ജിദ്ദ: യൂറോപ്യൻ ഫുട്‌ബോൾ ലോകത്തുനിന്നും സൗദി അറേബ്യൻ ക്ലബ് അൽ നസറിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ആഘോഷമാക്കുകയാണ് സി ആർ 7ന്റെ ആരാധകർ. പോർച്ചുഗീസ് സൂപ്പർ താരത്തെ ടീമിലെത്തിയതിനു പിന്നാലെ സൗദി അറേബ്യൻ ക്ലബ് അൽ നസറിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

റൊണാൾഡോ ക്ലബിൽ ചേർന്ന വിവരം പ്രഖ്യാപിക്കുമ്പോൾ 8.60 ലക്ഷം പേരാണ് ടീമിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ ഇൻസ്റ്റഗ്രാമിലെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 3.2 മില്യൺ പിന്നിട്ടു.

ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണം 1.74 ലക്ഷത്തിൽനിന്ന് ഒറ്റയടിക്ക് 6.61 ലക്ഷം ആയാണ് ഉയർന്നിരിക്കുന്നത്. ഏകദേശം അഞ്ചിരട്ടിയോളം വരും ഈ കുതിച്ചുചാട്ടം. അതേസമയം, ട്വിറ്ററിൽ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുൻപ് 90,000 ഫോളോവർമാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ കണക്ക്. റെക്കോർഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്.

200 മില്യൻ യൂറോയിലധികമാണ് കരാർ തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് 1775 കോടിയിലധികം ഇന്ത്യൻ രൂപ. പ്രതിവർഷം 75 ദശലക്ഷം ഡോളറാണ് റൊണാൾഡോയുടെ വരുമാനം. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടശേഷം ഫ്രീ ഏജന്റായിരുന്നു ക്രിസ്റ്റ്യാനോ.

ക്രിസ്റ്റ്യാനോയെ കൊണ്ടുവരുന്നതിലൂടെ ഫുട്ബോൾ ലീഗിനെ മുഴുവൻ പ്രചോദിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കിയിരുന്നു. അൽ- നസറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ടായ മാറ്റം ഇതിലൂടെ വ്യക്തമാണ്. മണിക്കൂറുകൾക്കുള്ളിൽ മൂന്നും നാലും ഇരട്ടി ഫോളോവർമാരാണ് ക്ലബിന് കൂടിയത്.

ക്രിസ്റ്റ്യാനോയുടെ പേര് പതിച്ച ക്ലബിന്റെ ജഴ്സികൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടതിന് ശേഷവും താരത്തിന്റെ ബ്രാൻഡ് മൂല്യത്തിൽ തകർച്ചയൊന്നുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസർ സ്വന്തമാക്കിയത്.