- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാവലിൻ ത്രോയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഇന്ത്യൻ താരങ്ങൾ; സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര; വെള്ളിത്തിളക്കത്തിൽ കിഷോർ കുമാർ; 4*400 പുരുഷ റിലേയിൽ സ്വർണം; 81 മെഡലുമായി ഇന്ത്യ നാലാമത്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങളുടെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ജാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പർ താരം നീരജ് ചോപ്രക്ക് സ്വർണം. ജവാലിൻ ത്രോ ഫൈനലിൽ മറ്റൊരു ഇന്ത്യൻ താരമായ കിഷോർ കുമാർ ജെനയുവിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് തന്റെ നാലാം ശ്രമത്തിൽ 88.88 മീറ്റർ ദൂരം താണ്ടി നീരജ് സ്വർണമണിഞ്ഞത്.
പുരുഷന്മാരുടെ 4*400 മീറ്റർ റിലേയിലും ജാവലിൻ ത്രോയിലും ഇന്ത്യ സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യ കുതിക്കുകയാണ്. ഇന്ത്യയുടെ മെഡൽ നേട്ടം 81-ൽ എത്തി. ഏഴു പതിറ്റാണ്ടിനിടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടമാണിത്. 2018-ൽ ജക്കാർത്തയിൽ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു.
അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേഷ് എന്നിവരടങ്ങിയ സംഘമാണ് റിലേയിൽ സ്വർണം നേടിയത്. .വനിതകളുടെ 4*400 മീറ്റർ റിലേയിൽ ഇന്ത്യ വെള്ളി നേടി. വിദ്യ രാംരാജ്, ഐശ്വര്യ മിശ്ര, പ്രാച്ചി, ശുഭ വെങ്കടേശൻ എന്നിവരടങ്ങിയ സംഘമാണ് വെള്ളി നേടിയത്.
ജവാലിൻ ത്രോ ഫൈനലിൽ തന്റെ നാലാം ത്രോയിൽ 87.54 മീറ്റർ ദൂരം താണ്ടിയ കിഷോർ കുമാർ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്‌സ് യോഗ്യതയുമായാണ് ജന ഹാങ്‌ചോയിൽ നിന്നു മടങ്ങുന്നത്.
2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും നീരജ് സ്വർണം നേടിയിരുന്നു. ഇന്ത്യൻ താരങ്ങളുടെ ശക്തമായ പോരാട്ടമായിരുന്നു ജാവലിൻ ത്രോ ഫൈനലിൽ ഹാങ്‌ചോയിൽ നടന്നത്. ഫൈനലിൽ നീരജിന്റെ ആദ്യ ത്രോ മികച്ചതായിരുന്നെങ്കിലും സാങ്കേതിക തകരാറിനെത്തുടർന്ന് റി ത്രോ എറിയേണ്ടിവന്നു. രണ്ടാം വട്ടവും എറിഞ്ഞ ആദ്യ ത്രോയിൽ നീരജ് 82.38 മീറ്റർ ദൂരം താണ്ടി. തന്റെ ആദ്യ ത്രോയിൽ 81.26 മീറ്റർ ദൂരവുമായി കിഷോർ കുമാർ ജെന ആദ്യ റൗണ്ടിൽ തന്നെ അട്ടിമറി ഭീഷണി ഉയർത്തിയിരുന്നു.
തന്റെ രണ്ടാം ശ്രമത്തിൽ നീരജ് 84.49 മീറ്റർ പിന്നിട്ടു കിഷോർ കുമാറിന് മേൽ ലീഡുയർത്തി. കിഷോർ കുമാർ രണ്ടാം ശ്രമത്തിൽ 79.76 ദൂരം പിന്നിട്ടെങ്കിലും ഒഫീഷ്യൽസ് ഫൗൾ വിളിച്ചു. എന്നാൽ ഇന്ത്യയുടെ പ്രതിഷേധത്തെത്തുടർന്ന് ത്രോ അനുവദിച്ചു. മൂന്നാം ശ്രമത്തിൽ മികച്ച ദൂരം താണ്ടാനാവില്ലെന്ന് ഉറപ്പായപ്പോൾ നീരജ് ത്രോ ബോധപൂർവം ഫൗളാക്കി. എന്നാൽ തന്റെ മൂന്നാം ശ്രമത്തിൽ 86.77 ദൂരമെറിഞ്ഞ് കിഷോർ കുമാർ നീരജിന് മേൽ ലീഡെടുത്തു.
നാലാം ശ്രമത്തിൽ 88.88 മീറ്റർ ദൂരം പിന്നിട്ട് നീരജ് വീണ്ടും കിഷോറിന് മേൽ ലീഡെടുത്തു. തന്റെ നാലാം ശ്രമത്തിൽ 87.54 മീറ്റർ ദൂരം താണ്ടിയ കിഷോർ കുമാർ നീരജിന് തൊട്ടടുത്തെത്തി. നാലാം ശ്രമത്തിൽ കരിയറിലെ മികച്ച ദൂരം മെച്ചപ്പെടുത്താൻ ജനയ്ക്കായി. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. 85.50 മീറ്ററെന്ന യോഗ്യതാ പരിധി മറികടന്നതോടെ ജന പാരിസ് ഒളിംപിക്‌സിനും യോഗ്യത നേടി. മത്സരത്തിൽ നീരജിന്റെ ആദ്യ ശ്രമം സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് തടസ്സപ്പെട്ടിരുന്നു.
തന്റെ അഞ്ചാം ശ്രമത്തിൽ നീരജിന് 80.80 മീറ്ററെ പിന്നിടാനായുള്ളു. കിഷോർ കുമാറിന്റെ അഞ്ചാം ത്രോ ഫൗളായി. നീരജിന്റെയും കിഷോറിന്റെയും അവസാന ത്രോകളും ഫൗളായി. ജാവലിൻ ത്രോയിൽ ജപ്പാൻ വെങ്കലം നേടി.
യുജീൻ ഡയമണ്ട് ലീഗിൽ നീരജ് വെള്ളി നേടിയിരുന്നു. 83.80 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. 0.44 മീറ്റർ വ്യത്യാസത്തിലായിരുന്നു നീരജിന് സ്വർണം നഷ്ടമായത്. ലോകചാംപ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാവായ നീരജിന് സെപ്റ്റംബറിൽ നടന്ന സൂറ ിക് ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ നേടാനേ സാധിച്ചിരുന്നുള്ളൂ.
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്ററിൽ അവിനാശ് സാബ്ലെ വെള്ളി നേടി. 13:21.09 മിനിറ്റിലാണ് താരം മത്സരം പൂർത്തീകരിച്ചത്. താരത്തിന്റെ രണ്ടാം മെഡലാണിത്. നേരത്തേ സ്റ്റീപ്പിൾ ചേസിൽ അവിനാശ് ഗെയിംസ് റെക്കോഡോടെ സ്വർണം നേടിയിരുന്നു.
വനിതകളുടെ 800 മീറ്ററിൽ ഇന്ത്യയ്ക്ക് വേണ്ടി ഹർമിലൻ ബെയ്ൻസ് വെള്ളി നേടി. പുരുഷ ഗുസ്തിയിൽ ഇന്ത്യയുടെ സുനിൽ കുമാർ വെങ്കലം സ്വന്തമാക്കി.. 87 കിലോ ഗ്രെക്കോ റോമൻ വിഭാഗത്തിലാണ് സുനിൽ വെങ്കലം നേടിയത്. കിർഗിസ്ഥാന്റെ അടബെക് അസീസ്ബെക്കോവിനെ കീഴടക്കിയാണ് താരം മൂന്നാം സ്ഥാനം നേടിയത്. സ്‌കോർ: 2-1
വനിതകളുടെ ബോക്സിങ് 75 കി.ഗ്രാം വിഭാഗത്തിൽ ലവ്ലിന ബോർഗോഹെയ്ൻ വെള്ളി നേടി. ഫൈനലിൽ ചൈനീസ് താരം ക്വിയാൻ ലിയോട് ലവ്ലിന പരാജയപ്പെടുകയായിരുന്നു. ഇതോടെ, 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ഉൾപ്പെടെ 81 മെഡലുകളായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുകയാണ്.
സ്‌ക്വാഷ് മിക്‌സഡ് ഡബിൾസിൽ അഭയ് സിങ് - അനാഹത് സിങ് സഖ്യം ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. സെമിയിൽ മലേഷ്യയുടെ ഐഫ അസ്മാൻ ബിൻടി - സയാഫിഖ് മുഹമ്മദ് കമാൽ സഖ്യത്തോടെ പരാജയപ്പെട്ടതോടെ (2 - 1) ഇന്ത്യൻ സഖ്യത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബോക്‌സിങ്ങിൽ വനിതകളുടെ 57 കി.ഗ്രാം വിഭാഗത്തിൽ പർവീൺ ഹൂഡയ്ക്കും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെമിയിൽ ചൈനീസ് തായ്‌പേയ് താരം ടിങ് യു ലിന്നിനോട് പർവീൺ പരാജയപ്പെടുകയായിരുന്നു (5 - 0).
അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടി. കൊറിയയുടെ സോ ചെവോൺ - ജൂ ജഹൂൺ സഖ്യത്തെ 159-158 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യൻ സഖ്യം സ്വർണമണിഞ്ഞത്. നേരത്തേ 35 കിലോമീറ്റർ നടത്തത്തിൽ ടീം ഇനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം നേടിയിരുന്നു. രാം ബാബു - മഞ്ജു റാണി സഖ്യമാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്.
സ്പോർട്സ് ഡെസ്ക്