ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് ടീമാണ് ലോക റെക്കോർഡോടെ ഇന്ത്യക്കായി സ്വർണം നേടിയത്. ലോക ചാമ്പ്യൻ രുദ്രാങ്ക് പാട്ടീൽ, ഒളിംപ്യൻ ദിവ്യാൻഷ് പൻവാർ, ഐശ്വരി പ്രതാപ് സിങ് തോമർ എന്നിവരടങ്ങിയ സഖ്യം ചൈനയുടെ റെക്കോർഡാണ് മറികടന്നത്. 1893.7 പോയന്റാണ് ഇന്ത്യൻ ടീം നേടിയത്. ഏഷ്യൻ ഗെയിംസ് 10 മീറ്റർ എയർ റൈഫിളിൽ ഐശ്വരി പ്രതാപ് സിങ് വെങ്കലവും നേടി. 228.8 പോയന്റുകൾ നേടിയാണ് താരത്തിന്റെ മെഡൽനേട്ടം.

തിങ്കളാഴ്ച അഞ്ച് മെഡൽ കൂടി നേടിയതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പത്തായി. നേരത്തേ ആദ്യ ദിനത്തിൽ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. തിങ്കളാഴ്ച കൂടുതൽ മെഡലുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഒരു സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ കരസ്ഥമാക്കിയത്. തിങ്കളാഴ്ച ഒരു സ്വർണവും നാല് വെങ്കലവുമാണ് നേടിയത്.

പുരുഷന്മാരുടെ 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ ടീമിനത്തിലും ഇന്ത്യ വെങ്കലം നേടി. വിജയ്വീർ സിദ്ധു, അനീഷ്, ആദർശ് സിങ് എന്നിവരടങ്ങുന്ന ടീമാണ് വെങ്കലം നേടിയത്. അനീഷ്, വിജയ്‌വീർ, ആദർഷ് എന്നിവർ 1718 പോയിന്റ് നേടിയാണ് മൂന്നാമതെത്തിയത്. സ്വർണം നേടിയ ചൈനയേക്കാൾ 47 പോയിന്റു മാത്രമാണ് ഇന്ത്യയ്ക്കു കുറവുള്ളത്.

റോവിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ തിങ്കളാഴ്ച രണ്ട് വെങ്കലം നേടി. മെൻസ് കോക്സ്ലെസ്സ് ഫോർ, മെൻസ് ക്വാഡ്രപ്പിൾ സ്‌കൾസ് വിഭാഗങ്ങളിലാണ് മെഡൽ സ്വന്തമാക്കിയത്. റോവിങ്ങിൽ ആകെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. ജസ്വീന്ദർ, ഭീം, പുനീത്, ആശിഷ് എന്നിവരടങ്ങിയ സഖ്യവും സത്‌നാം സിങ്, പർമീന്ദർ സിങ്, ജക്കാർ ഖാൻ, സുഖ്മീത് സിങ് എന്നിവരടങ്ങിയ സഖ്യവുമാണ് മെഡൽ നേടിയത്.