കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളം തുടർച്ചയായ രണ്ടാം ജയത്തോടെ മുന്നോട്ട്. ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബിഹാറിനെയാണ് തോൽപിച്ചത്.

ഇരട്ട ഗോളുമായി നിജോ ഗിൽബർട്ട് തിളങ്ങിയപ്പോൽ, രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ വിശാഖ് മോഹനും അബ്ദുൾ റഹീമുമാണ് കേരളത്തിനായി ഗോൾ നേടിയത്. . മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളം 2-0ന് മുന്നിലായിരുന്നു. 

മത്സരത്തിൽ കുടുതൽ ഗോളടിക്കാനുള്ള അവസരങ്ങൾ കേരളം നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ട് ഗോളിന് മുന്നിൽ നിൽക്കുമ്പോഴാണ് ബിഹാർ ഒരു ഗോൾ തിരിച്ചടിച്ചത്. കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് കേരളത്തിന്റെ നാലാം ഗോൾ പിറന്നത്. ജയത്തോടെ രണ്ട് കളിയിൽ കേരളത്തിന് ആറ് പോയന്റായി.

ഇത് കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെ ഏഴ് ഗോളുകൾക്ക് കേരളം പരാജയപ്പെടുത്തിയിരുന്നു. കേരളം അടുത്തമത്സരത്തിൽ ആന്ധ്രാപ്രദേശുമായി ഏറ്റുമുട്ടും.  ഇന്നത്തെ മത്സരത്തോടെ കേരളത്തിന്റെ ഗോൾ സമ്പാദ്യം 11 ആയി. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് കേരളം.

രാവിലെ നടന്ന മത്സരത്തിൽ മിസോറം ജമ്മു കാശ്മീരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചിരുന്നു. ആദ്യ പകുതിയിൽ ഇരുടീമും ഓരോ ഗോൾ വീതമാണ് അടിച്ചിരുന്നത്. 57ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ജമ്മു കശ്മീർ മുന്നിലെത്തി. എന്നാൽ, കളി തീരാൻ പത്തു മിനിറ്റ് ശേഷിക്കെ പ്രതിരോധത്തിലേക്ക് മാറിയ ജമ്മു കശ്മീരിനെ ഞെട്ടിച്ച് മിസോറം രണ്ടു തവണ കൂടി പന്ത് വലയിലെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 3.30ന് രാജസ്ഥാനും ആന്ധ്രപ്രദേശും ഏറ്റുമുട്ടും.