ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളായിരിക്കും സ്വർണമെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഫൈനലിൽ വിജയം നേടിയാൽ സ്വർണമെഡലിനൊപ്പം ഇന്ത്യയ്ക്ക് നേരിട്ട് പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടാം.

സെപ്റ്റംബർ ആറിനാണ് ഫൈനൽ. ഏഷ്യൻ ഗെയിംസിലെ എല്ലാ മത്സരങ്ങളും വിജയിച്ചെത്തിയ ഇന്ത്യ സെമിയിലും ആ മികവ് തുടർന്നു. ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് സിങ്, മൻദീപ് സിങ്, ലളിത് ഉപധ്യായ്, അമിത് രോഹിദാസ്, അഭിഷേക് സിങ് എന്നിവർ ലക്ഷ്യം കണ്ടു. കൊറിയയ്ക്ക് വേണ്ടി ജുങ് മൻജെ ഹാട്രിക്ക് നേടി. ഏഷ്യൻസ് ഗെയിംസ് ജേതാക്കൾക്ക് പാരീസ് ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പിക്കാനാവും.

അഞ്ചാം മിനിറ്റിൽ ഹാർദ്ദിക് സിങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. 11ാം മിനിറ്റിൽ മൻദീപ് സിങ് ഇന്ത്യയുടെ ലീഡ് ഉയർത്തി. ആദ്യ ക്വാർട്ടർ തീരുന്നതിന് തൊട്ടു മുമ്പ് ലളിത് ഉപാധ്യായ് ഇന്ത്യയുടെ ലീഡ് മൂന്നാക്കി ഉയർത്തി.

എന്നാൽ രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ദക്ഷിണ കൊറിയ ജുങ് മാഞ്ചേയിലൂടെ ഒരു ഗോൾ മടക്കി. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 20ാം മിനിറ്റിൽ ജുങ് മാഞ്ചേയ് വീണ്ടും കൊറിയക്കായി സ്‌കോർ ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ പ്രത്യാക്രമണത്തിലൂടെ 24-ാം മിനിറ്റിൽ നാലാം ഗോളും കൊറിയൻ വലയിലെത്തിച്ചു. പെനൽറ്റി കോർണറിൽ നിന്ന് അമിത് രോഹിദാസ് ആയിരുന്നു ഇന്ത്യയുടെ ലീഡയുയർത്തിയ ഗോൾ നേടിയത്.

മൂന്നാം ക്വാർട്ടർ തീരുന്നതിന് മൂന്ന് മിനിറ്റ് മുമ്പ് ജുങ് മാഞ്ചേയ് ഹാട്രിക്ക് തികച്ച് വീണ്ടും കൊറിയക്കായി ഗോൾ നേടിതോടെ മത്സരം ആവേശത്തിന്റെ പരകോടിയിലായി. സമനില ഗോളിനായി കൊറിയ ആഞ്ഞ് ശ്രമിക്കുന്നതിനിടെ 54ാം മിനിറ്റിൽ അഭിഷേക് റിവേഴ്‌സ് ഹിറ്റിലൂടെ ഇന്ത്യയുടെ വിജയഗോൾ നേടി. അവസാന നിമിഷം കൊറിയ കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും ഗോൾ പോസ്റ്റിന് താഴെ മലയാളി താരം പി ആർ ശ്രീജേഷ് ഉറച്ചു നിന്നതോടെ ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തു.

ഇത് 13-ാം തവണയാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഏഷ്യൻ ഗെയിംസിന്റെ ഫൈനലിലെത്തുന്നത്. മൂന്ന് തവണ ടീം സ്വർണം നേടി. ഒൻപത് വെള്ളിയും മൂന്ന് വെങ്കലവും ടീം നേടിയിട്ടുണ്ട്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലം നേടിയിരുന്നു.

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ് 75 കി.ഗ്രാം വിഭാഗത്തിൽ ലവ്ലിന ബോർഗോഹെയ്ൻ വെള്ളി നേടിയിരുന്നു. ഫൈനലിൽ ചൈനീസ് താരം ക്വിയാൻ ലിയോട് ലവ്ലിന പരാജയപ്പെടുകയായിരുന്നു. ഇതോടെ, 16 സ്വർണവും 27 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 74 മെഡലുകളായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുകയാണ്.

സ്‌ക്വാഷ് മിക്‌സഡ് ഡബിൾസിൽ അഭയ് സിങ് - അനാഹത് സിങ് സഖ്യം ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. സെമിയിൽ മലേഷ്യയുടെ ഐഫ അസ്മാൻ ബിൻടി - സയാഫിഖ് മുഹമ്മദ് കമാൽ സഖ്യത്തോടെ പരാജയപ്പെട്ടതോടെ (2 - 1) ഇന്ത്യൻ സഖ്യത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബോക്‌സിങ്ങിൽ വനിതകളുടെ 57 കി.ഗ്രാം വിഭാഗത്തിൽ പർവീൺ ഹൂഡയ്ക്കും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെമിയിൽ ചൈനീസ് തായ്‌പേയ് താരം ടിങ് യു ലിന്നിനോട് പർവീൺ പരാജയപ്പെടുകയായിരുന്നു (5 - 0).

ഏഴു പതിറ്റാണ്ടിനിടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടമാണിത്. 2018-ൽ ജക്കാർത്തയിൽ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു.

അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടി. കൊറിയയുടെ സോ ചെവോൺ - ജൂ ജഹൂൺ സഖ്യത്തെ 159-158 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യൻ സഖ്യം സ്വർണമണിഞ്ഞത്. നേരത്തേ 35 കിലോമീറ്റർ നടത്തത്തിൽ ടീം ഇനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം നേടിയിരുന്നു. രാം ബാബു - മഞ്ജു റാണി സഖ്യമാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്.