസ് വിശദീകരിച്ചു.

മുൻ ബ്രസീൽ വോളിബോൾ താരമാണ് കീ ആൽവ്സ്. സീരീ എ വിമൻസ് വോളിബോൾ ബ്രസീൽ ലീഗിൽ ക്ലബ് ഒർസാകോയ്ക്കു വേണ്ടിയായിരുന്നു കളിച്ചിരുന്നത്. 2022ൽ പ്രൊഫഷനൽ വോളിബോളിൽനിന്ന് വിരമിച്ച് അഡൽറ്റ് മേഖലയിലേക്ക് ചുവടുമാറിയത് വലിയ വാർത്തയായിരുന്നു. സാവോ പോളോ സ്വദേശിയാണ് 23കരിയായ മോഡൽ.

വോളിബോൾ താരമായിരുന്നപ്പോൾ ലഭിച്ചതിന്റെ അൻപതിരട്ടി ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും 'ഒൺലിഫാൻസി'ൽ എത്തിയതോടെ അതിലും ഇരട്ടിയായെന്നും വ്യക്തമാക്കിയിരുന്നു. കീ ആൽവ്സിന്റെ സഹോദരി കെയ്റ്റും വോളിബോൾ താരമാണ്. വൊലെയ് വിനീഡോ കൺട്രി ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്.

നെയ്മറിനെ കുറിച്ചുള്ള ആരോപണം കീ ആൽവ്സിനെ വീണ്ടും വാർത്തകളിൽ നിറയ്ക്കുകയാണ്. ഇതാദ്യമായല്ല നെയ്മറിന് എതിരെ ലൈംഗിക ആരോപണം ഉയരുന്നത്. ബ്രസീലീയൻ മോഡൽ നജിസ ട്രിൻഡാഡെ ആണ് നെയ്മർക്ക് എതിരെ പീഡന ആരോപണം നേരത്തെ ഉന്നയിച്ചത്. 2019 മെയിൽ നെയ്മർ പാരീസിലെ ഒരു ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

ആരോപണം തള്ളിയ നെയ്മർ തങ്ങൾ തമ്മിൽ നടന്നത് പരസ്പര സമ്മതത്തോട് കൂടിയ ലൈംഗിക ബന്ധം ആയിരുന്നുവെന്നും വ്യക്തമാക്കി. ആരോപണത്തിനുള്ള തെളിവ് ഇല്ലാത്തത് കാരണം സംഭവത്തിലെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. നെയ്മർ ആക്രമിക്കുന്ന വീഡിയോ കയ്യിലുണ്ടെന്ന് മോഡൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് പൊലീസിന് മുന്നിൽ ഹാജരാക്കാനോ ഫോൺ കൈമാറാനോ മോഡൽ തയ്യാറായിരുന്നില്ല.

ഇത് കൂടാതെ 2016ൽ നെയ്മർക്ക് എതിരെ നൈക്കിയിലെ ജീവനക്കാരി ലൈംഗിക ആരോപണം ഉയർത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വാൾസ്ട്രീറ്റ് ജേണൽ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ വെച്ച് നെയ്മർ ശാരീരിക ബന്ധത്തിന് ബലം പ്രയോഗിച്ച് ശ്രമിച്ചു എന്നായിരുന്നു ആരോപണം. നെയ്മറുമായുള്ള കരാർ നൈക്കി ഒഴിവാക്കിയിരുന്നു.