ന്യൂഡൽഹി: രാജ്യത്തെ മുൻനിര താരങ്ങൾ അണിനിരക്കുന്ന സൂപ്പർ കപ്പ് ഫുട്ബാളിന് ഏപ്രിൽ എട്ടു മുതൽ 25 വരെ കേരളം ആതിഥേയരാകും. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ് മത്സരങ്ങളെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) അറിയിച്ചു.

ഐ.എസ്.എല്ലിലെ 11ഉം ഐ ലീഗിലെ അഞ്ചും ടീമുകളടക്കം 16 ടീമുകൾ സൂപ്പർ കപ്പിനെത്തും. ഐ.എസ്.എല്ലിലെ 11 ടീമുകളും ഐ ലീഗ് ജേതാക്കളും ഗ്രൂപ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടും. ഐ ലീഗിൽ രണ്ടു മുതൽ പത്തു വരെ സ്ഥാനത്തെത്തുന്ന ടീമുകളുടെ യോഗ്യത മത്സരത്തിന് ശേഷം സൂപ്പർ കപ്പിനുള്ള ബാക്കി നാല് ടീമുകളെ തീരുമാനിക്കും. ഈ യോഗ്യത മത്സരങ്ങൾ ഏപ്രിൽ മൂന്നിന് തുടങ്ങും. സൂപ്പർ കപ്പിന്റെ ഗ്രൂപ് മത്സരങ്ങളും ഫൈനലടക്കമുള്ള പോരാട്ടങ്ങളും കേരളത്തിൽ ഏത് വേദിയിൽ നടത്തുമെന്ന് പിന്നീട് തീരുമാനിക്കും.

മുൻജേതാക്കളാകുന്ന ടീം ഈ സീസണിലെ എ.എഫ്.സി കപ്പ് യോഗ്യത നേടാൻ കഴിഞ്ഞ വർഷത്തെ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്.സിയുമായി കളിക്കും. ഗോകുലം സൂപ്പർ കപ്പിൽ കിരീടം നേടിയാൽ എ.എഫ്.സി കപ്പിൽ കളിക്കാൻ യോഗ്യത നേടും. മൂന്നു വർഷമായി കോവിഡ് കാരണം സൂപ്പർ കപ്പ് നടന്നിരുന്നില്ല. 2019ൽ എഫ്.സി ഗോവയായിരുന്നു ജേതാക്കൾ.