പാരിസ്: ലോകകപ്പിന് പിന്നാലെ ഫ്രഞ്ച് ലീഗിൽ ആദ്യ പോരാട്ടത്തിന് ഇറങ്ങിയ പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മർക്ക് കനത്ത തിരിച്ചടി. പെനൽറ്റി ബോക്‌സിൽ വീണ് ഫൗൾ നേടാൻ ശ്രമിച്ചതിന്റെ പേരിൽ ചുവപ്പ് കാർഡ് കണ്ട് താരം പുറത്തായി. സ്ട്രാസ്‌ബെർഗിനെതിരായ മത്സരത്തിലാണ് താരത്തിന് രണ്ടാം യെല്ലോ കാർഡ് ലഭിച്ചത്.

മത്സരത്തിന്റെ 61ാം മിനിറ്റിൽ സ്ട്രാസ്‌ബെർഗ് താരം തോമസണിനെതിരായ ഒരു ഫൗളിനെ തുടർന്ന് താരത്തിന് ആദ്യം യെല്ലോ കാർഡ് ലഭിച്ചിരുന്നു. പെനൽറ്റി ഏരിയയിൽ ഗ്രൗണ്ടിൽവീണു ഫൗളിനുള്ള ശ്രമം നടത്തിയതോടെയാണ് താരത്തിനു രണ്ടാം യെല്ലോ കാർഡ് കിട്ടിയത്. 62ാം മിനിറ്റിലായിരുന്നു നെയ്മറുടെ പുറത്താകൽ. രണ്ടാമത്തെ മഞ്ഞക്കാർഡ് താരം ബോക്‌സിനുള്ളിൽ ഡൈവിങ് നടത്തിയതിനായിരുന്നു.

പ്രകടനത്തിൽ നിരാശയുണ്ടെങ്കിലും ഫ്രഞ്ച് ലീഗിൽ ജൈത്രയാത്ര തുടരുകയാണ് പിഎസ്ജി. ഒന്നിനെതിരെ രണ്ട് ഗോളിന് സ്‌ട്രോസ്‌ബെർഗിനെ തോൽപ്പിച്ചാണ് ടീം കരുത്ത് കാട്ടിയത്. മാർക്വീഞ്ഞോസും കിലിയൻ എംബപ്പെയുമാണ് ഗോളുകൾ നേടിയത്. 14-ാം മിനിറ്റിൽ തന്നെ ബ്രസീലിയൻ കോംബിനേഷനിലൂടെ പിഎസ്ജി മുന്നിലെത്തി. നെയ്മറിന്റെ ഫ്രീക്കിക്കിൽ തലവെച്ച മാർക്വീഞ്ഞോസ് വലകുലുക്കുകയായിരുന്നു.

51ാം മിനിറ്റിൽ മാർക്വിഞ്ഞോസിന്റെ സെൽഫ് ഗോൾ സ്ട്രാസ്ബർഗിനെ ഒപ്പമെത്തിച്ചെങ്കിലും 96ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ സ്‌ട്രോസ്‌ബെർഗ് കളിയിലേക്ക് തിരിച്ച് വന്നു. തോമാസ്സണിന്റെ ഒരു ക്രോസ് തടുക്കാനുള്ള മാർക്വീഞ്ഞോസിന്റെ ശ്രമം ഓൺഗോളിലാണ് 51-ാം മിനിറ്റിൽ കലാശിച്ചത്. പിന്നെ വിജയ ഗോളിനുള്ള ശ്രമം പിഎസ്ജി തുടങ്ങി. ഇതിനിടെ നെയ്മറിന് ചുവപ്പ് കാർഡ് കണ്ടത് ടീമിന് വലിയ ക്ഷീണമായി.

ഒടുവിൽ കളി സമനിലയിലേക്ക് എന്ന് തോന്നിച്ചപ്പോൾ എക്‌സ്ട്രാ ടൈമിൽ പിഎസ്ജിക്ക് പെനാൽറ്റി ലഭിക്കുകയായിരുന്നു. ഇത് എംബാപ്പെ ലക്ഷ്യത്തിൽ എത്തിച്ചതോടെയാണ് ഫ്രഞ്ച് കരുത്തർക്ക് ശ്വാസം കിട്ടിയത്. ലോകകപ്പിന് ശേഷം നെയ്മറിനെ ഒഴിവാക്കണമെന്ന് എംബാപ്പെ ക്ലബ്ബിനോട് ആവശ്യം ഉന്നയിച്ചുവെന്നുള്ള റിപ്പോർട്ടുകൾ ചർച്ച ചെയ്യപ്പെടുന്ന സമയത്ത് നടന്ന മത്സരം ലോക ശ്രദ്ധയാകർഷിച്ചിരുന്നു.

ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഒരു അസിസ്റ്റ് ഉൾപ്പെടെ ഭേദപ്പെട്ട പ്രകടനം തന്നെയാണ് നെയ്മർ നടത്തിയത്. 14ാം മിനിറ്റിൽ മാർക്വീഞ്ഞോസിന്റെ ഗോളിന് വഴിയൊരുക്കിയതും നെയ്മറാണ്. നെയ്മാറിന്റെ ഫ്രീകിക്കിൽ ഹെഡ് ചെയ്താണ് ബ്രസീൽ താരം ഗോൾ കണ്ടെത്തിയത്. സീസണിൽ നെയ്മാറിന്റെ 13ാം അസിസ്റ്റാണിത്. 21 മത്സരങ്ങളിൽനിന്ന് 15 ഗോളാണ് നെയ്മർ പിഎസ്ജിക്കായി ഈ സീസണിൽ അടിച്ചത്.