കൊച്ചി: ഗോൾകീപ്പറാവാൻ എനിക്ക് പ്രചോദനം നൽകിയത് സച്ചിൻ സുരേഷിന്റെ അച്ഛനാണ്. മകൻ ഒരു പ്രൊഫഷണൽ ഗോൾകീപ്പറായി കാണുക എന്നത് ആ അച്ഛന്റെ സ്വപ്‌നമായിരുന്നു. പ്രചോദനവും സഹായവുമായി അച്ഛൻ നിലയുറപ്പിച്ചപ്പോൾ മകൻ പെനാൽട്ടി സേവുകളിലെ പുത്തൻ പ്രതിഭാസമായി. ഐഎസ്എൽ ഫുട്‌ബോളിൽ മലയാളി യുവ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ മാജിക്ക് വീണ്ടും ചർച്ചയാകുമ്പോൾ അതിൽ അച്ഛന്റെ ഇടപെടുലകൾക്കും വലിയ പങ്കുണ്ട്.

ഒഡീഷയ്‌ക്കെതിരേ പെനാൽറ്റി തടഞ്ഞ് ടീമിനെ ജയത്തിലെത്തിച്ച സച്ചിൻ സുരേഷ് ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരേ 'ഇരട്ട' പെനാൽറ്റി സേവിങ് നടത്തി സൂപ്പർ ഹീറോയായി. മത്സരത്തിൽ ഡൈസുകെ സകായ് (32'), ദിമിത്രിയോസ് ഡയമാന്റകോസ് (88') എന്നിവരുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് 2-1 ന്റെ ജയം സ്വന്തമാക്കി. 85-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ഈസ്റ്റ് ബംഗാൾ താരത്തിനെ ഫൗൾ ചെയ്ത സച്ചിനെതിരേ റഫറി പെനാൽറ്റി വിധിച്ചു. ക്ലെയ്ട്ടൻ സിൽവ എടുത്ത കിക്ക് സച്ചിൻ കൈപ്പിടിയിലൊതുക്കി.

എന്നാൽ, ബ്ലാസ്റ്റേഴ്‌സ് താരം ലൈൻ മുറിച്ചു കടന്നു എന്ന കാരണത്താൽ റഫറി പെനാൽറ്റി വീണ്ടും എടുക്കാൻ വിധിച്ചു. ക്ലെയ്ട്ടന്റെ രണ്ടാം കിക്ക് സച്ചിൻ തടഞ്ഞു, റീബൗണ്ട് വീണ്ടും ക്ലെയ്ട്ടൻ ഗോളിലേക്ക് തൊടുത്തെങ്കിലും പന്ത് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. അങ്ങനെ ഇന്ത്യൻ ഫുട്‌ബോളിലെ പുതിയ പെനാൽട്ടി വിദഗ്ധനായി സച്ചിൻ സുരേഷ് മാറി. ഈ ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് 13 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി.

2001 ജനുവരി 18ന് തൃശൂർ ജില്ലയിലെ അവനൂരിൽ ജനിച്ച സച്ചിൻ, മുൻ യൂണിവേഴ്സിറ്റി ഗോൾകീപ്പറായ അച്ഛൻ സുരേഷിന്റെ പാത പിന്തുടർന്നാണ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. സച്ചിൻ ടെണ്ടുൽക്കറുടെ കടുത്ത ആരാധകനായ അച്ഛൻ സുരേഷ് തന്നെയാണ് മകൻ സച്ചിന്റെ ആദ്യ ഗുരുവും. മകന് ഇതിഹാസ ക്രിക്കറ്ററുടെ പേരിട്ടത് ആരാധന കൊണ്ട് കൂടിയാണ്. പക്ഷേ ആ മകൻ ഇന്ന് ഇന്ത്യൻ ഫുട്‌ബോളിന്റെ മിന്നും താരമായി മാറുന്നു.

സെവൻസ് വേദികളിൽ കളിച്ചു പരിചയമുള്ള സുരേഷ് തന്റെ മകന്റെ ഫുട്ബോൾ പ്രണയത്തിന് എല്ലാ പിന്തുണയും നൽകി. ഏഴാം വയസ്സിൽ പറപ്പൂർ സെപ്റ്റ് അക്കാദമിയിൽ ചേർന്ന സച്ചിൻ അവിടെ തന്റെ കളിയുടെ അടിത്തറയുണ്ടാക്കിയെടുത്തു. പതിനൊന്നാം വയസ്സിൽ ദുബായിൽ വച്ചു നടന്ന ദുബായ് സൂപ്പർ കപ്പിൽ സാക്ഷാൽ ഡീഗോ മറഡോണയുടെ മുന്നിൽ പന്തുതട്ടിയ സച്ചിൻ, കളിമികവുകൊണ്ടു തന്നെ തന്റെ പതിനാലാം വയസ്സിൽ ഇന്ത്യൻ അണ്ടർ പതിനാറ് ടീമിനൊപ്പം എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പ് കളിച്ചു. ശേഷം അണ്ടർ 18 ടീമിലും മികവ് കാട്ടിയ താരം, അർജന്റീനയെ പരാജയപ്പെടുത്തിയ കോത്തിഫ് കപ്പ് അണ്ടർ 19 ടീമിലും ആംഗമായി.

എട്ടാമത്തെ വയസ്സിലാണ് പ്രൊഫഷണൽ ഫുട്‌ബോളിലേയ്ക്ക് സച്ചിൻ സുരേഷ് കടന്നുവന്നത്. സെപ്റ്റ് അക്കാദമിയുടെ കീഴിലായിരുന്നു കളിജീവിതമാരംഭിച്ചത്. അവർക്കുവേണ്ടി പതിനൊന്നാമത്തെ വയസ്സിൽ ദുബായ് സൂപ്പർ കപ്പ് കളിച്ചു. അണ്ടർ 10, 12, 14, 16 ടീമുകളിലും സീനിയർ ലെവലിലും തൃശൂരിനായി മത്സരിച്ചിട്ടുണ്ട്. കേരളത്തിനുവേണ്ടി അണ്ടർ 10, 12, 14, 16 എന്നീ നിലകളിലും സന്തോഷ് ട്രോഫിയിലും കളിച്ചു. ദേശീയ ടീമിന്റെ ഒപ്പം അണ്ടർ-19 ക്യാറ്റഗറിയിലും ഗോൾ വല കാത്തു. അണ്ടർ 16 വിഭാഗത്തിൽ എഎഫ്‌സി കപ്പ് താജികിസ്താനിൽ കളിക്കാൻ അവസരം ലഭിച്ചു. കളിജീവിതത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് എത്തുന്നതിനുമുൻപ് എഫ് സി കേരളയുടെ അണ്ടർ 18 ടീമിലും സീനിയർ ടീമിലും ബൂട്ടുകെട്ടി കളത്തിലിറങ്ങി.

2017ൽ കേരളത്തിലെ പ്രമുഖ ക്ലബ്ബായ എഫ് സി കേരളയിൽ നിന്നും സച്ചിന് ക്ഷണം ലഭിക്കുന്നത്. ഒരു പുതിയ തുടക്കമെന്നോണം സച്ചിൻ ആ ക്ഷണം സ്വീകരിക്കുകയും എഫ് സി കേരളയുടെ അണ്ടർ 18 ടീമിന്റെ ഭാഗമാവുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം 2019ൽ എഫ് സി കേരള സീനിയർ ടീമിലേയ്ക്കും സച്ചിൻ എത്തിച്ചേർന്നു. സച്ചിൻ സന്തോഷ് ട്രോഫി ടീമിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. കളിച്ച ടീമുകളിലൊക്കെയും ഗോൾവലയ്ക്കു മുന്നിൽ ഉരുക്കുകോട്ടപോലെ ഉറച്ചുനിന്ന സച്ചിൻ ഭാവിയിലെ പ്രതീക്ഷയായി മാറി.

കേരള ബ്ലാസ്റ്റേഴ്സ് റിസർവ്വ് ടീമിലെ മുഖ്യപരിശീലകനായി മുൻ എഫ് സി കേരള മുഖ്യ പരിശീലകൻ കൂടിയായിരുന്ന ടി ജി പുരുഷോത്തമൻ ചുമതലയേറ്റപ്പോൾ, ഗോൾ ബാറിന് താഴെ സച്ചിൻ വേണമെന്ന് നിലപാട് എടുത്തു. കെ ബി എഫ് സി റിസർവ് ടീമിനൊപ്പം കേരളത്തിന്റെ സംസ്ഥാന ലീഗായ കേരളാ പ്രീമിയർ ലീഗിൽ കളിച്ച സച്ചിൻ അവിടെ നിന്നുമാണ് സീനിയർ ടീമിലേയ് ക്കെത്തുന്നത്. കെ പി എല്ലിലെ മത്സരങ്ങളിൽ ഈ ഇരുപത്തിരണ്ടുകാരൻ കാണിച്ച ധീരതയുടെയും മികവിന്റെയും ഫലമായാണ് സീനിയർ ക്യാമ്പിലും ശേഷം സമ്മോഹനമായ ഇന്ത്യൻ സൂപ്പർ ലീഗ് സ്‌ക്വാഡിലും ഇദ്ദേഹം എത്തിപ്പെട്ടത്.

ഐ എസ് എല്ലിൽ കഴിഞ്ഞ രണ്ടു സീസണുകളിലായി ബെഞ്ചിൽ മാത്രമായിരുന്നു സ്ഥാനമെങ്കിലും ഇതിനിടയിൽ റിലയൻസ് ഡെവലപ്മെന്റൽ ടൂർണമെന്റിലും, യൂ കെയിൽ വച്ചുനടന്ന നെക്സ്റ്റ് ജെൻ കപ്പിലും ഡ്യൂറണ്ട് കപ്പിലും കാലയളവിൽ കളിച്ചു. കരൺജീത്ത് സിങ് ഈ സൂപ്പർ കപ്പോടെ ക്ലബ്ബ് വിടുന്ന സാഹചര്യവുമുണ്ട്. ഇതോടെയാണ് സച്ചിൻ സുരേഷിന് അവസരമുണ്ടായത്.