മ്യൂണിക്: ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി പുറത്തായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിക്കും കിലിയൻ എംബാപ്പെക്കും എതിരെയടക്കം നിരവധി വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. കളിച്ചിട്ടും ബയേണിനെതിരേ ഒരു ഗോളുപോലും നേടാനാവാത്തതാണ് ആരാധകരെ നിരാശരാക്കിയത്.

പ്രീക്വാർട്ടർ ആദ്യപാദത്തിൽ ഒരു ഗോളിനാണ് ബയേൺ മുന്നിട്ട് നിന്നത്. രണ്ടാം പാദത്തിൽ പിഎസ്ജി തിരിച്ചുവരുമെന്നാണ് ഏവരും കരുതിയത്. എന്നാൽ അലിയൻസ് അരീനയിൽ നടന്ന രണ്ടാംപാദ പ്രീക്വാർട്ടറിൽ രണ്ടുഗോളുകൾക്ക് തോൽവിയേറ്റുവാങ്ങിയതോടെ മെസ്സിയും സംഘവും ക്വാർട്ടർ കാണാതെ പുറത്തായി.

ഇതിന് പിന്നാലെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി. പിഎസ്ജി പുറത്തായതിൽ താൻ സന്തോഷവാനാണെന്നാണ് മുൻ ലിവർപൂൾ താരം ജെയ്മി കാരഗർ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷത്തിൽ അഞ്ചുതവണയും പ്രീക്വാർട്ടറിൽ പുറത്തായ പിഎസ്ജി ഒരു ടീമെന്ന നിലയിലല്ല കളിക്കുന്നതെന്നും കാരഗർ കൂട്ടിച്ചേർത്തു.

'ആരെക്കാളും കൂടുതൽ പണം ചിലവഴിക്കുന്നവരാണവർ. ലോകത്തിലെ മികച്ച താരങ്ങൾ അവർക്കുണ്ട്. പക്ഷേ ഒരു ടീമായിരിക്കുക എന്നത് എത്ര പ്രധാനമാണെന്നാണ് ഇത് കാണിക്കുന്നത്'- കാരഗർ പറഞ്ഞു.

ബയേൺ താരം തോമസ് മുള്ളറും പ്രതികരണങ്ങളുമായി രംഗത്തെത്തി. 'മെസ്സിക്കെതിരേ കളിക്കുമ്പോൾ കാര്യങ്ങൾ എപ്പോഴും നല്ല രീതിയിലാണ് പോകുന്നത്. എന്നാൽ ക്രിസ്റ്റ്യാനോയ്ക്കെതിരേ കളിക്കുമ്പോൾ അങ്ങനെയല്ല. ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിനായി കളിക്കുമ്പോൾ ഞങ്ങൾക്ക് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.'- മുള്ളർ പറഞ്ഞു. എന്നാൽ മെസ്സിയുടെ ലോകകപ്പിലെ പ്രകടനത്തിൽ തനിക്ക് ബഹുമാനമുണ്ടെന്നും മുള്ളർ കൂട്ടിച്ചേർത്തു.

ലോകകപ്പ് ഹീറോ ലയണൽ മെസ്സിക്കും സൂപ്പർതാരം കിലിയൻ എംബപ്പെക്കും മികവ് പുറത്തെടുക്കാനായില്ല. പരുക്കേറ്റ നെയ്മർ പുറത്തിരിക്കുക കൂടി ചെയ്തതോടെ, ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പന്മാർ തോറ്റു മടങ്ങുകയായിരുന്നു.

രണ്ടാം പാദ മത്സരത്തിൽ ജർമൻ വമ്പന്മാരായ ബയൺ മ്യൂണിക്കിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റാണ് പിഎസ്ജി പുറത്തായത്. ഇരുപാദങ്ങളിലുമായി തോൽവി 3 - 0ന്. മറ്റൊരു മത്സരത്തിൽ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ ഗോൾരഹിത സമനിലയിൽ തളച്ച് എസി മിലാനും ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ നേടിയ ഒരു ഗോൾ വിജയമാണ് മിലാന് കരുത്തായത്.

ആദ്യ പാദ പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ ബയണിനോട് എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ട പിഎസ്ജിക്ക്, ചാംപ്യൻസ് ലീഗ് ക്വാർട്ടറിലേക്കു മുന്നേറാൻ ബയണിന്റെ തട്ടകത്തിൽ വിജയം അനിവാര്യമായിരുന്നു. നെയ്മാറിന്റെ അഭാവത്തിൽ മെസ്സി എംബപ്പെ സഖ്യം നയിച്ച പോരാട്ടത്തിൽ, അവർ രണ്ടു ഗോളിനു തോറ്റു.

ബയണിനായി പിഎസ്ജിയുടെ മുൻ താരം കൂടിയായ മാക്‌സിം ചോപ്പോ മോട്ടിങ് (61ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ സെർജിയോ ഗനാബ്രി (89) എന്നിവരാണ് ഗോൾ നേടിയത്. കഴിഞ്ഞ ഏഴു ചാംപ്യൻസ് ലീഗുകളിൽ, പിഎസ്ജി പ്രീക്വാർട്ടറിൽ തോറ്റു പുറത്താകുന്നത് ഇത് അഞ്ചാം തവണയാണ്.

മറ്റൊരു മത്സരത്തിൽ, ടോട്ടനം ഹോട്സ്പറിനെ അവരുടെ തട്ടകത്തിൽ ഗോൾരഹിത സമനിലയിൽ തളച്ചാണ് എസി മിലാൻ ക്വാർട്ടറിലേക്കു മുന്നേറിയത്. മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ക്രിസ്റ്റ്യൻ റൊമേരോ 78ാം മിനിറ്റിൽ പുറത്തുപോയതിനാൽ 10 പേരുമായാണ് ടോട്ടനം മത്സരം പൂർത്തിയാക്കിയത്.