കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ജമ്മു കശ്മീരിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി കേരളം. ഗ്രൂപ്പ് രണ്ടിൽ തുടർച്ചയായ നാലാം ജയത്തോടെ കേരളം ഫൈനൽ റൗണ്ട് സാധ്യതകൾ സജീവമാക്കി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജമ്മു കശ്മീരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വിഖ്നേഷ്, റിസ്വാൻ അലി, നിജോ ഗിൽബർട്ട് എന്നിവരാണ് കേരളത്തിനായി സ്‌കോർ ചെയ്തത്.

കേരളം 12 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി. മിസോറാമിനെതിരേ ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ തോൽക്കാതിരുന്നാൽ കേരളത്തിന് നേരിട്ട് ഫൈനൽ റൗണ്ട് കളിക്കാം.

രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ് ടീമുകൾക്കെതിരേ ഗോൾവർഷം നടത്തിയെത്തിയ കേരളത്തെ ആദ്യ പകുതിയിൽ പിടിച്ചുകെട്ടാൽ ജമ്മു കശ്മീരിനായി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിറ്റിലാണ് കേരളം ആദ്യ ഗോൾ കണ്ടെത്തിയത്. നിജോ ഗിൽബർട്ട് ചിപ് ചെയ്ത് നൽകിയ പാസ് പാടിച്ചെടുത്ത് വിഖ്നേഷാണ് കേരളത്തെ മുന്നിലെത്തിച്ചത്. ഗോൾകീപ്പറേയും മറികടന്ന വിഖ്നേഷ് പോസ്റ്റിന്റെ വലതുഭാഗത്തുനിന്ന് അസാധ്യമായൊരു ആംഗിളിൽ നിന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

76-ാം മിനിറ്റില് കേരളത്തിന്റെ രണ്ടാം ഗോളെത്തി. ഇടതുഭാഗത്തുനിന്ന് പന്തുമായി മുന്നേറി വിശാഖ് മോഹൻ നൽകിയ പാസ് റിസ്വാൻ അലി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ നിജോ ഗിൽബർട്ടിലൂടെ കേരളം ഗോൾപട്ടിക തികച്ചു. വിഖ്നേഷ് നൽകിയ പാസ് പിടിച്ചെടുത്ത നിജോ ഗിൽബർട്ട് പന്ത് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

യോഗ്യതാ റൗണ്ടിൽ ആറ് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണ് ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുന്നത്. മികച്ച മൂന്ന് റണ്ണറപ്പുകളും യോഗ്യത നേടും.