ദോഹ: ആരാധകരേ ശാന്തരാകുവിൻ..ഇത് പറയാൻ ഖത്തറിലേക്കെത്തുക ബ്രിട്ടണിലെ സമാധാന പാലനത്തിന് രൂപീകരിച്ചിട്ടുള്ള പ്രത്യേക സേനാംഗങ്ങളാവും.ഇതിനായി പീസ്‌കീപ്പേഴ്‌സ് എന്ന പേരിൽ 15 പൊലീസ് സേനാംഗങ്ങളുള്ള സംഘമാവും ഖത്തറിലെ ലോകകപ്പ് വേദികളിലേക്ക് എത്തുക.അതിരുകടന്ന ആവേശം കാണിക്കുന്ന ആരാധകരെ പിന്തിരിപ്പിച്ച് അവരെ അറസ്റ്റിൽ നിന്നും ഒഴിവാക്കുകയാണ് സമാധാന പാലക സംഘമായ സപ്പോർട്ടേഴ്‌സ് എൻഗേജ്‌മെന്റ് ഫോഴ്‌സെന്ന സംഘത്തിന്റെ ശ്രമം.

ഇതാദ്യമായാണ് ബ്രിട്ടൺ ഒരു ലോകകപ്പ് വേദിയിലേക്ക് തങ്ങളുടെ പൊലീസ് സേനയെ സുരക്ഷക്കായി നിയോഗിക്കുന്നത്.ബ്രിട്ടനിലും വെയിൽസിൽ നിന്നും ഏകദേശം 7000 ആരാധകരാണ് ഖത്തറിലേക്ക് കളികാണാൻ വണ്ടികയറുന്നത്.കൂടാതെ 20000 ബ്രിട്ടീഷുകാരായ പ്രവാസികളേയും ഖത്തറിലെ വേൾഡ് കപ്പ് വേദികളിൽ പ്രതീക്ഷിക്കുന്നുണ്ട്.ഇതിനാൽ തന്നെ ഫുട്‌ബോൾ പൊലീസിങ് എങ്ങനെയാണെന്ന് ഖത്തറിൽ തങ്ങൾ മാതൃക കാട്ടുമെന്നാണ് ബ്രിട്ടനിൽ നിന്നുള്ള പൊലീസ് മേധാവി മാർക്ക് റോബർട്ട്‌സ് പറയുന്നത്.

ബ്രിട്ടനെ കൂടാതെ ആരാധകർക്കിടയിലെ ക്രമസമാധാന പാലനത്തിനായി പാക്കിസ്ഥാൻ,തുർക്കി എന്നിവിടങ്ങളിൽ നിന്നടക്കമുള്ള പൊലീസ് സേനയും ഖത്തറിലുണ്ടാവും.അടിച്ച് പൂസായി മത്സരം കൊഴുപ്പിക്കാമെന്ന് കരുതുന്ന ആരാധകർക്കാവും ഖത്തർ ലോകകപ്പിൽ എട്ടിന്റെ പണി കിട്ടുക.ഫാൻ സോണുകൾക്ക് പുറത്ത് മദ്യം കഴിക്കുന്നതിനും അസഭ്യം പറയുന്നതിനും കടുത്ത ശിക്ഷയാണ് ഇസ്ലാമിക രാജ്യമായ ഖത്തറിൽ ഉണ്ടാവുക.അറസ്സിലേക്ക് നയിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

നവംബർ 20 നാണ് ഖത്തറിൽ ഫുട്‌ബോൾ ലോകപോരാട്ട്ത്തിന് പന്തുരുളുക.ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ഫിഫ ഖത്തർ ലോകകപ്പിന് തുടക്കമാകുന്നത്.20ന് വൈകിട്ട് 7.00ന് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത്. നേരത്തെ നവംബർ 21 നായിരുന്നു ലോകകപ്പിന് തുടക്കമിടാൻ നിശ്ചയിച്ചിരുന്നത്. അന്നേ ദിവസം രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷമാണ് ആതിഥേയരായ ഖത്തറിന്റെ മത്സരം ഉദ്ഘാടന മത്സരമാക്കിയത്.

എന്നാൽ അറബ് ലോകത്തെ പ്രഥമ ലോകകപ്പ് ആയതിനാൽ ആതിഥേയ രാജ്യമായ ഖത്തറിന്റെ ലോകകപ്പ് മത്സരം ആദ്യം തന്നെ ഒറ്റ ഇവന്റായി നടത്തണമെന്ന ഖത്തറിന്റെ ആവശ്യപ്രകാരമാണ് ഒരു ദിവസം മുൻപേ ലോകകപ്പ് തുടങ്ങാൻ ഫിഫ ബ്യൂറോ കൗൺസിൽ തീരുമാനിച്ചത് എന്നാണ് വിവരം. വിശദമായ വിലയിരുത്തലിന് ശേഷമാണ് പ്രഖാപനം.

പുതിയ ഭേദഗതി പ്രകാരം 21ന് ഉച്ചയ്ക്ക് 1.00ന് നടക്കേണ്ടിയിരുന്ന സെനഗലും നെതർലന്റും തമ്മിലുള്ള മത്സരം വൈകിട്ട് 7.00 ലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്റ്റേറ്റസ്, ട്രാൻസ്ഫർ ഓഫ് പ്ലയേഴ്‌സ് എന്നിവ സംബന്ധിച്ച ചട്ടങ്ങൾ മുൻനിശ്ചയിച്ചതു പ്രകാരം തന്നെ നവംബർ 14 തന്നെയായിരിക്കും. റീ-ഷെഡ്യൂൾ ചെയ്ത മത്സരങ്ങൾ സംബന്ധിച്ച വിവരങ്ങൾ മത്സര ടിക്കറ്റ് എടുത്തവർക്ക് ഇ-മെയിൽ മുഖേന അറിയിക്കും. നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുക.