- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ വർഷത്തെ ലോറസ് പുരസ്‌കാരത്തിന് അർഹൻ മെസിയാണ്''; 'പ്രവചിച്ചത്' മറ്റാരുമല്ല, സാക്ഷാൽ റാഫേൽ നദാൽ; കായികരംഗത്തെ ഓസ്‌കാർ ഇത്തവണ അർജന്റീന നായകൻ നേടുമോ? അന്തിമ പട്ടികയിൽ നദാലും എംബാപ്പെയുമുൾപ്പെടെ അഞ്ചുപേർ
പാരീസ്: ഈ വർഷത്തെ ലോറസ് പുരസ്‌കാരം അർജന്റീനയ്ക്ക് ഫിഫ ലോകകപ്പ് നേടിക്കൊടുത്ത നായകൻ ലയണൽ മെസി സ്വന്തമാക്കുമെന്ന പ്രവചനവുമായി ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ. മികച്ച താരത്തിനുള്ള ലോറസ് ചുരുക്കപ്പട്ടികയിൽ മെസിക്കൊപ്പം നദാലും ഉൾപ്പെട്ടിട്ടുണ്ട് എന്നിരിക്കേയാണ് സ്പാനിഷ് ടെന്നിസ് ഇതിഹാസത്തിന്റെ വാക്കുകൾ.
ലോറസ് അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ട്. പക്ഷേ, ഈവർഷത്തെ പുരസ്‌കാരത്തിന് അർഹൻ ലയണൽ മെസിയാണെന്ന് നദാൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. നദാലിന് ഒൻപതാം തവണയും മെസിക്ക് എട്ടാം തവണയുമാണ് ലോറസ് നോമിനേഷൻ കിട്ടുന്നത്.
കായികരംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് അവാർഡ് നേടിയ ഏക ഫുട്‌ബോളറാണ് മെസി. 2020ൽ പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിൽ ഫോർമുല വൺ ഇതിഹാസം ലൂയിസ് ഹാമിൽട്ടണിന് ഒപ്പം മെസി പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു.
ചരിത്രത്തിലാദ്യമായാണ് മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരത്തിന് രണ്ട് അവകാശികളുണ്ടായത്. നദാൽ മൂന്ന് തവണ ലോറസ് അവാർഡ് നേടിയിട്ടുണ്ട്. 2020ൽ മെസി പുരസ്‌കാരം നേടുമ്പോൾ നദാൽ അന്തിമ പട്ടികയിലുണ്ടായിരുന്ന താരമാണ്.
ലോറസ് പുരസ്‌കാരങ്ങൾക്കുള്ള ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലയണൽ മെസി, കിലിയൻ എംബാപ്പേ, റാഫേൽ നദാൽ, സ്റ്റെഫ് കെറി, മാക്സ് വെർസ്റ്റപ്പൻ, മോൻഡോ ഡുപ്ലാന്റിസ് എന്നിവരാണ് മികച്ച പുരുഷ താരത്തിനുള്ള അവാർഡിലെ ഫൈനലിസ്റ്റുകൾ.
ഷെല്ലി ആൻ ഫ്രേസർ, കെയ്റ്റ് ലെഡെക്കി, സിഡ്‌നി മക്ലോഗ്‌ലിൻ ലെവ്രോൺ, അലക്സിയ പ്യൂറ്റിയാസ്, മികേല ഷിഫ്രിൻ, ഇഗ ഷ്വാൻടെക് എന്നിവരാണ് മികച്ച വനിതാ താരത്തിനുള്ള ഫൈനലിസ്റ്റുകൾ. ടീം ഓഫ് ദി ഇയർ പുരസ്‌കാരത്തിനായി അർജന്റൈൻ ഫുട്‌ബോൾ ടീം, ഇംഗ്ലണ്ട് വനിതാ ഫുട്‌ബോൾ ടീം, ഫ്രാൻസ് റഗ്‌ബി ടീം, റയൽ മാഡ്രിഡ് എന്നിവർ അന്തിമ പട്ടികയിലുണ്ട്.
വീണ്ടും ഫ്രഞ്ച് ഓപൺ കിരീടം നേടി ചരിത്രം കുറിച്ച നദാലിന് 2022 മികച്ച നേട്ടമാണ് സമ്മാനിച്ചത്. പോൾവാൾട്ടിൽ ഇൻഡോർ, ഔട്ട്‌ഡോർ ലോക റെക്കോഡുകാരനാണ് സ്വീഡിഷ്-അമേരിക്കൻ പോൾവാൾട്ടറായ ഡുപ്ലാന്റിസ്. 2022ൽ റെഡ്ബുളിനായി റേസിങ് ട്രാക്കിലിറങ്ങി ലോക ചാമ്പ്യൻ പട്ടം നേടിയ താരമാണ് വെസ്താപ്പൻ.
എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബാൾ താരങ്ങളിൽ ഒരാളായി പരിഗണിക്കപ്പെടുന്നയാളാണ് അമേരിക്കൻ പ്രഫഷനൽ ബാസ്‌കറ്റ് ബാളിൽ ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്‌സിന്റെ ഷൂട്ടറായ സ്റ്റീഫൻ കറി. 2022ൽ ടീമിനെ എൻ.ബി.എ (നാഷനൽ ബാസ്‌കറ്റ്ബാൾ അസോസിയേഷൻ) ചാമ്പ്യന്മാരാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കാണ് വഹിച്ചത്.
ലോകകപ്പ് ഫുട്ബാളിൽ ഫ്രാൻസിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ടൂർണമെന്റിൽ ടോപ് സ്‌കോറർ കൂടിയായിരുന്ന കിലിയൻ എംബാപ്പെ. ഏഴ് ഗോളും മൂന്നും അസിസ്റ്റുമായി അർജന്റീനയെ ലോകകപ്പിൽ ചാമ്പ്യന്മാരാക്കിയ പ്രകടനമാണ് ലയണൽ മെസ്സിക്ക് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.
സ്പോർട്സ് ഡെസ്ക്