- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫിയിൽ വിജയത്തോടെ തുടങ്ങാൻ കേരളം; ആദ്യ എതിരാളി രാജസ്ഥാൻ; പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് തുടക്കം; ഫൈനൽ റൗണ്ടിലേക്കെത്തുക മികച്ച രണ്ട് ടീമുകൾ
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 3.30ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാനാണ് എതിരാളികൾ. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് കോഴിക്കോട് ആരംഭിക്കുന്നത്. ജമ്മു കശ്മീർ, മിസോറാം, ആന്ധ്രാ പ്രദേശ്, ബീഹാർ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റു ടീമുകൾ ദിവസവും രണ്ട് കളികളാണ് ഉള്ളത്. രാവില എട്ടിനും വൈകിട്ട് മൂന്നരക്കും. ഓരോ ടീമിനും അഞ്ച് കളികളാണ് ഉള്ളത്.
മികച്ച രണ്ട് ടീമുകൾക്കാണ് ഫൈനൽ റൗണ്ട് യോഗ്യത. രാജസ്ഥാനെതിരെ ആദ്യ കളിയിൽ വിജയത്തുടക്കത്തിനുള്ള ഒരുക്കത്തിലാണ് കേരള ടീം. ഗ്രൂപ്പിൽ മിസോറാമാണ് കേരളത്തിന്റെ പ്രധാന എതിരാളികൾ. നിലവിലെ ചാംപ്യന്മാരാണ് കേരളം. കഴിഞ്ഞ തവണ ബംഗാളിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് കേരളം കിരീടം നേടിയത്. ഇത്തവണയും കേരളം ഫൈനൽ റൗണ്ടിന് വേദിയാവാൻ സാധ്യതയുണ്ട്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സൗദി അറേബ്യയിൽ നടത്താനുള്ള ആലോചനയിലുമാണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.
കിരീടം നില നിർത്തുകയാണ് കേരള ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റൻ വി മിഥുൻ പറഞ്ഞു. ഒരു ടീമിന്റെയും ശക്തി കുറച്ച് കാണുന്നില്ലെന്നും മിഥുൻ പറഞ്ഞു.ഗോൾ കീപ്പറായ മിഥുന്റെ കീഴിൽ ആണ് 22 അംഗ കേരള ടീമിനെയാണ് പ്രഖ്യാപിച്ചത്. 2017-2018, 2021-22 സീസണുകളിൽ കേരളം കിരീടം നേടിയപ്പോൾ ഗോൾവല കാത്തതും മിഥുനായിരുന്നു.
വിനീഷ്, നരേഷ്, ജോൺ പോൾ എന്നിവരാണ് സ്ട്രൈക്കർമാർ. മുൻ വർഷത്തെ നേട്ടം ആവർത്തിക്കാമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും മിഥുൻ പറഞ്ഞു. 16 പുതുമുഖങ്ങളാണെങ്കിലും ടീം സന്തുലിതമാണെന്ന് പരിശീലകൻ പി ബി രമേശ് പറഞ്ഞു. വിവിധ ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാർ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക. അതിനാൽ കേരളത്തിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നിർണായകമാണ്.
ഗോൾ കീപ്പർമാർ: വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ).പ്രതിരോധം: എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം).
മധ്യനിര: ഋഷിദത്ത് (തൃശൂർ), എം. റാഷിദ്, റിസ്വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം).മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.
സ്പോർട്സ് ഡെസ്ക്