ഭുവനേശ്വർ: നിർണായക മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ സന്തോഷ് ട്രോഫി ഫുട്ബോളിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. വിജയിച്ചാൽ മാത്രമേ സെമി ഫൈനൽ ബെർത്തുറപ്പിക്കാനാകൂ എന്ന നിലയിൽ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കേരളത്തെ പഞ്ചാബ് സമനിലയിൽ കുരുക്കുകയായിരുന്നു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചു.

കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി കമൽദീപ് ഷെയ്ഖും ഗോളടിച്ചു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചിട്ടും കേരളത്തിന് വിജയം നേടാനായില്ല. ഇതോടെ എ ഗ്രൂപ്പിൽ നിന്ന് പഞ്ചാബും കർണാടകയും സെമിയിലേക്ക് മുന്നേറി.

മത്സരം തുടങ്ങിയപ്പോൾതൊട്ട് കേരളം ആക്രമണം അഴിച്ചുവിട്ടു. പഞ്ചാബ് കൗണ്ടർ അറ്റാക്കിലാണ് ശ്രദ്ധ ചെലുത്തിയത്. മികച്ച കളി പുറത്തെടുത്ത കേരളം 24-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. വിശാഖ് മോഹനൻ കേരളത്തിനായി വലകുലുക്കി. അബ്ദുൾ റഹീമിന്റെ പാസ് സ്വീകരിച്ച വിശാഖ് ഗോൾകീപ്പർക്ക് ഒരു സാധ്യതയും നൽകാതെ പന്ത് വലയിലെത്തിച്ചു.

27-ാം മിനിറ്റിൽ പഞ്ചാബിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പറും നായകനുമായ മിഥുൻ കേരളത്തിന്റെ രക്ഷകനായി. എന്നാൽ കേരളത്തിന്റെ ചിരിക്ക് അധികം ആയുസ്സുണ്ടായില്ല. 34-ാം മിനിറ്റിൽ പഞ്ചാബ് ഒരു ഗോൾ തിരിച്ചടിച്ച് സമനില നേടി. രോഹിത് ഷെയ്ഖാണ് പഞ്ചാബിനായി ഗോളടിച്ചത്.

ഓഫ്സൈഡ് ട്രാപ്പിൽ നിന്ന് രക്ഷപ്പെട്ട കമൽദീപ് നൽകിയ ക്രോസ് രോഹിത് അനായാസം വലയിലെത്തിച്ചു. കേരളത്തിന്റെ പ്രതിരോധത്തിലെ വിള്ളൽ എടുത്തുകാണിക്കുന്ന ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ഒന്നുരണ്ട് നീക്കങ്ങളുമായി പഞ്ചാബ് ആക്രമിച്ചെങ്കിലും കേരളം അതെല്ലാം വിഫലമാക്കി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

സെമിയിലേക്ക് കടക്കാൻ വിജയം നേടിയാൽ മാത്രമേ സാധിക്കൂ എന്നതിനാൽ രണ്ടാം പകുതിയിൽ കേരളം ആക്രമണത്തിന് മാത്രമാണ് പ്രാധാന്യം നൽകിയത്. ഗോളെന്നുറച്ച നിരവധി അവസരങ്ങൾ സൃഷ്ടിക്കാനും കേരളത്തിന് സാധിച്ചു. രണ്ടാം പകുതിയിലെ കേരളത്തിന്റെ പ്രകടനം പഞ്ചാബ് ഗോൾമുഖത്ത് നിരന്തരം ഭീഷണി സൃഷ്ടിച്ചു.

87-ാം മിനിറ്റിൽ കേരളത്തിന്റെ ഗോളടിയന്ത്രം നിജോ ഗിൽബർട്ടിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ അത്ഭുതകരമായി തട്ടിയകറ്റി. പിന്നാലെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.