കൊച്ചി: ഗോവയിൽ ഒക്ടോബർ ഒമ്പത് മുതൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മിഡ് ഫീൽഡർ നിജോ ഗിൽബെർട്ടാണ് നായകൻ. സതീവൻ ബാലനാണ് പരിശീലകൻ.

ഗോൾകീപ്പർമാരായി മുഹമ്മദ് അസ്ഹർ കെ, സിദ്ധാർത്ഥ് രാജീവൻ നായർ, മുഹമ്മദ് നിഷാദ് പിപി എന്നിവരും ഡിഫൻഡർമാരായി ബെൽഗിൻ ബ്ലോസ്റ്റർ, സഞ്ജു ജി, ഷിനു ആർ, മുഹമ്മദ് സലിം, നിധിൻ മധു, സുജിത്ത് ആർ, ശരത് കെപി എന്നിവരും മിഡ്ഫീൽഡർമാരായി നിജോ ജിൽബെർട്ട്, അർജുൻ വി, ജിതിൻ ജി, അക്‌ബർ സിദ്ദീഖ് എൻപി, റഷീദ് എം, റിസ്വാൻ അലി ഇകെ, ബിജേഷ് ബാലൻ, അബ്ദു റഹീം എന്നിവും സ്ട്രൈക്കേർസായ സജീഷ് ഇ, മുഹമ്മദ് ആഷിഖ് എസ്, നരേഷ് ബി, ജുനൈൻ കെ എന്നിവരടങ്ങുന്നതുമാണ് കേരള ടീം.

കേരള ടീമിന്റെ പ്രധാന പരിശീലകൻ സതീവൻ ബാലനാണ്. സഹ പരിശീലകനായി പി കെ അസീസും ഗോൾകീപ്പിങ്ങ് പരിശീലകനായി ഹർഷൽ റഹ്‌മാനും ടീമിനെ കരുത്തുറ്റവരാക്കും. ഒക്ടോബർ 11ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഏഴ് തവണ ചാമ്പ്യന്മാരായ കേരളം ഗ്രൂപ്പ് എയിലാണ് ഇടം പിടിച്ചിരിക്കുന്നത്. ആതിഥേയരായ ഗോവ, ജമ്മു കാശ്മീർ, ഛത്തീസ്‌ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ടീമാണ് ഗ്രൂപ്പ് എയിലെ മറ്റുള്ളവർ. ഒക്ടോബർ 13ന് ജമ്മു കശ്മീരിനെതിരെയും 15ന് ഛത്തീസ്‌ഗഡിനെതിരെയും 17ന് ഗോവയ്ക്കെതിരെയുമാണ് കേരളത്തിന്റെ മത്സരം.

ആറു ഗ്രൂപ്പുകളിൽ നിന്നായി ഒമ്പതു ടീമുകളായിരിക്കും ഫൈനൽ ഗ്രൂപ്പിൽ മാറ്റുരക്കുക. അരുണാചൽ പ്രദേശിലാണ് ഫൈനൽ മത്സരം സംഘടിപ്പിക്കുന്നത്. 12 ടീമുകളെ ആറു ടീമടങ്ങുന്ന രണ്ട് ഗ്രൂപ്പായാണ് തിരിച്ചിരിക്കുന്നത്. ആദ്യ രണ്ട് സ്ഥാനത്ത് വരുന്നവരായിരിക്കും സെമി ഫൈനലിൽ മത്സരിക്കുക. കേരളത്തിന് കഴിഞ്ഞ സീസണിൽ സെമിഫൈനലിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.

കർണാടകയാണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ. കഴിഞ്ഞ തവണ ഫൈനലിൽ മേഘാലയയെയാണ് തകർത്തത്. ഏഴുതവണ ചാമ്പ്യന്മാരായ കേരളം 2021-22ലാണ് അവസാനമായി കപ്പുയർത്തിയത്.