മഞ്ചേരി: ആദ്യപകുതിയിൽ ഒരു ഗോൾ വലയിൽ വീണപ്പോൾ പിന്നിൽ പോയ ഒഡിഷ എഫ്‌സി പൊരുതിക്കയറി സൂപ്പർ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് രണ്ടാം സെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. നന്ദകുമാറാണ് ഇതിൽ രണ്ടുഗോളടിച്ചത്. 25-ന് നടക്കുന്ന ഫൈനലിൽ ഒഡിഷ, ബെംഗളൂരു എഫ്സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഏഴ് മണിക്കാണ് ഫൈനൽ.

കളിതുടങ്ങി നിമിഷങ്ങൾക്കകം ജോർദാൻ വിൽമറാണ് നോർത്ത്ഈസ്റ്റിനായി സ്‌കോർ ചെയ്തത്. എന്നാൽ 11-ാം മിനിറ്റിൽ തന്നെ ഒഡിഷ ഒപ്പമെത്തി. ജെറിയുടെ ക്രോസ് ഒരു ഹെഡറിലൂടെ വലയിലെത്തിച്ച് നന്ദകുമാറാണ് ഒഡിഷയെ ഒപ്പമെത്തിച്ചത്.

തുടർന്ന് 63-ാം മിനിറ്റിൽ ഒഡിഷ ലീഡെടുത്തു. വിക്ടർ റോഡ്രിഗസും നന്ദകുമാറും ചേർന്നുള്ള ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. വിക്ടർ നൽകിയ പന്ത് ഒടുവിൽ നന്ദകുമാർ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം ഗോൾ നേടിയതോടെ ഒഡിഷ മത്സരത്തിൽ ആധിപത്യം തുടർന്നു. 85-ാം മിനിറ്റിൽ ഡിയഗോ മൗറീസിയോ ഒഡിഷയുടെ മൂന്നാം ഗോൾ നേടി ഫൈനലിൽ പ്രവേശനം ഉറപ്പിച്ചു.