പാരീസ്: രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസ് പ്രതിരോധതാരം റാഫേൽ വരാനെ. ലോകകപ്പിലെ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കൽ തീരുമാനം അറിയിച്ചത്. ഫ്രഞ്ച് ഗോളിയും നായകനുമായിരുന്ന ഹ്യൂഗോ ലോറിസിനു പിന്നാലെയാണ് റാഫേൽ വരാനെയും വിരമിക്കൽ പ്രഖ്യാപിക്കുന്നത്. അടുത്തിടെയായി താരത്തെ പരിക്ക് അലട്ടിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കാനുള്ള തീരുമാനം ആരാധകരെ അറിയിച്ചത്.

'ഒരു ദശാബ്ദക്കാലം നമ്മുടെ മനോഹരമായ രാജ്യത്തെ പ്രതിനിധീകരിക്കാനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്' -വരാനെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഓരോ തവണയും ആ പ്രത്യേക നീല ജഴ്സി ധരിക്കുമ്പോൾ എനിക്ക് വലിയ അഭിമാനം തോന്നി. ഹൃദയം കൊണ്ട് കളിക്കാനും കളത്തിലിറങ്ങുമ്പോഴെല്ലാം ജയിക്കാനും ഞാൻ സ്വയം സമർപ്പിച്ചു. ഞാൻ കുറച്ച് മാസങ്ങളായി അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു, അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ കരുതുന്നതായും വരാനെ വ്യക്തമാക്കി.

 
 
 
View this post on Instagram

A post shared by Raphael Varane (@raphaelvarane)

10 വർഷമായി ദേശീയ ടീമിനൊപ്പമുള്ള താരം, 2018ലെ റഷ്യൻ ലോകകപ്പ് കിരീടം നേടിയ ഫ്രഞ്ച് ടീമിലും ഖത്തർ ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ടീമിലും അംഗമായിരുന്നു. 2018 ലോകകപ്പിൽ ഫ്രാൻസിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചു. ക്ലബ്ല് ഫുട്ബോളിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധത്തിലെ നിർണായക സാന്നിധ്യമാണ് ഈ 29-കാരൻ.

ലെസ് ബ്ലൂസിനായി 93 മത്സരങ്ങൾ കളിച്ചു. 2013ലാണ് ദേശീയ ടീമിന്റെ ജഴ്‌സിയണിയുന്നത്. 2022-21 സീസണിൽ ലെസ് ബ്ലൂസ് യുവേഫ നാഷൻസ് ലീഗ് കിരീടം നേടുന്നതിലും നിർണായക പങ്കുവഹിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്ലബ് ഫുട്ബാളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളി തുടരും. ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് പരാജയപ്പെട്ടത്. വരാനെ ഏതാനും മത്സരങ്ങളിൽ ദേശീയ ടീമിന്റെ നായക പദവിയും വഹിച്ചു.

ഫ്രാൻസിനായി അണ്ടർ18, അണ്ടർ 20, അണ്ടർ 21 തലത്തിൽ കളിച്ചാണ് വരാനെ ഫ്രാൻസ് സീനിയർ ടീമിലേക്ക് കടന്നുവരുന്നത്. 2013-ൽ ജോർജിയക്കെതിരേ ലോകകപ്പ് യോഗ്യതമത്സരത്തിലാണ് രാജ്യത്തിനായുള്ള അരങ്ങേറ്റം. പിന്നീടങ്ങോട്ട് ഫ്രഞ്ച് പടയുടെ പ്രതിരോധക്കോട്ടയിൽ വരാനെ ഉറച്ചുനിന്നു. 2016-ലെ യൂറോ കപ്പിൽ പരിക്ക് മൂലം താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ 2018-ലെ ലോകകപ്പ് ടീമിൽ താരം ഇടംപിടിച്ചു. ആ വർഷം ലോകകപ്പിനുപുറമേ ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മഡ്രിഡ് ടീമിലും വരാനെ അംഗമായിരുന്നു. ഒരേ വർഷം തന്നെ ലോകകപ്പ് ജേതാവും ചാമ്പ്യൻസ് ലീഗ് ജേതാവുമാകുന്ന നാലാമത്തെ മാത്രം താരമായിരുന്നു വരാനെ. 2020-21 യുവേഫ നാഷൻസ് ലീഗും നേടിയിട്ടുണ്ട്. രാജ്യത്തിനായി 93-മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം അഞ്ച് ഗോളുകളും നേടി.