- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹൽ അബ്ദുൾ സമദ് മോഹൻ ബഗാനിൽ; അഞ്ച് വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കി കൊൽക്കത്ത വമ്പന്മാർ; സഹലിന് ഒരായിരും നന്ദിയെന്ന് ബ്ലാസ്റ്റേഴ്‌സ്; പ്രീതം കോട്ടാൽ ഇനി മഞ്ഞക്കുപ്പായത്തിൽ; ട്രാൻസ്ഫർ ഫീയായി ക്ലബ്ബിന് കിട്ടുക 90 ലക്ഷം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൽ സമദിനെ സ്വന്തമാക്കി കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്. അഞ്ച് വർഷത്തെ കരാറിലാണ് കൊൽക്കത്ത ക്ലബ്ബ് സഹലിനെ സ്വന്തമാക്കിയത്. ബഗാൻ താരം പ്രീതം കോട്ടാൽ മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്‌സിലെത്തും. ട്രാൻസ്ഫർ ഫീയായി 90 ലക്ഷം രൂപയാണു കേരള ബ്ലാസ്റ്റേഴ്‌സിനു ലഭിക്കുക.
ആറ് വർഷമായി ക്ലബ്ബിന്റെ മധ്യനിരയിലെ നിറസാന്നിധ്യമായ മലയാളി താരം സഹൽ അബ്ദുൾ സമദ് ക്ലബ്ബ് വിട്ടതിന് പിന്നാലെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിലേക്ക് ചേക്കേറുന്ന സഹലിന് ഒരായിരും നന്ദിയെന്നാണ് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ കുറിച്ചത്.
ഒപ്പം മറ്റൊരു സുപ്രധാന പ്രഖ്യാപനവും ബ്ലാസ്റ്റേഴ്‌സ് നടത്തി. മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നായകൻ പ്രീതം കോടാലിനെ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ എത്തിച്ചു. കലൂരിൽ പുലിയിറങ്ങിയിരിക്കുന്നു എന്നാണ് ബ്ലാസ്റ്റേഴ്‌സ് കോടാലിന്റെ വരവിനെ വിശേഷിപ്പിക്കുന്നത്.
സഹലിനെ കൊടുത്ത് പ്രീതം കോടാലിനെ സ്വന്തമാക്കുമ്പോൾ ട്രാൻസ്ഫർ തുക എത്രയാണെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയിട്ടില്ല. അത്യന്തം ഹൃദയഭാരത്തോടെയാണ് സഹലിന് യാത്രയയപ്പ് നൽകുന്നതെന്നും താരത്തിലെ എല്ലാ നന്മകളും നേരുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് ട്വീറ്റിൽ വ്യക്തമാക്കി. രാജ്യത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹൽ 2017ലാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിലെത്തുന്നത്.
ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റെക്കോർഡ്(97) സഹലിന്റെ പേരിലാണ്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിനായി പത്തു ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്റെ നേട്ടം. ഇന്ത്യൻ കുപ്പായത്തിൽ 30 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
2017 മുതൽ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ള സഹൽ 2 വർഷം കൂടി കരാർ ബാക്കി നിൽക്കെയാണു ടീം വിടുന്നത്. താരത്തിനു പ്രതിഫലമായി 2.5 കോടി രൂപയാണു ബഗാന്റെ വാഗ്ദാനം. കോട്ടാലിന്റെ ട്രാൻസ്ഫർ ഫീ 1.50 കോടിയാണ്. സഹലിന്റെ സാന്നിധ്യമില്ലാതെ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ക്യാംപിനു കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹിതനായ താരം അവധിയിലാണ്.
പ്രീതം കോടാലിനൊപ്പം മുംബൈ സിറ്റി എഫ് സി താരമായ നാവോച്ച സിംഗിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. പ്രതിരോധനിര താരമായ നാവോച്ചയുടെ വരവ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് ക്ലബ്ബ് അറിയിച്ചു. വായ്പാടിസ്ഥാനത്തിലാണ് നാവോച്ച സിങ് മുംബൈ സിറ്റിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സഹലിന് പുറമെ ഗോൾ കീപ്പർ പ്രഭ്‌സുഖൻ ഗില്ലും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് വിട്ട് കൊൽക്കത്തയിലേക്ക് പോയിരുന്നു. ഈസ്റ്റ് ബംഗാൾ എഫ് സിയിലേക്കാണ് പ്രഭ്‌സുഖൻ ഗിൽ പോയത്.
ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്യാംപിനായി കഴിഞ്ഞ ദിവസം മുതൽ എത്തിത്തുടങ്ങിയിരുന്നു. അഡ്രിയൻ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, പുതുതായി എത്തിയ ഓസ്‌ട്രേലിയൻ താരം ജോഷ്വ സത്തിരിയോ തുടങ്ങിയവരെല്ലാം പരിശീലനത്തിൽ പങ്കെടുത്തു. പുതിയ അസിസ്റ്റന്റ് കോച്ച് ടി.ജി.പുരുഷോത്തമനും ക്യാംപിലെത്തി. മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് എത്തിയിട്ടില്ല. ഓഗസ്റ്റ് 3 മുതൽ നടക്കുന്ന ഡ്യുറാൻഡ് കപ്പാണ് ടീമിന്റെ ആദ്യ വെല്ലുവിളി.
മറുനാടന് മലയാളി ബ്യൂറോ