- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ന് ബൂട്ടഴിക്കും
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസം ഇന്ന് ബൂട്ടഴിക്കും..ഇനി ഒരു സുനിൽ ഛേത്രി ഉണ്ടാകുമോ എന്നത് സംശയമാണ്. 19 വർഷത്തെ തന്റെ കളിജീവിതത്തിൽ ഛേത്രി നേടിയ നേട്ടങ്ങൾ പരിശോധിച്ചാൽ മാത്രം ഇ സംശയം അസ്ഥാനത്തല്ലെന്ന് ഉറപ്പായും പറയാം.ഇതിഹാസ താരങ്ങളായ സാക്ഷാൽ ലയണൽ മെസ്സിക്കും ക്രി്സ്റ്റ്യാനോ റോണാൾഡോയ്ക്കും താഴെ മൂന്നാം സ്ഥാനത്താണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ ഛേത്രി.ഈ മുന്നു പേരുടെയും അവസരങ്ങളും മത്സരത്തിന്റെ എണ്ണവും പരിശോധിക്കുമ്പോഴാണ് ഛേത്രിക്ക് തുല്യം ഛേത്രി മാത്രം എന്ന് നമുക്ക് അടിവരയിട്ട് പറയാൻ പറ്റുന്നത്.
39 വയസായ ഛെത്രി കഴിഞ്ഞ മാസം 16ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഞെട്ടിത്തരിച്ചത് ഇന്ത്യൻ ഫുട്ബാൾ ലോകമായിരുന്നു. ഛെത്രി ഇല്ലാത്തൊരു ഇന്ത്യൻ ടീമിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാകും എന്നതാണ് അവരെ അലട്ടിയത്. അത്രമേൽ ഇന്ത്യൻ ഫുട്ബാളിനെ ആവേശിച്ച അത്ഭുത പ്രതിഭാസമാണ് ഛെത്രി.ഗോളുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികയ്ക്കാൻ വെറും ആറു ഗോളുകൾ മാത്രം വേണമെന്നിരിക്കെയാണ് ഒരു പകരക്കാന്റെ വിടവ് നികത്താനാകാതെ ഛേത്രി ബൂട്ടഴിക്കുന്നത്.
പാരമ്പര്യമായി കിട്ടിയ ഫുട്ബോൾ കമ്പം
സുനിൽ ഛേത്രിക്ക് ഫുട്്ബോൾ എന്നത് പാരമ്പര്യമാണ്.അച്ഛനും സഹോദരിമാരുമൊക്കെ ഫുട്ബോൾ താരങ്ങളായ ഒരു ഫുട്ബോൾ കുടുംബത്തിലെ ആൺ തരിക്ക് മറ്റെന്താണ് ആകുവാൻ കഴിയുക.കുട്ടിക്കാലം തൊട്ടെ ഛേത്രി കണ്ടുവളർന്നത് കുടുംബത്തിന്റെ ഫുട്ബോൾ ഭ്രാന്ത് തന്നെയാണ്.
1984 ഓഗസ്റ്റ് 3ന് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലാണ് കെ.ബി ഛേത്രി, സുശീല ഛേത്രി ദമ്പതികളുടെ മകനായി സുനിൽ ഛേത്രിയുടെ ജനനം. ഇന്ത്യൻ സൈന്യത്തിലെ കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ് കെ.ബി. ഛേത്രി.അച്ഛനും ഇന്ത്യൻ ആർമി ടീമിനായി ഫുട്ബോൾ കളിച്ചിരുന്നു. അമ്മയും ഇരട്ട സഹോദരിമാരും നേപ്പാൾ വനിതാ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ചെറിയ ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുത്ത് ഛേത്രി ഗോൾവേട്ട തുടങ്ങിയിരുന്നു.
2002ൽ മോഹൻ ബഗാനിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ കരിയറിൽ വളർച്ചയുണ്ടാകുന്നത്. സോനം ഭട്ടാചാര്യയാണ് താരത്തിന്റെ ജീവിത പങ്കാളി. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മോഹൻ ബഗാൻ ഇതിഹാസവുമായിരുന്ന സുബ്രത ഭട്ടാചാര്യയുടെ മകളും, തന്റെ ദീർഘകാല കാമുകിയുമായ സോനം ഭട്ടാചാര്യയെ 2017 ഡിസംബർ 4നാണ് ഛേത്രി വിവാഹം കഴിച്ചത്.
കുറവുകളെ കഴിവുകളാക്കിയ കളിക്കളത്തിലെ ഛേത്രി മാജിക്
2005ൽ പാക്കിസ്ഥാനെതിരെയാണ് സുനിൽ ഛേത്രി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, ബൈച്ചുങ് ബൂട്ടിയ തുടങ്ങിയ ഇന്ത്യൻ നായകന്മാർക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ നായക പദവിയിൽ എത്തിയ താരമാണ് ഛേത്രി. എന്നാൽ പൂർവ്വികരേക്കാൾ കൂടുതൽ കാലം ഏറ്റെടുത്ത പദവി ഉത്തരവാദിത്തത്തോടെ നിർവഹിച്ചു എന്നതാണ് ഛേത്രിയുടെ പ്രധാന സവിശേഷത.
നീണ്ട 19 വർഷക്കാലം കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നെടുന്തൂണായി മാറിയ താരമാണ് ഛേത്രി.രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും, ഏറ്റവും കൂടുതൽ തവണ ക്യാപ്റ്റനായ കളിക്കാരനും ഛേത്രി തന്നെയാണ്.തന്റെ പരിമിതികളെ സമർത്ഥമായി ഉപയോഗിച്ചാണ് കളിക്കളത്തിൽ ഛേത്രി തന്റെ മാജിക്ക് തീർത്തത്്.തന്റെ പൊക്കക്കുറവിനെ സ്പോട്ട് ജമ്പിങ്ങിലും ടൈമിങ്ങിലുമുള്ള മിടുക്കിലൂടെ ഛേത്രി മറികടന്നു.ഇതോടെ ഹെഡർ ഒക്കെ അദ്ദേഹത്തിന് നിഷ്പ്രയാസം സാധ്യമായി.
കരിയറിന്റെ അവസാന ഘട്ടത്തിലും ജൂനിയർ താരങ്ങളോട് മുട്ടി ഗോൾവേട്ടയിൽ മുന്നിലെത്താൻ താരത്തിനായതും ഇ മാജിക്കുകൾ കൊണ്ട് തന്നെ.ഇതുവരെ 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടി.ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സിയുടെ താരമായ ഛേത്രി അവർക്കായും നിരവധി ഗോളുകളടിച്ച് കൂട്ടി. 2016 ജൂൺ 9നാണ് ഛേത്രി ബെംഗളൂരു എഫ്.സിയിലേക്ക് വരുന്നത്.
39 ാം വയസ്സിൽ യുവതാരങ്ങളെപ്പോലും വെല്ലുന്ന ഫിറ്റ്നസ്സിന് പിന്നിൽ
ഛെത്രി ഇന്ത്യയെ നയിക്കുന്ന 89-ാമത് മത്സരമാണ് ഇന്നത്തേത്.ടീമിലെ ഏറ്റവും യുവതാരത്തിന് പോലും അസൂയ ജനിപ്പിക്കുന്ന ഫിറ്റ്നസുമായാണ് ഛെത്രി ഇന്നലെ കൊൽക്കത്തിയിൽ പരിശീലനത്തിന് ഇറങ്ങിയത്. അവസാന മത്സരമായതിനാൽ തന്നെ ഇന്ന് മുഴുവൻ സമയവും ഛെത്രിയെ കളിപ്പിക്കാനാണ് സാദ്ധ്യത.താരത്തിന്റെ അസാമാന്യമായ ഈ ഫിറ്റ്നസിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഫിസിയോതെറാപിസ്റ്റ് ജിജി ജോർജ് ഇന്നലെ രംഗത്തെത്തിയിരുന്നു
അദ്ദേഹംപറഞ്ഞത് ഇങ്ങനെ.. 'പ്രായം കൂടുംതോറും ഛെത്രി ചെറുപ്പമാകുകയാണ്. സത്യസന്ധനായ കളിക്കാരനാണ്. പൂർണമായും പഞ്ചസാരയടങ്ങിയ ഭക്ഷണം അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.ഐസ്‌ക്രീമുകൾ കഴിച്ചിട്ടുതന്നെ കുറെ നാളുകളായി.പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ കേക്ക് കഴിക്കാൻ പോലും അദ്ദേഹം തയ്യാറാകില്ല. ഇലക്കറികളാണ് ഛെത്രി കൂടുതലും കഴിക്കാറുള്ളത്. രാവിലെ വ്യായാമം ചെയ്യുന്നതിനോടൊപ്പം ഗ്രീൻ ടീയും കുടിക്കും. മറ്റുള്ളവരോട് ഇതുതന്നെയാണ് അദ്ദേഹം ഉപദേശിക്കാറുള്ളത്'- ജിജി ജോർജ് വെളിപ്പെടുത്തി.
ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛെത്രി എല്ലാവർക്കും റോൾ മോഡലാണെന്നും 39-ാം വയസിലും സുനിൽ ഛെത്രി ആരോഗ്യവാനായിരിക്കുന്നതിനുപിന്നിൽ കൃത്യമായ ഡയറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാന മത്സരത്തിൽ കാത്തിരിക്കുന്നത് അപൂർവ്വ അവസരം
കൊൽക്കത്തയിലെ യുവ ഭാരതി ക്രീഡാംഗണിൽ കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടാണ് ഛെത്രിയുടെ അന്താരാഷ്ട്ര വിരമിക്കൽ മത്സരം.ഇന്ത്യൻ ഫുട്ബാളിന്റെ ക്യാപ്റ്റനെ അർഹമായ ആദരവോടെ യാത്ര അയയ്ക്കാൻ ആരാധകരും കൊൽക്കത്തയിലേക്ക് ഒഴുകിയെത്തുകയാണ്.ഛെത്രിയുടെ അവസാന മത്സരം കാണാൻ മുൻ ഇന്ത്യൻ താരം ഐ.എം വിജയനടക്കമുള്ള പ്രമുഖരുടെ നിര എത്തുന്നുണ്ട്.ഇന്ന് ഇന്ത്യ ജയിച്ചാൽ ചരിത്രംഛെത്രിക്ക് വിജയത്തോടെ വിട വാങ്ങാനായാൽ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ നേട്ടമാണ്.
ലോകകപ്പ് യോഗ്യതാറൗണ്ടിലെ രണ്ടാം ഘട്ടത്തിലെ മത്സരമാണിത്. ഇതിൽ വിജയിച്ചാൽ ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവർകൂടി അടങ്ങുന്ന ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്ക്ക് മൂന്നാം റൗണ്ടിലേക്ക് കടക്കാം.ചരിത്രത്തിൽ ആദ്യമായാകും ഇന്ത്യ മൂന്നാം റൗണ്ടിലെത്തുക.
121ഫിഫ റാങ്കിംഗിലെ ഇന്ത്യയുടെ സ്ഥാനം.139ഫിഫ റാങ്കിംഗിലെ കുവൈറ്റിന്റെ സ്ഥാനം.3കഴിഞ്ഞ വർഷം മൂന്ന് മത്സരങ്ങളിൽ ഇന്ത്യയും കുവൈറ്റും ഏറ്റുമുട്ടി. അതിൽ രണ്ടിലും ജയിച്ചത് ഇന്ത്യ. ഒരു മത്സരത്തിൽ കുവൈറ്റ്1-1ന് സമനില പിടിച്ചു. പോർച്ചുഗീസ് യൂത്ത് ടീമിന്റെ മുൻ കോച്ച് റൂയി ബെന്റോയാണ് കുവൈറ്റിനെ പരിശീലിപ്പിക്കുന്നത്.
കുവൈറ്റ് പ്രിമിയർ ലീഗിൽ കളിക്കുന്ന താരങ്ങളുമായാണ് ബെന്റോ എത്തുന്നത്.85000പേരാണ് സാൾട്ട് ലേക്കിലെ യുവ ഭാരതി ക്രീഡാംഗണിലെ കപ്പാസിറ്റി.ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിൽ കുറവുവരുത്താനിടയുണ്ട്. രാത്രി ഏഴിന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നിരിക്കുന്നു. ഒരിക്കൽക്കൂടി തന്റെ പ്രിയപ്പെട്ട 11-ാം നമ്പർ നീലക്കുപ്പായത്തിൽ ഛെത്രി ഇറങ്ങുമ്പോൾ യുവ ഭാരതിയിൽ ആരാധകർ ഇരമ്പിയാർക്കും.കളിക്കുന്നത് ഇന്ത്യയും കുവൈത്തുമാണെങ്കിലും എല്ലാ കണ്ണുകളും ഛേത്രിക്കു ചുറ്റുമായിരിക്കും.
ഛേത്രി ബൂട്ടഴിക്കുന്നത് പകരക്കാരനില്ലാതെ..
വേദി 2022 ജൂണിൽ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിന്റെ ആദ്യ മത്സരം.കംബോഡിയയ്ക്കെതിരെയുള്ള മത്സരം ഇന്ത്യ ജയിക്കുകയും ചെയ്തു.മത്സര ശേഷം തന്റെ ടീമംഗങ്ങളെ വിളിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഒരു ഉപദേശം നൽകി 'സുനിൽ ഛേത്രി ഇല്ലാതെ ഗോളടിക്കാനും ജയിക്കാനും പഠിക്കണം' മത്സരം ജയിച്ച ശേഷവും ഇങ്ങനെ ഒരു ഉപദേശത്തിന്റെ കാരണം മത്സരത്തിൽ ഇന്ത്യയുടെ 2 ഗോളുകളും നേടിയത് മുപ്പത്തിയേഴുകാരൻ ഛേത്രിയായിരുന്നു എന്നത് തന്നെ.
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ബൂട്ടഴിക്കുന്നത് തനിക്കൊത്തൊരു പകരക്കാരൻ ഇല്ലാതെ തന്നെയാണ്.കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയപ്പോൾ ഛേത്രിക്കു പിന്നാലെ ചുറ്റിത്തിരിഞ്ഞ ആരാധകർ ആർപ്പുവിളിച്ചത് ഇങ്ങനെയാണ് ' അമ്ര ഛേത്രിർ കേല മിസ്സ് കോർബോ ഖൂബ്' ഈ ബംഗാളി ആരവത്തിന്റെ അർത്ഥം ഇങ്ങനെയാണ് ഞങ്ങൾക്കു നിങ്ങളെ മിസ്സ് ചെയ്യും ഛേത്രി'.നാളെ തന്റെ 151-ാം അന്താരാഷ്ട്ര മത്സരത്തിനായാണ് ഛെത്രി ഇറങ്ങുന്നത്. മത്സരങ്ങളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഇന്ത്യൻ താരം ബെയ്ചുംഗ് ബൂട്ടിയ 88 മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്.
അന്താരാഷ്ട്ര ഫുട്ബോളിൽ ഛേത്രി സ്വന്തമാക്കിയ ഗോളടിയുടെ റെക്കോർഡ് മറ്റൊരു ഇന്ത്യൻ താരത്തിന് തിരുത്തിക്കുറിക്കാനാകുമോ എന്നു പോലും സംശയമാണ്. എ.എഫ്.സി ചാലഞ്ച് കപ്പ്, നാല് സാഫ് ചാമ്പ്യൻഷിപ്, മൂന്ന് നെഹ്റു കപ്പ്, രണ്ട് ഇന്റർ കോണ്ടിനന്റൽ കപ്പ് നേട്ടങ്ങൾക്ക് പിന്നാലെ രാജ്യം അർജുന അവാർഡും പത്മശ്രീയും ഖേൽരത്നയും നൽകി സുനിൽ ഛേത്രിയെ ആദരിച്ചിരുന്നു.
ഇനി ഞാൻ ഇന്ത്യൻ ടീമിന്റെ ആരാധകൻ
അവസാന മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന മാധ്യമസമ്മേളനത്തിൽ ഛേത്രിയോട് ഉയർന്ന വന്ന ചോദ്യം വിരമിക്കൽ പുനഃപരിശോധിക്കുമോ എന്നായിരുന്നു.. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ..ഇനി ദേശീയ ടീമിന്റെ ആരാധകനായി തുടരും..
നിർണായകമായ ഇന്നത്തെ മൽസരത്തിൽ വിജയിക്കുക എന്നതാണ് പ്രധാനം.എന്നെക്കുറിച്ചോ എന്റെ അവസാന മാച്ചിനെ കുറിച്ചോ അല്ല പറയാനുള്ളത്.അതിലല്ല ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ ഗെയിം വിജയിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ. ഇത് എളുപ്പമായിരിക്കില്ല, പക്ഷേ ഞങ്ങൾ തയ്യാറാണ്'- സൂപ്പർ സ്ട്രൈക്കർ പറഞ്ഞു.
വിരമിക്കലിന് ശേഷം ഉടനടി ചെയ്യാനുള്ള കാര്യങ്ങളും ഛേത്രി ആസൂത്രണം ചെയ്തിട്ടുണ്ട്. 'നാളെ ഞങ്ങൾ വിജയിച്ചാൽ മിക്കവാറും യോഗ്യത നേടും. നാട്ടിലും പുറത്തും മികച്ച അഞ്ച് ഗെയിമുകൾ, ടീം യാത്ര ചെയ്യുന്നിടത്തെല്ലാം ഞാൻ നല്ല സ്യൂട്ടുകൾ ധരിച്ച് മത്സരം കാണാൻ പോകും. ഈ 19 വർഷവും ടീമിനൊപ്പമായിരുന്നു സഞ്ചാരം. ഇനിയും ഒരു ആരാധകനായി അവർ എവിടെ പോയാലും ടീമിനെ പിന്തുണയ്ക്കാൻ കൂടെയുണ്ടാവും'- ഛേത്രി ഫുട്‌ബോളിനോടുള്ള തന്റെ പ്രണയം ആവർത്തിച്ചു.
സന്തോഷത്തിന്റെ നഗരം ഇന്ന് വേദിയാകുന്നത് ഇന്ത്യൻ ഫുട്ബോളിലെ ദുഃഖകരമായ മുഹൂർത്തങ്ങളിലൊന്നിനാണ്. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയുടെ പടിയിറക്കത്തിന്.ഗോളടിച്ചും അടിപ്പിച്ചും മുന്നിൽ നിന്നു നയിക്കുന്ന നായകൻ,തന്റെ സാന്നിധ്യം തന്നെ ആവേശമാക്കി മാറ്റാൻ കഴിയുന്ന ഫുട്ബോളർ..സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വന്തം ചുമലിലേറ്റാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിയുന്നു. പന്തിന്റെ ദിശയും ഗതിയും ഛേത്രിയോളം വായിച്ചെടുക്കുന്നവർ ഇന്ത്യൻ ഫുട്ബോളിൽ ആരുമില്ല. അ വിടവ് ഇന്ത്യൻ ടീമിന് അത്രമേൽ വലുതാകുന്നതും അതുകൊണ്ടാണ്.