- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ ഹോക്കി ഫൈനലിൽ ജപ്പാനെ ഗോൾമഴയിൽ മുക്കി; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 22-ാം സ്വർണം; ബ്രിഡ്ജ് ടീം ഇനത്തിൽ വെള്ളി; ഗുസ്തിയിൽ വെങ്കലം; 95 മെഡലുമായി ഇന്ത്യ നാലാമത്
ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ഇന്ത്യയ്ക്ക് 22-ാം സ്വർണം. പുരുഷ ഹോക്കിയിൽ ഇന്ത്യ സ്വർണം നേടി. ഫൈനലിൽ ഇന്ത്യ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് ജപ്പാനെ തകർത്താണ് ഇരുപത്തിരണ്ടാം സ്വർണം ഇന്ത്യ നേടിയത്.
ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വർണമാണിത്. ഇതിനുമുൻപ് 1966, 1998, 2014 ഏഷ്യൻ ഗെയിംസുകളിലാണ് ഇന്ത്യ സ്വർണം നേടിയത്. ഈ വിജയത്തോടെ ഇന്ത്യ പാരീസ് ഒൽമ്പിക്സിന് നേരിട്ട് യോഗ്യത നേടി. ആറ് മത്സരങ്ങളിൽ നിന്ന് ഇന്ത്യ 66 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
ടൂർണമെന്റിലുടനീളം അപരാജിതക്കുതിപ്പ് നടത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. മലയാളി താരം പി.ആർ. ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾവല കാത്തത്. ഇന്ത്യയ്ക്ക് വേണ്ടി നായകൻ ഹർമൻപ്രീത് സിങ് രണ്ട് ഗോൾ നേടിയപ്പോൾ മൻപ്രീത് സിങ്, രോഹിദാസ്, അഭിഷേക് എന്നിവരും വലകുലുക്കി. ജപ്പാനുവേണ്ടി തനാക സെറെൻ ആശ്വാസഗോൾ നേടി.
ഗെയിംസിൽ ഇന്ത്യയുടെ 22-ാം സ്വർണമാണിത്. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 95 ആയി ഉയർന്നു. ചൈനയിൽ ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചു.
നേരത്തെ ബ്രിഡ്ജ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി നേടിയിരുന്നു. രാജു ടോളാനി, അജയ് പ്രഭാകർ കാഹ്റെ, രാജേശ്വരി തിവാരി, സുമിത് മുഖർജി എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഫൈനലിൽ ഇന്ത്യൻ ടീം ഹോങ് കോങ്ങിനോട് പരാജയപ്പെട്ടു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബ്രിഡ്ജ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2018-ൽ ഇന്ത്യ ഈ ഇനത്തിൽ വെങ്കലം നേടിയിരുന്നു.
പുരുഷഗുസ്തിയിൽ ഇന്ത്യയുടെ അമൻ സെഹ്റാവത്തിന് വെങ്കലം. 57 കിലോ വിഭാഗത്തിൽ ചൈനയുടെ മിൻഗു ലിയുവിനെ തകർത്താണ് അമൻ വെങ്കലം സ്വന്തമാക്കിയത്. 11-0 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം.വനിതകളുടെ 76 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ കിരൺ ബിഷ്ണോയ് വെങ്കലം നേടി. മംഗോളിയയുടെ അരിയുൺജർഗ ഗൻബാത്തിനെ തകർത്താണ് കിരൺ വെങ്കലം നേടിയത്. 3-0 നാണ് താരത്തിന്റെ വിജയം.
പുരുഷന്മാരുടെ റിക്കർവ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ നേട്ടം വെള്ളിയിൽ ഒതുങ്ങുകയായിരുന്നു. അതാനു ദാസ്, ദീരജ് ബൊമ്മദേവര, തുഷാർ പ്രഭാകർ ഷെൽക്കെ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.
വനിതകളുടെ 61 കിലോ വിഭാഗം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സോനം മാലിക് വെങ്കലം നേടി. ചൈനയുടെ ലോങ് ജിയയെ തകർത്താണ് സോനം വെങ്കലം നേടിയത്. സ്‌കോർ: 7-5.
ഇതോടെ ഗെയിംസ് അവസാനിക്കാൻ മൂന്നുനാൾകൂടി ശേഷിക്കെ ഇന്ത്യയുടെ സമ്പാദ്യം 95 മെഡലായി. 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
അതേസമയം സെപക്തക്രോയിൽ വെങ്കലം നേടി ഇന്ത്യൻ വനിതാ ടീം. സെമിയിൽ തായ്ലൻഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു.
ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയിയുടെ നേട്ടവും വെങ്കലത്തിലൊതുങ്ങി. സെമിയിൽ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് (16-21, 9-21) പരാജയപ്പെട്ടതോടെ പ്രണോയിയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു. 1982-ൽ സെയ്ദ് മോദിക്കു ശേഷം ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ പ്രണോയ് സ്വന്തമാക്കി.
ഇന്ത്യൻ പുരുഷ കബഡി ടീം പാക്കിസ്ഥാനെ തകർത്ത് ഫൈനലിലെത്തി മെഡലുറപ്പിച്ചു. 61-14 എന്ന സ്‌കോറിൽ ആധികാരിക ജയത്തോടെയായിരുന്നു ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശനം.
അമ്പെയ്ത്തിൽ പുരുഷ ടീമും മെഡലുറപ്പാക്കി. റിക്കർവ് ഇനത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയതോടെയാണ് ഇന്ത്യൻ ടീം മെഡലുറപ്പിച്ചത്.
നേരത്തേ അമ്പെയ്ത്തിൽ വനിതകളുടെ റിക്കർവ് ഇനത്തിലും ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രൻജീത് കൗർ, ഭജൻ കൗർ സഖ്യം വെങ്കലം നേടിയത്.
ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഫൈനലിലെത്തി. സെമിയിൽ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് ഫൈനലിൽ കടന്നത്. ബംഗ്ലാദേശ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
26 പന്തിൽ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്ന തിലക് വർമയാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് 26 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റൺസോടെ പുറത്താകാതെ നിന്നു.
നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. സെമി ഫൈനലിൽ പാക്കിസ്ഥാനെ നാലു വിക്കറ്റുകൾക്കു തോൽപിച്ചാണ് അഫ്ഗാനിസ്ഥാൻ ഫൈനലിൽ കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 18 ഓവറിൽ 115 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ വിജയത്തിലെത്തി.
ഗുസ്തിയിൽ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ബജ്‌റംഗ് പുനിയ ക്വാർട്ടറിലെത്തി. ഫിലിപ്പീൻസ് താരം റോണിൽ ടുബോഗിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരത്തിന്റെ ക്വാർട്ടർ പ്രവേശനം.
കബഡിയിൽ മെഡലുറപ്പിച്ച് ഇന്ത്യൻ വനിതാ ടീം ഫൈനലിലെത്തി. സെമിയിൽ നേപ്പാളിനെ 61-17 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കുതിപ്പ്. കനോയിങ്ങിൽ പുരുഷന്മാരുടെ സി1 വിഭാഗത്തിൽ വിശാൽ കെവാത്തും വനിതകളുടെ കെ1 വിഭാഗത്തിൽ ശിഖ ചൗഹാനും ഫൈനലിലെത്തി.
സ്പോർട്സ് ഡെസ്ക്