ദോഹ: ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ഫുട്‌ബോൾ ലോകം ഒരുങ്ങിക്കഴിഞ്ഞു. കരുത്തുറ്റ നിരയുമായി ലോകകപ്പ് പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് പ്രമുഖ രാജ്യങ്ങൾ. പ്രവചനങ്ങളും വിലയിരുത്തലുകളുമായി വിദഗ്ധരും ആരാധകരും ഒരുപോലെ രംഗത്തുണ്ട്. അതേ സമയം ഖത്തറിൽ ലോകകപ്പ് നേടാൻ സാധ്യതയുള്ള രണ്ടു ടീമുകളെ പ്രവചിക്കുകയാണ് അർജന്റൈൻ നായകനും സൂപ്പർ താരവുമായ ലയണൽ മെസി.


അപരാജിത കുതിപ്പ് തുടരുന്ന അർജന്റീന ഇത്തവണ കപ്പ് നേടുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുമ്പോൾ മെസിയുടെ പ്രവചനം അർജന്റൈൻ ആരാധകർക്ക് ഒട്ടും സന്തോഷം പകരുന്നില്ല. ഇത്തവണ കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളായി അദ്ദേഹം പ്രവചിക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനേയും മുൻ ചാമ്പ്യന്മാരും ചിരവൈരികളുമായ ബ്രസീലിനേയുമാണ്.

ലോകകപ്പിൽ നിരവധി വമ്പൻ ടീമുകൾ മത്സരിക്കുന്നുണ്ട്. ഇംഗ്ലണ്ട്, ജർമനി, സ്പെയിൻ ഉൾപ്പെടെയുള്ള ടീമുകൾ ശക്തരാണ്. എന്നാൽ ഇത്തവണ ബ്രസീലും ഫ്രാൻസും ശക്തരാണ്. മികച്ച നിരയാണ് രണ്ട് രാജ്യങ്ങൾക്കായും അണിനിരക്കുന്നത്. ദീർഘകാലമായി ഒരുമിച്ച് കളിക്കുന്ന ഒരു കൂട്ടം കളിക്കാരുണ്ടെന്നത് രണ്ട് ടീമുകളുടേയും സവിശേഷതയാണെന്നും മെസി പറയുന്നു.

കിരീടം നിലനിർത്താനാണ് ഫ്രാൻസ് ഖത്തറിൽ എത്തുന്നതെങ്കിൽ 20 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കുകായണ് ബ്രസീലിന്റെ ലക്ഷ്യം. 2002-ൽ കൊറിയയും ജപ്പാനും സംയുക്തമായി ആഥിധേയത്വം വഹിച്ച ലോകകപ്പിലാണ് ബ്രസീൽ അവസാനമായി ജേതാക്കളായത്. ഫൈനലിൽ ജർമനിയെയാണ് അന്ന് അവർ കീഴടക്കിയത്. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവർക്കൊപ്പമാണ് ബ്രസീൽ.

ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ എന്നിവരാണ് ഫ്രാൻസിനൊപ്പമുള്ളത്. അതേസമയം ഇത്തവണ കപ്പ് നേടാൻ സാധ്യതയുള്ളവരായി ഫുട്ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്ന അർജന്റീനയാകട്ടെ ഗ്രൂപ്പ് സിയിൽ സൗദി അറേബിയ, മെക്സികോ, പോളണ്ട് എന്നിവർക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ പോരിനിറങ്ങുന്നത്. കഴിഞ്ഞ വർഷം കോപ്പ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ച് കിരീടം നേടിയ മെസിയും സംഘവും പിന്നീട് യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ തകർത്ത് ഫൈനലിസിമയിലും ജേതാക്കളായിരുന്നു.