- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിക്കിരീടം മോഹിച്ച മേഘാലയയെ കലാശപ്പോരിൽ വീഴ്ത്തി; സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കർണാടക; ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; കിരീടനേട്ടം 54 വർഷത്തിന് ശേഷം; സൗദിയിൽ വിരുന്നെത്തിയ മത്സരത്തിന് പരിസമാപ്തി
റിയാദ്: നീണ്ട 54 വർഷത്തെ കിരീടവരൾച്ചയ്ക്ക് വിരാമമിട്ട് സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കർണാടക. ശനിയാഴ്ച റിയാദ് കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നവാഗതരായ മേഘാലയയെ തകർത്ത് കർണാടക വിജയം വരിച്ചു. 82 വർഷം പഴക്കമുള്ള ഇന്ത്യയുടെ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ ആദ്യത്തെ അന്താരാഷ്ട്ര വേദിയായി സൗദി അറേബ്യൻ തലസ്ഥാനം മാറിയത് വേറിട്ട അനുഭവമായി മാറി.
കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫിയിൽ കിരീടനേട്ടമാണിത്.1946-47, 1952-53, 1967-68, 1968-69 സീസണുകളിലാണ് ഇതിന് മുന്നേയുള്ള കിരീടനേട്ടം.ആദ്യ കിരീടം മോഹിച്ചെത്തിയ മേഘാലയ നിരാശയോടെ മടങ്ങി.
സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കർണാടക തുടങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ കർണാടക വലകുലുക്കി. സുനിൽ കുമാറാണ് ലീഡ് സമ്മാനിച്ചത്. എന്നാൽ കർണാടകയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. ഒമ്പതാം മിനിറ്റിൽ ബ്രോലിങ്ടണിന്റെ പെനാൽറ്റിയിലൂടെ മേഘാലയ തിരിച്ചടിച്ചു. മേഘാലയ താരം ഷീനിനെ ബോക്സിൽ വീഴ്ത്തിയതിനാണ് ടീമിന് പെനാൽറ്റി ലഭിച്ചത്.
പിന്നീട് ഉണർന്നുകളിച്ച കർണാടക മേഘാലയെ തീർത്തും പ്രതിരോധത്തിലാക്കി. 19-ാം മിനിറ്റിൽ ബെകെ ഓറവും 45-ാം മിനിറ്റിൽ ഉഗ്രൻ ഫ്രീ കിക്കിലൂടെ റോബിൻ യാദവും വലകുലുക്കിയതോടെ ആദ്യ പകുതി 3-1 ന് കർണാടക മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ മേഘാലയ തിരിച്ചടിക്കാൻ മികച്ച മുന്നേറ്റങ്ങൾ നടത്തി. പിന്നാലെ മറുപടിയുമെത്തി. 60-ാം മിനിറ്റിൽ നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിൽ പെനാൽറ്റി ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഷീൻ മികച്ച ഫിനിഷിലൂടെ ഗോളടിച്ചു. പിന്നാലെ ഇരുടീമുകളും നിരന്തരം ആക്രമിച്ചുകളിച്ചെങ്കിലും ഗോൾ നേടാനായില്ല.
ഒരു സമനിലക്ക് വേണ്ടിയുള്ള മേഘാലയുടെ ശ്രമങ്ങൾ അവസാന ഘട്ടംവരെ പുലർന്നില്ല. അന്തിമ വിസിൽ മുഴങ്ങുമ്പോൾ കർണാടകത്തിന്റെ കൂടെയായിരുന്നു മരുഭൂമിയിലെ സന്തോഷ് ട്രോഫി കിരീടം. അറബ് മണ്ണിൽ ഇന്ത്യൻ ഫുട്ബാളിന്റെ ആദ്യപരീക്ഷണത്തിന് മനോഹരമായ പരിസമാപ്തി. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിഷേൽ, വൈസ് പ്രസിഡന്റ് ഇബ്രാഹിം അൽതാബ, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചുബ്ബെ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, സെക്രട്ടറി ഡോ. ഷാജി പ്രഭാകർ എന്നിവർ ഫൈനൽ മത്സരങ്ങൾ വീക്ഷിക്കാനെത്തിയിരുന്നു. ഒടുവിൽ മേഘാലയെ കീഴടക്കി കർണാടക സന്തോഷ് ട്രോഫി ജേതാക്കളായി.
സ്പോർട്സ് ഡെസ്ക്