ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിനിന് കീഴടക്കിയാണ് ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റൺസാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകർത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. തിലക് വർമ (55), റുതുരാജ് ഗെയ്കവാദ് (40) എന്നിവർ ഇന്ത്യൻ നിരയിൽ തിളങ്ങി.

ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് യഷസ്വി ജെയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. നാല് പന്തുകൾ മാത്രം നേരിട്ട ജെയ്സ്വാളിന് റൺസൊന്നുമെടുക്കാൻ സാധിച്ചില്ല. റിപ്പൺ മണ്ഡലിനായിരുന്നു വിക്കറ്റ്. എന്നാൽ മറ്റൊരു വിക്കറ്റ് നഷ്ടമാവാൻ സമ്മതിക്കാതെ ജെയ്സ്വാൾ - തിലക് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 26 മാത്രം നേരിട്ട തിലക് ആറ് സിക്സും രണ്ട് ഫോറും നേടി. ഗെയ്കവാദിന്റെ ഇന്നിങ്സിൽ മൂന്ന് സിക്സും നാല് ഫോറുമുണ്ടായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകർത്തത്. 29 പന്തിൽ 24 റൺസെടുത്ത ജാകർ അലിയാണ് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

ഇന്ത്യയ്ക്കായി സായ് കിഷോർ മൂന്നും വാഷിങ്ടൻ സുന്ദർ രണ്ടു വിക്കറ്റുകളും വീഴ്‌ത്തി. അർഷ്ദീപ് സിങ്, തിലക് വർമ, രവി ബിഷ്‌ണോയി, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി. അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ മത്സരത്തിലെ എതിരാളികളെ ഫൈനലിൽ ഇന്ത്യ നേരിടും.

മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ആദ്യ ആറ് താരങ്ങളിൽ ഒരാൾ മാത്രമാണ് രണ്ടക്കം കണ്ടത്. എടുത്തുപറയാൻ മുൻനിരയിൽ പർവേസ് ഹുസൈൻ ഇമോൻ (23) ഇന്നിങ്സ് മാത്രമാണുള്ളത്. മഹ്‌മുദുൽ ഹസൻ ജോയ് (5), സെയ്ഫ് ഹസൻ (1), സാക്കിർ ഹുസൈൻ (0), അഫീഫ് ഹുസൈൻ (7), ഷഹദാത്ത് ഹുസൈൻ (5) എന്നിവർക്ക് തിളങ്ങാനായില്ല. മൃതുൻജോയ് ചൗധരി (4), റാക്കിബുൽ ഹസൻ (14), റിപോൺ മണ്ഡൽ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.