സാവോ പോളോ: ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ പാലിയേറ്റിവ് കെയർ പരിചരണത്തിലാണെന്ന പ്രചാരണം നിഷേധിച്ച് മകൾ ഫ്‌ളാവിയ നാസിമെന്റോ. വൻകുടലിൽ അർബുദം ബാധിച്ച് ചികിത്സയിലുള്ള 82കാരനായ പെലെ അതിഗുരുതരാവസ്ഥയിലാണെന്നും ജീവിതാവസാന പരിചരണത്തിലാണെന്നുമുള്ള റിപ്പോർട്ടുകൾ തള്ളിയാണ് മകളുടെ പ്രതികരണം.

'അദ്ദേഹം മരണാസന്നനാണെന്നും പാലിയേറ്റിവ് കെയറിലാണെന്നുമുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഞങ്ങളെ വിശ്വസിക്കൂ' ഗ്ലോബോ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. വൻകുടലിലെ അർബുദത്തിന് പൂർണമായ ശമനമില്ലാത്തതിനാൽ മരുന്നുകൾ ക്രമീകരിച്ച് വരികയാണെന്നും ഫ്‌ളാവിയ പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അണുബാധക്കുള്ള ചികിത്സയോട് പെലെ നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് സാവോ പോളോയിലെ ആൽബർട്ട് ഐൻസ്‌റ്റൈൻ ഹോസ്പിറ്റൽ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചത്.

കീമോതെറപ്പി പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാൽ അദ്ദേഹം സാന്ത്വന പരിചരണത്തിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ. പെലെയുടെ വൻകുടലിൽനിന്ന് 2021 സെപ്റ്റംബറിൽ മുഴ നീക്കം ചെയ്തിരുന്നു. ഇതിന്റെ തുടർചികിത്സ നടക്കുകയാണ്.

പെലെക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് ബാധിച്ചിരുന്നെന്നും ഇത് ശ്വാസകോശ സംബന്ധമായ അണുബാധയിലേക്ക് നയിച്ചതായും പെലെയുടെ മറ്റൊരു മകളായ കെലി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. 'അദ്ദേഹം രോഗിയാണ്, പ്രായമുണ്ട്, ഇപ്പോൾ ശ്വാസകോശ സംബന്ധമായ അണുബാധക്ക് ചികിത്സയിലാണ്, സുഖം പ്രാപിച്ചാൽ വീട്ടിലേക്ക് മടങ്ങും' കെലി പറഞ്ഞു.

ഡിസംബർ മൂന്നിന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. പെലെയുടെ ഇൻസ്റ്റഗ്രാമിലും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചികിത്സ പുരോഗമിക്കുന്നതായും താൻ ഏറെ പ്രതീക്ഷയിലാണെന്നും പോസ്റ്റിൽ പറയുന്നു. അതോടൊപ്പം, എല്ലാവരുടെയും സ്നേഹത്തിന് അദ്ദേഹം നന്ദി അറിയിക്കുന്നുമുണ്ട്.

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോർത്ത് ആശങ്ക വേണ്ടെന്ന് ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ. പതിവായി നടത്താറുള്ള പരിശോധനകളാണ് നടത്തുന്നതെന്നും എല്ലാവരും സമാധാനത്തോടെയും പോസിറ്റീവും ആയി ഇരിക്കണമെന്നും അദ്ദേഹം ഔദ്യോഗിക ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

'സുഹൃത്തുക്കളേ, എല്ലാവരും സമാധാനമായും പോസിറ്റീവായും ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ശക്തനാണ്. പതിവു ചികിത്സ തുടർന്നു വരുന്നു. എനിക്കു നൽകിയ പരിചരണത്തിന് മുഴുവൻ മെഡിക്കൽ,നഴ്‌സിംങ് ടീമിനും നന്ദി പറയുന്നു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും എനിക്ക് ലഭിക്കുന്ന സ്‌നേഹവും സന്ദേശവും എന്നെ ഊർജ്വ സ്വലനാക്കുന്നു. ലോകകപ്പിലെ ബ്രസീലിന്റെ പോരാട്ടം കാണുക' - പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം കാൻസർ രോഗബാധിതനായ പെലെയെ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന് ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ചികിത്സകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആരോഗ്യസ്ഥിതി വഷളായിട്ടില്ല എന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസുഖം മൂർഛിച്ചതിനെത്തുടർന്ന് 82 കാരനായ പെലെയെ സാവോപോളോയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ ആശങ്കയിലായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെലെക്ക് രോഗാശാന്തി നേർന്ന് ആരാധകർ രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന ബ്രസീൽ-കാമറൂൺ മത്സരത്തിന് മുമ്പായിരുന്നു ലുസൈൽ സ്‌റ്റേഡിയത്തിൽ ആരാധകർ 'പെലെ ഗെറ്റ് വെൽ സൂൺ' എന്ന സന്ദേശവുമായി ചിത്രം പതിച്ച കൂറ്റൻ ബാനർ ഗാലറിയിൽ പ്രദർശിപ്പിച്ചത്. ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയ താരമാണ് പെലെ. മൂന്ന് ലോകകിരീടങ്ങൾ നേടിയ ഏക താരവും പെലെയാണ്.