സാവോപോളോ: തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ആരാധകരോട് ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ. പതിവായി നടത്താറുള്ള പരിശോധനകളാണ് നടത്തുന്നതെന്നും എല്ലാവരും സമാധാനത്തോടെയും പോസിറ്റീവും ആയി ഇരിക്കണമെന്നും അദ്ദേഹം ഔദ്യോഗിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

82കാരനായ പെലെയെ അർബുദ ബാധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ ഇപ്പോഴും തുടരുകയാണെന്ന് പെലെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. പെലെ കീമോ തെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഇതിഹാസ താരം കുറിപ്പ് പങ്കുവച്ചത്. അർബുദത്തിന് ചികിത്സയിലുള്ള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്നും പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

'സുഹൃത്തുക്കളേ, എല്ലാവരും സമാധാനമായും പോസിറ്റീവായും ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ശക്തനാണ്. പതിവു ചികിത്സ തുടർന്നു വരുന്നു. എനിക്കു നൽകിയ പരിചരണത്തിന് മുഴുവൻ മെഡിക്കൽ,നഴ്‌സിംങ് ടീമിനും നന്ദി പറയുന്നു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും എനിക്ക് ലഭിക്കുന്ന സ്‌നേഹവും സന്ദേശവും എന്നെ ഊർജ്വ സ്വലനാക്കുന്നു. ലോകകപ്പിലെ ബ്രസീലിന്റെ പോരാട്ടം കാണുക' - പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 
 
 
View this post on Instagram

A post shared by Pelé (@pele)

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസുഖം മൂർഛിച്ചതിനെത്തുടർന്ന് 82 കാരനായ പെലെയെ സാവോപോളോയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ ആശങ്കയിലായിരുന്നു. 2021 ൽ പെലെയ്ക്ക് വൻകുടലിൽ ട്യൂമർ ബാധിച്ചിരുന്നു. ഇതിനോടനുബന്ധിച്ചുള്ള തുടർ ചികിത്സകൾ നടന്നു വരികയാണ്.

പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് പെലെയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഖത്തർ ലോകകപ്പിൽ മുന്നേറുന്ന ബ്രസീലിയൻ താരങ്ങൾക്ക് പെലെ പിന്തുണ അറിയിച്ചിരുന്നു. 'രാജാവിനായി പ്രാർത്ഥിക്കുക' ഫ്രാൻസ് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നും പെലെയ്ക്ക് പിന്തുണയർപ്പിച്ചു. അദ്ദേഹം കളിയിൽ എന്നും പ്രചോദനവും അത്ഭുതപ്പെടുത്തുന്ന ഫുട്ബോൾ കളിക്കാരനാുമാണ്,- ഹാരി കെയ്ൻ കൂട്ടിച്ചേർത്തു.

1958, 1962, 1970 എന്നീ മൂന്ന് ലോകകപ്പുകൾ നേടിയ ചരിത്രത്തിലെ ഏക ഫുട്ബോൾ കളിക്കാരനാണ് പെലെ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിജയകരവും ജനപ്രിയവുമായ കായികതാരങ്ങളിൽ ഒരാളാണ്. 17 വയസ്സുള്ളപ്പോൾ 1958 ലോകകപ്പ് നേടി, സെമിഫൈനലിൽ ഹാട്രിക്കും ഫൈനലിൽ രണ്ട് ഗോളുകളും നേടി, സ്വന്തം കരിയർ ഉയർത്തി. ബ്രസീലിയൻ ദേശീയ ടീമിന്റെ ഫുട്ബോൾ ആധിപത്യത്തിന് ജീവൻ പകർന്നതും പെലെയുടെ ഐതിഹാസികമായ കരിയറായിരുന്നു.

ക്യാൻസർ ബാധിതനായതു മുതൽ പെലെയുടെ ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു. എന്നാൽ തന്റെ നർമ്മ ബോധം ഉയർത്തിപ്പിടിച്ചും കൂടുതൽ സന്തോഷവാനായും അദ്ദേഹം രോഗത്തെ പ്രതിരോധിക്കുകയായിരുന്നു.