ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബെംഗളുരു എഫ് സിയെ കീഴടക്കി എടികെ മോഹൻബഗാൻ കിരീടം ചൂടിയതിന് പിന്നാലെ ഫൈനലിൽ റഫറിമാർ എടുത്ത തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് വീണ്ടും ബെംഗളൂരു എഫ്‌സി ഉടമ പാർഥ് ജിൻഡാൽ. എടികെ മോഹൻ ബഗാന് റഫറി പെനൽറ്റി അനുവദിച്ചത് തെറ്റാണെന്നാണ് പാർഥ് ജിൻഡാലിന്റെ വാദം. ഇതു തെളിയിക്കുന്ന ഒരു ചിത്രവും ജിൻഡാൽ ട്വിറ്ററിൽ പങ്കുവച്ചു.

''ഇതൊരു പെനാൽറ്റിയാണോ? അതും ഒരു ഫൈനലിൽ? ഇന്ത്യൻ ഫുട്‌ബോളിൽ ഇപ്പോൾ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനമാണ് ആവശ്യം'' പാർഥ് ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ വാർ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും റഫറിമാരുടെ തീരുമാനങ്ങൾ വലിയ മത്സരങ്ങളെ സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്നും പാർഥ് ജിൻഡാൽ നേരത്തേ പ്രതികരിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് 'വാർ ലൈറ്റ്' സംവിധാനം കൊണ്ടുവരുമെന്ന എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ പ്രഖ്യാപനം ആവേശത്തോടെയാണു കാണുന്നതെന്നും പാർഥ് ജിൻഡാൽ പ്രതികരിച്ചു. വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ചെലവു കുറഞ്ഞ രീതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബെൽജിയം 'വാർ' സാങ്കേതിക വിദ്യ കുറഞ്ഞ ചെലവിൽ ഉപയോഗിക്കുന്നുണ്ട്. ഇതു മാതൃകയാക്കിയാണ് ഇന്ത്യയുടെ നീക്കം.

ഫൈനൽ പോരാട്ടത്തിൽ റഫറിമാരുടെ ചില തീരുമാനങ്ങൾ ഞെട്ടിച്ചെന്നും ബെംഗളൂരു എഫ്‌സി ഉടമ വ്യക്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബെംഗളൂരുവിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് എടികെ മോഹൻ ബഗാൻ കിരീടം ഉയർത്തിയത്.

ഒപ്പത്തിനൊപ്പം പൊരുതിയ ബെംഗളൂരു എഫ്‌സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 43നാണ് എടികെ തോൽപിച്ചത്. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 22 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ബെംഗളൂരുവിന്റെ ബ്രൂണോ റെമീറസ് എടുത്ത മൂന്നാം കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടഞ്ഞപ്പോൾ പാബ്ലോ പെരസിന്റെ അഞ്ചാം കിക്ക് പോസ്റ്റിനു പുറത്തേക്ക് പോയി.