ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ സ്‌ക്വാഷിലും അമ്പെയ്ത്തിലും ഇന്ത്യയുടെ സ്വർണവേട്ട. അമ്പെയ്ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയതോടെ ഇന്ത്യയ്ക്ക് 21-ാം സ്വർണമായി. ഗെയിംസിന്റെ 12-ാം ദിനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വർണമാണിത്. നേരത്തേ വനിതകളുടെ കോമ്പൗണ്ട് ടീമും സ്‌ക്വാഷ് മിക്‌സഡ് ഡബിൾസിലും സ്വർണം നേടിയിരുന്നു. ഇതോടെ 21 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ചേർത്ത് ഇന്ത്യയുടെ മെഡൽ നേട്ടം ആകെ 84 മെഡലായി.

അഭിഷേക് വർമ, ഓജസ് പ്രവീൺ, പ്രഥമേഷ് സമാധാൻ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയൻ ടീമിനെതിരേ 235-230 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌ക്വാഷ് മിക്‌സഡ് ഡബിൾസിൽ മലയാളി താരം ദീപിക പള്ളിക്കൽ - ഹരീന്ദർ പാൽ സിങ് സഖ്യവും സ്വർണം നേടി. ഫൈനലിൽ മലേഷ്യയെ 2-0ന് കീഴടക്കിയാണ് ഇന്ത്യയുടെ സ്വർണ നേട്ടം.

മലയാളി താരം ദീപിക പള്ളിക്കലും ഹരീന്ദർപാൽ സിങ് സന്ധുവും അടങ്ങുന്ന സഖ്യമാണ് ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് സ്‌ക്വാഷിൽ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. മലേഷ്യയുടെ ബിന്തി അസ്മൻ ഐഫ-മുഹമ്മദ് സയാഫിക് സഖ്യത്തെ വാശിയേറി പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ചരിത്രനേട്ടം സ്വന്തമാക്കിയത്.

അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. ഫൈനലിൽ ചൈനീസ് തായ്പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിരീട നേട്ടം. വാശിയേറിയ ഫൈനലിൽ ചൈനീസ് തായ്പേയിയെ കീഴടക്കിയാണ് ഇന്ത്യൻ വനിതകളുടെ സ്വർണ നേട്ടം. ഇന്തോനേഷ്യയെ തോൽപ്പിച്ച ദക്ഷിണ കൊറിയക്കാണ് ഈ ഇനത്തിൽ വെങ്കലം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നിൽ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.

ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡലുറപ്പിച്ച് മലയാളി താരം എച്ച്.എസ് പ്രണോയ് സെമിയിലെത്തി. 1982-ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡലുറപ്പാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും പ്രണോയ് സ്വന്തമാക്കി. മലേഷ്യയുടെ ലീ സി ജിയയെ 21-16, 21-23, 22-10 എന്ന സ്‌കോറിന് മറികടന്നായിരുന്നു താരത്തിന്റെ സെമി പ്രവേശനം.

ആർച്ചറിയും സ്‌ക്വാഷിലും സ്വർണം നേടിയപ്പോഴും ബാഡ്മിന്റണിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പി വി സിന്ധു ക്വാർട്ടറിൽ ചൈനീസ് താരം ഹേ ബിംഗാജിയാവോയോട് തോറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്റെ തോൽവി. സ്‌കോർ 16-21, 12-21. ടോക്കിയോ ഒളിംപിക്‌സിൽ ബിംഗാജിയാവോയെ തോൽപ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്. മാരത്തൺ ഫൈനലിൽ ഇന്ത്യൻ താരം മാൻ സിങ്ങിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.

ചൈനയിലെ ഇന്ത്യയുടെ മേഡൽ വേട്ട 84ലെത്തി. 2018ലെ ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകൾ നേടിയതായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. എന്നാൽ ഇത്തവണ 21 സ്വർണം 31 വെള്ളി 32 വെങ്കലം അടക്കമാണ് ഇന്ത്യ 84 മെഡലിലെത്തിയത്.