കോഴിക്കോട്: വലിയൊരു ഫുട്‌ബോൾ താരമാകണമെന്നാഗ്രഹിച്ച മനുഷ്യനാണ് അബ്ദുൾ റഹ്മാൻ. ചങ്ങനാശേരി എസ് എൻ സ്പോർട്സ് ഡിവിഷൻ ക്ലബ്ബിൽ കുരികേശ് മാത്യുവിനൊപ്പം കളിച്ച റഹ്മാൻ, ആ ടീമിന്റെ ഗോൾ കീപ്പറായിരുന്നു. അന്ന് കെ ടി ചാക്കോ രണ്ടാം ഗോളിയായിരുന്നു. തുടർച്ചയായ പരിക്ക് റഹ്മാനെ തളർത്തി, പതിയെ കളത്തിൽ നിന്ന് ഔട്ടായി. ഒപ്പം കളിച്ചവർ രാജ്യത്തിന് വേണ്ടി കളിച്ചപ്പോൾ റഹ്മാൻ ഫുട്‌ബോളിന്റെ പ്രചാരകന്റെ വേഷത്തിലേക്ക് മാറി. 1992,1993 ൽ കേരളം സന്തോഷ് ട്രോഫി ഉയർത്തുമ്പോഴും എഫ് സി കൊച്ചിൻ ഡ്യുറൻഡ് ഉയർത്തുമ്പോഴും വിവ കേരള കരുത്തറിയിച്ച കാലത്തും റഹ്മാൻ ആ ടീമുകളുടെ ബാക്ക് സ്റ്റാഫായി ഒപ്പമുണ്ടായിരുന്നു.

കളിക്കളത്തിൽ നിന്ന് ഫുട്‌ബോൾ പ്രചാരകന്റെ വേഷത്തിലേക്ക് മാറിയപ്പോഴും അദ്ദേഹം ഫുട്‌ബോളിനെ നെഞ്ചിലേറ്റി. അപ്പോഴും ഒരു സ്വപ്നമുണ്ടായിരുന്നു അബ്ദുൾ റഹ്മാൻ എന്ന ഈ ഫുട്‌ബോൾ പ്രേമിക്ക്. ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണമെന്ന ആ ആഗ്രഹം സാധ്യമാകാൻ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് ഫുട്‌ബോൾ പ്രേമികളുടെ പ്രിയപ്പെട്ട റഹ്മാൻക്ക.

ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് കോഴിക്കോട് നടന്ന ചടങ്ങിൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ രക്ഷാധികാരിയും പ്രവാസിയുമായ ശ്രീകുമാർ കോർമത്തിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. നവംബർ 22ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കുന്ന കേരളത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിന്റെ ഭാഗമായ റഹ്മാന് ഖത്തറിൽ ലോകകപ്പ് മത്സരം കാണുവാൻ മത്സരടിക്കറ്റും ഹയാ കാർഡും ഒരുക്കി മറ്റൊരു പ്രവാസി ഫിറോസ് നാട്ടുകാത്തിരിക്കുന്നുണ്ട്.

റഹ്മാൻക്കയെ പോലെ ഫുട്‌ബോളിനെ ആത്മാർഥമായി സ്‌നേഹിക്കുന്നവർ ലോകകപ്പ് കാണട്ടെ, അതിൽപ്പരം ചാരിതാർഥ്യം മറ്റൊന്നില്ലെന്നാണ് മൊസാഫർ ട്രാവൽസിന്റെ ജനറൽ മാനേജറായ ഫിറോസ് നാട്ടുവിന്റെ പ്രതികരണം. ശ്രീകുമാർ കോർമത്ത് സോഷ്യൽ മീഡിയയിലൂടെയാണ് റഹ്മാനെക്കുറിച്ച് അറിഞ്ഞത്. ഫുട്‌ബോളാകട്ടെ നമ്മുടെ ലഹരി എന്ന ക്യാമ്പയിനുമായി മുന്നോട്ട് പോകുന്ന റഹ്മാനെ പ്രോത്സാഹിപ്പിക്കണമെന്ന് തോന്നിയപ്പോൾ ലോകകപ്പ് വേദിയിലേക്ക് സഞ്ചരിക്കാനും തിരിച്ച് നാട്ടിലേക്ക് മടങ്ങാനുമുള്ള വിമാന ടിക്കറ്റ് കൈാറുകയായിരുന്നു.

കേരളം രണ്ട് തവണ സന്തോഷ് ട്രോഫി നേടുമ്പോഴും എഫ് സി കൊച്ചിൻ ഡ്യുറൻഡ് കപ്പ് ഉയർത്തുമ്പോഴും ആ ടീമുകൾക്കൊപ്പം ജീവനാഢിയായി അബ്ദുൽ റഹ്മാൻ ഉണ്ടായിരുന്നു. കളിക്കാരനാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയ കരിയറിനെ പരിക്കെടുത്തപ്പോൾ റഹ്മാൻ ടീം ഫിസിയോയുടെയും കിറ്റ്മാന്റെയും റോളിൽ കേരള ടീമുകളുടെ ഭാഗമായി.

ക്യാപ്റ്റൻ വി പി സത്യൻ, ഐ എം വിജയൻ തുടങ്ങിയ താരങ്ങളുമായി വളരെ അടുപ്പം സൂക്ഷിച്ച റഹ്മാൻ ആ ബന്ധങ്ങളൊന്നും തന്റെ ജീവിതപ്രതിസന്ധി പരിഹരിക്കാൻ ഉപയോഗപ്പെടുത്തിയില്ല. സന്തോഷ് ട്രോഫി നേടിയപ്പോൾ ആ കപ്പെടുത്ത് സത്യൻ റഹ്മാന്റെ തലയിൽ വെച്ച് കൊടുത്തതാണ് റഹ്മാൻ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി കാണുന്നത്. ലോകകപ്പ് ടിക്കറ്റ് സ്വീകരിച്ചപ്പോൾ, മറ്റൊരു ജീവിതനിമിഷം കൂടി സാധ്യമായതിന്റെ ത്രില്ലിൽ ആ കണ്ണുകൾ ഈറനണിഞ്ഞു.

എഫ് സി കൊച്ചിൻ തുടങ്ങിയത് മുതൽ പൂട്ടുന്നത് വരെ റഹ്മാൻ ആ ക്ലബ്ബിനൊപ്പമുണ്ടായിരുന്നു. പിന്നീട്, പയ്യന്നൂരിലേക്ക് പോന്ന റഹ്മാൻ അവിടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കാൻ തുടങ്ങി. ചെറിയ വരുമാനം, ചെറിയ ജീവിതം. ഇതിൽ നിന്ന് ലഭിക്കുന്ന കാശിൽ പകുതിയും ഫുട്‌ബോളിന് വേണ്ടി തന്നെയാണ് റഹ്മാൻ ചെലവഴിച്ചത്. ഐ ലീഗും, ഐ എസ് എല്ലും മറ്റ് ഫുട്‌ബോൾ ടൂർണമെന്റുകളും കാണുവാൻ റഹ്മാൻ സൈക്കിളിൽ പറന്നെത്തും. അവിടെ ഫുട്‌ബോളുമായി ചെറിയ ട്രിക്കുകൾ നടത്തി, ഫുട്‌ബോളിന്റെ വേതനം പറ്റാത്ത ലോകപ്രചാരകനായി അവതരിക്കും. ലോകകപ്പ് ആരംഭിക്കാനിരിക്കെ വേറിട്ട പ്രചാരണവുമായി റഹ്മാൻ രംഗത്തുണ്ട്. ഫുട്‌ബോളാകട്ടെ നമ്മുടെ ലഹരി എന്ന പ്രചരണവുമായി സൈക്കിളിൽ സഞ്ചരിക്കുകയാണ് ഇദ്ദേഹമിപ്പോൾ. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ചിരകാല സ്വപ്നവും യാഥാർത്ഥ്യമാകാൻ പോകുന്നത്.