കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ രാജസ്ഥാനെ മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് മിന്നുന്ന തുടക്കം. കോഴിക്കോട് ഇ.ഇം.എസ് സ്റ്റേഡിയത്തിൽ ബോക്‌സിങ് ഡേയിൽ നടന്ന ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ ഗോൾമഴയിൽ മുക്കുകയായിരുന്നു.

ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കേരളത്തിനായി വിഘ്‌നേഷും നരേഷും റിസ്വാനും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും ടീമിനായി സ്‌കോർ ചെയ്തു. ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടിൽ ഒന്നാമതെത്തി. അടുത്ത മത്സരത്തിൽ ഡിസംബർ 29 ന് ബിഹാറാണ് കേരളത്തിന്റെ എതിരാളികൾ.

സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യപകുതിയിൽ തന്നെ 5-0ന്റെ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂർണ മേധാവിത്വവും നൽകുന്നതായി വിജയം. ശക്തരായ മിസോറാമും ബിഹാറും ആന്ധ്രാപ്രദേശും ജമ്മു കശ്മീരുമുള്ള ഗ്രൂപ്പിൽ നിന്ന് ആത്മവിശ്വാസത്തോടെ കേരളത്തിന് കുതിക്കാം.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ കനത്ത ചൂടിൽ മത്സരം കാണാനെത്തിയ ആരാധകർക്ക് ആശ്വാസമഴ പോലെയാണ് കേരളത്തിന്റെ ഏഴ് ഗോളുകൾ പെയ്തിറങ്ങിയത്. ആദ്യപകുതിയിൽ അഞ്ച് ഗോളടിച്ച് രാജസ്ഥാനെ ഞെട്ടിച്ച കേരളം രണ്ടാംപകുതിയിൽ രണ്ടെണ്ണം കൂടി വലയിലെത്തിച്ച് ഗോളടമേളം ആഘോഷമാക്കി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരള താരങ്ങൾ ആക്രമിച്ച് കളിക്കുകയായിരുന്നു. ആറാം മിനിറ്റിൽ രാജസ്ഥാൻ പ്രതിരോധതാരങ്ങൾക്കിടയിലൂടെ വന്ന പന്ത് ഗിൽബർട്ട് സ്വീകരിച്ച് അനായാസം വലകുലുക്കുകയായിരുന്നു.

പിന്നാലെ വിഘ്നേഷും കേരളത്തിനായി വലകുലുക്കി. 12-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ വിഘ്നേഷ് സ്ഥാനം തെറ്റി നിന്ന ഗോൾകീപ്പറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ഗോൾകീപ്പറുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നാലെ 20-ാം മിനിറ്റിൽ വിഘ്‌നേഷ് വീണ്ടും വലകുലുക്കി. അതിമനോഹരമായ ഫിനിഷിലൂടെ താരം മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. പന്തുമായി ഇടതുവിങ്ങിലൂടെ ബോക്‌സിലേക്ക് മുന്നേറിയ വിഘ്‌നേഷിന്റെ വലംകാലൻ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ തുളച്ചുകയറി. ഗോൾകീപ്പർ നിസ്സഹായനായി.

23-ാം മിനിറ്റിൽ കേരളം വീണ്ടും വലകുലുക്കി. ഇത്തവണ യുവതാരം നരേഷാണ് ടീമിനായി വലകുലുക്കിയത്. പന്തുമായി മുന്നേറിയ നരേഷ് പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി ഗോൾകീപ്പറെയും മറികടന്ന് പന്ത് വലയിലെത്തിച്ചു.

36-ാം മിനിറ്റിൽ നരേഷ് വീണ്ടും വലകുലുക്കി. പന്തുമായി ബോക്സിലേക്ക് ഒറ്റയ്ക്ക് മുന്നേറിയ നരേഷ് ഗോൾകീപ്പർക്ക് ഒരു സാധ്യതയും കൽപ്പിക്കാതെ വലകുലുക്കി. ആദ്യ 36 മിനിറ്റിൽ തന്നെ അഞ്ചുഗോളുകൾ നേടിക്കൊണ്ട് നിലവിലെ ചാമ്പ്യന്മാർ കരുത്തുതെളിയിച്ചു. പിന്നാലെ മികച്ച അവസരങ്ങൾ നിരവധി സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും കേരളം ഗോളടി തുടർന്നു. 54-ാം മിനിറ്റിൽ കേരളം ആറാം ഗോളടിച്ചു. ഇത്തവണ റിസ്വാനാണ് വലകുലുക്കിയത്. വിഘ്നേഷിന്റെ പാസ് സ്വീകരിച്ച റിസ്വാൻ അനായാസം വലകുലുക്കുകയായിരുന്നു.

81-ാം മിനിറ്റിൽ റിസ്വാൻ വീണ്ടും വലകുലുക്കി. ബോക്സിനുള്ളിൽ വെച്ച് പ്രതിരോധതാരങ്ങളെ മറികടന്നുകൊണ്ട് മികച്ച ഫിനിഷിലൂടെ റിസ്വാൻ വലകുലുക്കുകയായിരുന്നു. ഇതോടെ കേരളം 7-0 ന് മുന്നിലെത്തി.