ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആഹ്ലാദ ഞായർ. ഗെയിംസിന്റെ എട്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് പതിനൊന്നാം സ്വർണം അക്കൗണ്ടിലെത്തി. പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സോറാവർ സിങ് സന്ധു എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം വെടിവച്ചിട്ടത്. വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യൻ ടീം വെള്ളി നേടി. മനീഷ കീർ, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇതോടെ 11 സ്വർണവും 16 വെള്ളിയും 14 വെങ്കലവുമടക്കം ഇന്ത്യയ്ക്ക് 41 മെഡലുകളായി.

വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി. ലീഡുമായി മുന്നേറുകയായിരുന്ന അദിതി അശോക് അവസാന ദിനം സമ്മർദത്തിൽ പെട്ടതോടെയാണ് മെഡൽ വെള്ളിയിൽ ഒതുങ്ങിയത്. ഈയിനത്തിൽ തായ്പേയ് താരം യുബോൽ അർപിചാര്യ സ്വർണം സ്വന്തമാക്കിയപ്പോൾ അദിതി അശോക് രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെ ഷൂട്ടിംഗിൽ ഇന്ത്യൻ വനിതാ ട്രാപ് ടീം വെള്ളി കരസ്ഥമാക്കുകയായിരുന്നു. രാജേശ്വരി കുമാരി, മനീഷ കീർ, പ്രീതി രജക് എന്നീ മൂവർ സംഘം 337 പോയിന്റുമായാണ് ഗെയിംസിൽ വെള്ളിയണിഞ്ഞത്. ഈയിനത്തിൽ 351 പോയിന്റുകളുമായി ചൈനീസ് സംഘത്തിനാണ് സ്വർണം. പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്ത്യൻ ട്രാപ് ടീം 361 പോയിന്റുകളുമായി ഗെയിംസ് റെക്കോർഡോടെ സ്വർണം ചൂടി. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സോറാവർ സിങ് സന്ധു എന്നിവരാണ് ഉന്നം പരീക്ഷിച്ചത്.

ബാഡ്മിന്റൻ ഫൈനലിൽ പുരുഷ ടീം ഇന്ന് ഫൈനലിൽ ഇറങ്ങുന്നുണ്ട്. ചൈനയാണ് എതിരാളികൾ. ഏഷ്യൻ ഗെയിംസിൽ ഇന്ന് നാല് മലയാളികൾ സ്വർണ മെഡൽ പോരാട്ടത്തിനിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന ബാഡ്മിന്റൺ പുരുഷ ടീം ഫൈനലിൽ ചൈനക്കെതിരെ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ രണ്ട് മലയാളികളുണ്ട്. എച്ച് എസ് പ്രണോയിയും അർജുനുമാണ് സ്വർണ പ്രതീക്ഷയുമായി ഇറങ്ങുന്ന മലയാളികൾ.

കൊറിയക്കെതിരായ സെമി വിജയത്തിൽ നിർണായകമായ പങ്കായിരുന്നു എച്ച് എസ് പ്രണോയിയുടേത്. 4.40ന് തുടങ്ങുന്ന ലോംഗ്ജംപ് ഫൈനലിൽ പാലക്കാട്ടുകാരനായ എം ശ്രീശങ്കർ ഇറങ്ങും. ഇന്ത്യയുടെ തന്നെ ജസ്വിൻ ആൾഡ്രിനും ഈ ഇനത്തിൽ മത്സരിക്കുന്നുണ്ട്.

വൈകിട്ട് ആറിന് തുടങ്ങുന്ന 1500 മീറ്ററിൽ മത്സരിക്കുന്ന ജിൻസൻ ജോൺസനാണ് സ്വർണം തേടി ഇന്നിറങ്ങുന്ന നാലാമത്തെ മലയാളി. ഗെയിംസിൽ നിലവിലെ ചാമ്പ്യനാണ് ജിൻസൻ ജോൺസൻ.

ഏഴാം ദിവസം ടെന്നീസ് മിക്‌സഡ് ഡബിൾസിലും സ്‌ക്വാഷ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. ഷൂട്ടിങ്ങിൽ വെള്ളിയും അത്‌ലറ്റിക്‌സിൽ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളിയും വെങ്കല മെഡലും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ടെന്നിസിൽ രോഹൻ ബൊപ്പണ്ണ ഋതുജ ഭോസ്‌ലെ സഖ്യമാണ് ശനിയാഴ്ച സ്വർണം നേടിയത്. സ്‌ക്വാഷിൽ ഇന്ത്യൻ പുരുഷ ടീം പാക്കിസ്ഥാനെ വീഴ്‌ത്തി.