ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന്റെ സെമി പ്രതീക്ഷ തുലാസിൽ. ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ മഹാരാഷ്ട്രക്കെതിരെ രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് കേരളം 4-4ന് സമനില ഉറപ്പിച്ചെങ്കിലും ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നിർണായകമായി.

ആദ്യപകുതിയിൽ കേരളം ഒന്നിനെതിരെ നാല് ഗോളിന് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ മൂന്ന് ഗോൾ മടക്കി സമനില കേരളം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനായി വിശാഖ്, നിജോ, അർജുൻ, ജിജോ ജോസഫ് എന്നിവരാണ് ഗോൾ നേടിയത്.

ആറ് ടീമുകളുള്ള ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ നാല് പോയിന്റുമായി കേരളം നാലാം സ്ഥാനത്താണ്. കർണാടകയും പഞ്ചാബും ഏഴ് പോയിന്റുമായി ഒന്നും രണ്ടും സ്ഥാനത്ത്. നാല് പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്ത്.ഒഡിഷ, പഞ്ചാബ് ടീമുകളെയാണ് കേരളം ഇനി നേരിടേണ്ടത്.

കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച മഹാരാഷ്ട്രയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 17ാം മിനിറ്റിൽ സൂഫിയാൻ ഷെയ്ഖിന്റെ വകയായിരുന്നു ഗോൾ. കേരളത്തെ ഞെട്ടിച്ച് മൂന്നു മിനിറ്റിനുള്ളിൽ മഹാരാഷ്ട്ര ലീഡ് ഉയർത്തി. 20ാം മിനിറ്റിൽ നായകൻ ഹിമാൻഷു പാട്ടീലാണ് രണ്ടാം ഗോൾ നേടിയത്. 35ാം മിനിറ്റിൽ മൂന്നാം ഗോൾ. സുമിത് ഭണ്ഡാരിയുടെ വകയായിരുന്നു ഗോൾ.

തൊട്ടുപിന്നാലെ കേരളത്തിനായി വിശാഖ് മോഹൻ ഒരു ഗോൾ മടക്കി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ സൂഫിയൻ വീണ്ടും വലകുലുക്കി. എന്നാൽ, രണ്ടാം പകുതിയിൽ കേരളം മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. 65ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി നിജോ ഗിൽബെർട്ട് കൃത്യമായി വലയിലെത്തിച്ചു. 71-ാം മിനിറ്റിൽ പകരക്കാരനായി വന്ന വി. അർജുൻ കേരളത്തിനായി വല കുലുക്കി.

78ാം മിനിറ്റിൽ ജോൺ പോളിന്റെ വകയായിരിന്നു നാലാം ഗോൾ. സമനിലയോടെ കേരളത്തിന്റെ സെമി സാധ്യത തുലാസിലായി. ആദ്യ മത്സരത്തിൽ ഗോവയെ തോൽപിച്ച കേരളം രണ്ടാം മത്സരത്തിൽ കർണാടകയോട് തോൽവി ഏറ്റുവാങ്ങിയിരുന്നു.