മാഞ്ചെസ്റ്റർ: ക്ലബ്ബ് മാനേജ്മെന്റിനും കോച്ച് എറിക് ടെൻ ഹാഗിനുമെതിരേ ഒരു ടിവി അഭിമുഖത്തിൽ തുറന്നടിച്ചതിന് പിന്നാലെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. പരസ്പര ധാരണയോടെ താരം ക്ലബ് വിടുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി പ്രതികരിച്ചു. ഓൾഡ് ട്രാഫഡിൽ താരത്തിന്റെ പ്രകടനത്തിനു നന്ദിയുണ്ടെന്നും യുണൈറ്റഡ് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ താരവും കോച്ച് എറിക് ടെൻ ഹാഗും തമ്മിലുള്ള ശീതയുദ്ധം പരസ്യമായതിനു പിന്നാലെ പോർച്ചുഗീസ് താരത്തെ തന്റെ ടീമിൽ ആവശ്യമില്ലെന്ന് കോച്ച് ക്ലബ്ബ് ഉടമകളായ ഗ്ലേസർ കുടുംബത്തെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്ലബ്ബുമായുള്ള കരാർ വ്യവസ്ഥകൾ ക്രിസ്റ്റ്യാനോ ലംഘിച്ചെന്നും അതിനാൽ താരത്തിനെതിരേ ശക്തമായ നടപടിയുമായി യുണൈറ്റഡ് മുന്നോട്ടുപോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ താരവും ക്ലബ്ബും വഴിപിരിയുന്നത്.

പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ താരം ക്ലബ്ലിനെതിരേയും അധികൃതർക്കെതിരേയും ശബ്ദമുയർത്തിയിരുന്നു. ''എനിക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം എനിക്ക് ബഹുമാനം നൽകുന്നല്ല. എന്നെ ബഹുമാനിക്കാത്ത ഒരാളെ ഞാനൊരിക്കലും ബഹുമാനിക്കില്ല. മാനേജർ മാത്രമല്ല ക്ലബ്ബിലെ സീനിയർ എക്‌സിക്യുട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്നുപേർ എന്നെ പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും അവരതിന് ശ്രമിച്ചിരുന്നു. ഞാൻ ചതിക്കപ്പെട്ടു. അത് ഞാൻ കാര്യമാക്കുന്നില്ല. പക്ഷേ ജനങ്ങൾ സത്യം തിരിച്ചറിയണം'' - റൊണാൾഡോ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു.

സീസണിലെ ഏറെ മത്സരങ്ങളിൽ ബഞ്ചിലിരുന്ന താരം അടുത്തിടെ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും ആഞ്ഞടിച്ചത്. ലോകകപ്പ് ആരവങ്ങൾക്കിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്‌ബോൾ തറവാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പടവുകളിറങ്ങുന്നത്. യുവന്റസിൽ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ താരം ക്ലബിൽ സന്തുഷ്ടനായില്ല. ക്ലബ് വിടാൻ സിആർ7 നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോച്ചും ക്ലബും ഇതിന് അനുവദിച്ചിരുന്നില്ല.

യുണൈറ്റിൽ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടാംവരവിൽ 54 കളിയിൽ 27 തവണ വലകുലുക്കി. 2003 മുതൽ 2009 വരെയായിരുന്നു യുണൈറ്റഡിൽ റോണോയുടെ ആദ്യ കാലം. ഇറ്റാലിയൻ ക്ലബ് യുവന്റസിൽനിന്ന് കഴിഞ്ഞ വർഷമാണ് 37 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നത്. രണ്ടു വർഷത്തേക്കായിരുന്നു കരാർ. പരിശീലകൻ എറിക് ടെൻ ഹാഗിനെതിരായ അപ്രീതി പരസ്യമാക്കിയ താരം അടുത്തിടെ ടോട്ടനത്തിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങാനും വിസമ്മതിച്ചു. ഇതോടെ റൊണാൾഡോയ്‌ക്കെതിരെ ക്ലബ് നടപടിയെടുത്തിരുന്നു.