ദോഹ: ലോക കിരീടം ചൂടി മടങ്ങിയ അർജന്റൈൻ നായകൻ ലയണൽ മെസിയെ ആദരിച്ച് ഖത്തർ. ലോകകപ്പിനായി എത്തിയപ്പോൾ മെസി താമസിച്ച മുറി ഖത്തർ മ്യൂസിയമാക്കി.

ഖത്തറിലെത്തിയ അർജന്റൈൻ ടീം ആഡംബര ഹോട്ടലിലെ താമസ സൗകര്യം വേണ്ടെന്ന് വെച്ചിരുന്നു. പകരം സർവകലാശാല ഹാളുകളിലൊന്നിലാണ് അർജന്റൈൻ കളിക്കാർ താമസിച്ചത്. ബീഫ് ബാർബിക്യു ഉണ്ടാക്കുന്നതിനുള്ള സൗകര്യങ്ങൾക്ക് കൂടി വേണ്ടിയാണ് സർവകലാശാലയിൽ തങ്ങാൻ അർജന്റൈൻ ടീം തീരുമാനിച്ചത്.

 

2,000 പൗണ്ട് ബീഫ് ആണ് അർജന്റീന കളിക്കാർക്കായി ഖത്തറിലേക്ക് കൊണ്ടുവന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി ഷെഫും അർജന്റൈൻ സംഘത്തിനൊപ്പമുണ്ടായി.

ഈ സർവകലാശാലയിൽ മെസി താമസിച്ച മുറിയാണ് മ്യൂസിയമാക്കുന്നത്. എന്നാൽ മ്യൂസിയത്തിനുള്ളിലെ പ്രത്യേകതകൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് റിപ്പോർട്ടുകളൊന്നും പുറത്തു വന്നിട്ടില്ല.