കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ഗ്രൂപ്പ് പോരിൽ തുടർച്ചയായി മൂന്നാം ജയം സ്വന്തമാക്കി കേരളം മുന്നോട്ട്. ഗ്രൂപ്പ് രണ്ട് യോഗ്യതാ മത്സരത്തിൽ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളം തകർത്തത്.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ജയത്തോടെ കേരളത്തിന്റെ രണ്ടാം റൗണ്ട് സാധ്യതകളും വർധിച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയന്റുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്.

മത്സരത്തിലുടനീളം കേരളം ആധിപത്യം പുലർത്തി. നിരവധി ഗോളവസരങ്ങളും കേരളം നഷ്ടപ്പെടുത്തി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന് കേരളം മുന്നിലെത്തി.16ാം മിനിറ്റിൽ നിജോ ഗിൽബർട്ടാണ് കേരളത്തിനായി ഗോളടി തുടങ്ങിയത്. 19ാം മിനിറ്റിൽ കോർണർ ക്ലിയർ ചെയ്യുന്നതിൽ ആന്ധ്ര വരുത്തിയ പിഴവ് മുതലാക്കി മുഹമ്മദ് സലീം കേരളത്തിന്റെ ലീഡ് രണ്ടാക്കി.

ആദ്യ പകുതിയുടെ അധിക സമയത്ത് അബ്ദുൽ റഹീം കേരളത്തിന്റെ മൂന്നാം ഗോളും നേടി. ആന്ധ്ര പ്രതിരോധത്തെ കീറിമുറിച്ച് നിജോ ഗിൽബർട്ട് നൽകിയ പാസിൽ നിന്നാണ് ഗോളിന്റെ പിറവി. പകരക്കാരനായി ഇറങ്ങിയ അബ്ദുൽ റഹീം പാസ് സ്വീകരിച്ച് ഗോളിയേയും മറികടന്ന് വലയിലാക്കി.

രണ്ടാം പകുതിയിൽ മൂന്ന് ഗോൾ ലീഡുമായി തുടങ്ങിയ കേരളം 52ാം മിനിറ്റിൽ നാലാം ഗോളും നേടി. നിജോ എടുത്ത കോർണറിൽ നിന്ന് വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോൾ നേടിയത്. 62ാം മിനിറ്റിൽ ക്യാപ്റ്റൻ വിഘ്‌നേഷിലൂടെ കേരളം ഗോൾ പട്ടിക തികച്ചു.