ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ കേരളത്തിന് നിരാശ. സഡൻ ഡെത്തിൽ കേരളത്തെ 7-6 ന് കീഴടക്കി മിസോറാം സെമിയിൽ കടന്നു. ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോൾ അടിച്ചില്ല.

സഡൻ ഡെത്തിൽ നിർണായകമായ കിക്ക് വി ആർ സുജിത് നഷ്ടപ്പെടുത്തിയതോടെയാണ് കേരളം സെമി കാണാതെ പുറത്തായത്. മാർച്ച് ഏഴിന് സെമിയിൽ മിസോറാം സർവീസിനെ നേരിടും. രണ്ടാം സെമിയിൽ അതേദിവസം മണിപ്പൂർ ഗോവയും തമ്മിൽ ഏറ്റുമുട്ടും

അധികസമയത്തിന് ശേഷം ടൈ ബ്രേക്കറിൽ 5-5 എന്ന നിലയിലായിരുന്നു. പിന്നീടാണ് കേരളത്തിൽ നില തെറ്റിയത്. മിസോറാമിന് വേണ്ടി എം സി മാൽസോസുവാല, മാൽസോംഫേല, എഫ് സി ലാമുന്മാവിയ, ഇ ലാൽരെംത്‌ലുവാംഗ, എൽ തോച്‌ഹോങ്, ലാൽരെരുവാത, ലാൽബിയാക്തംഗ എന്നിവർ ഗോളാക്കി. കേരളത്തിന് വേണ്ടി സഞ്ജു ജി, അർജുൻ വി, മുഹമ്മദ് സലിം, റിസ്വനാലി എടക്കാവിൽ, ശരത് പ്രശാന്ത്്.കെ, ജിതിൻ ഗോപാലകൃഷ്ണൻ എന്നിവരും ഗോളാക്കി. സുജിത്ത് മാത്രം കിക്ക് നഷ്ടപ്പെടുത്തി.

കേരളവും മിസോറാമും നിരവധി അവസരങ്ങൾക്ക് വഴിതുറന്നെങ്കിലും, അറ്റാക്കർമാർക്ക് ഗോൾവല കുലുക്കാനായില്ല. ഇരുവശത്തും ഗോൾ കീപ്പർമാരും മികവ് കാട്ടി. ഒടുവിൽ ജയം നിർണയിക്കാൻ സഡൻ ഡെത്ത് വേണ്ടി വന്നു. കഴിഞ്ഞതവണയും സെമിയിൽ കയറാതെയാണ് കേരളം മടങ്ങിയത്.

അതേസമയം, മൂന്നാം ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ 7 ഗോളുകൾക്ക് അസമിനെ പരാജയപ്പെടുത്തിയാണ് മണിപ്പുരിന്റെ സെമി പ്രവേശനം
നാലാം മിനിറ്റിൽ ക്യാപ്റ്റൻ സനതോയ് മെയ്തെയ് വകയായിരുന്നു ആദ്യ ഗോൾ. 11, 16 മിനിറ്റുകളിൽ വാങ്ഖെയ്മായും സാദാനന്ദ സിങ്ങും 19ാം മിനിറ്റിൽ ഗാൻബം പച്ച സിങ്ങും ഗോൾനേടി. 19 മിനിറ്റിനുള്ളിൽ 5 ഗോൾ. രണ്ടാം പകുതി തുടങ്ങി 64ാം മിനിറ്റിലായിരുന്നു ജയദീപ് ഗോഗോയ് വക അസമിന്റെ ആശ്വാസഗോൾ. 82ാം മിനിറ്റിൽ മെയ്ബാം ഗെനി സിങ്ങും 88ാം മിനിറ്റിൽ ങാതെം ഇമർസൺ മെയ്തെയും ഗോൾ കണ്ടെത്തിയതോടെ അസമിന്റെ പരാജയം പൂർണമായി,