ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തിൽ ചരിത്രം കുറിച്ച് സ്വർണനേട്ടവുമായി ഇന്ത്യൻ ടീം. സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുൽ ഛെദ്ദ, അനുഷ് അഗർവല്ല എന്നിവരടങ്ങിയ മിക്‌സഡ് ടീമാണ് അശ്വാഭ്യാസത്തിൽ വിജയിച്ചത്. 41 വർഷത്തിനുശേഷമാണ് അശ്വാഭ്യാസത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്നത്.

ടീം ഇനത്തിൽ 209.205 പോയന്റ് നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 204.88 പോയന്റ് നേടിയ ചൈന വെള്ളിയും 204.852 പോയന്റ് നേടിയ ഹോങ്കോംഗ് വെങ്കലവും നേടി. ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്.

നേരത്തെ ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനം സെയിലിങ് താരം നേഹ താക്കൂർ ആണ് ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ ഡിൻഗി 4 വിഭാഗത്തിലാണ് നേഹയുടെ നേട്ടം. 27 പോയന്റുമായാണ് നേഹ രണ്ടാം സ്ഥാനത്ത് എത്തിയത്. ഗെയിംസിൽ ഇന്ത്യയുടെ നാലാമത്തെ വെള്ളിമെഡലാണിത്. മധ്യപ്രദേശിലെ ദേവാസ് സ്വദേശിനിയായ 17 വയസ്സുകാരി കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ സെയ്‌ലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരുന്നു.

സെയിലിങ് പുരുഷ വിഭാഗത്തിൽ ഇബാദ് അലിയും വിഷ്ണു ശരവണനും വെങ്കലം സ്വന്തമാക്കി. ഇതോടെ ഇന്ത്യക്ക് മൂന്ന് സ്വർണം ഉൾപ്പടെ ആകെ 15 മെഡലായി. നിലവിൽ മൂന്ന് സ്വർണവും നാല് വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 15 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

പുരുഷന്മാരുടെ 4 ഗുണം 100 മെഡ്ലെ റിലേയിൽ മലയാളിതാരങ്ങളായ സജൻ പ്രകാശും ടാനിഷ് മാത്യുവും ഉൾപ്പെട്ട ടീം ഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യൻ ടീമിന്റെ മുന്നേറ്റം. വൈകിട്ട് ആറരയ്ക്കാണ് ഫൈനൽ. വനിതകളുടെ ഫെൻസിംഗിൽ ഭവാനി ദേവി ക്വാർട്ടർ ഫൈനലിൽ പുറത്തായി. ഷൂട്ടിങ് പത്ത് മീറ്റർ എയർ റൈഫിൾ മിക്‌സ്ഡ് ടീം ഇനത്തിൽ ദിവ്യാൻഷ്, രമിത സഖ്യം വെങ്കലമെഡൽ പോരാട്ടത്തിൽ കൊറിയാൻ ടീമിനോട് തോറ്റു.

പുരുഷന്മാരുടെ സ്‌ക്വാഷ് ഗ്രൂപ്പ് ഇനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനെ തോൽപിച്ചു. 3 - 0നാണ് ഇന്ത്യയുടെ വിജയം. അടുത്ത മത്സരത്തിൽ ഖത്തറാണ് ഇന്ത്യയുടെ എതിരാളികൾ.

പുരുഷ ഹോക്കിയിൽ ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി. ഗ്രൂപ്പ് മത്സരത്തിൽ സിങ്കപ്പുരിനെ ഒന്നിനെതിരേ 16 ഗോളുകൾക്ക് തകർത്തു. ജൂഡോ വനിതാ വിഭാഗത്തിൽ തൂലിക മന്നും പുരുഷ വിഭാഗത്തിൽ അവതാർ സിങ്ങും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.