ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്കു വെങ്കലം. സെമിയിൽ ചൈനീസ് താരം ലീ ഷെഫിങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് (16- 21,9- 21 ) പ്രണോയ് തോറ്റത്. 1982-ൽ സെയ്ദ് മോദിക്കു ശേഷം ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ പ്രണോയ് സ്വന്തമാക്കി.

അമ്പെയ്ത്ത് റീകർവ് ടീം ഇനത്തിൽ ഇന്ത്യൻ പുരുഷ ടീം സെമിയിലെത്തി. ഷൂട്ട് ഓഫിൽ മംഗോളിയയെ തോൽപിച്ചാണ് അതാനു ദാസ്, ഭിരാജ്, തുഷാർ എന്നിവർ സെമിയിലെത്തിയത്. ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പുനിയ സെമിയിൽ തോറ്റു. ഇറാന്റെ മുൻ ലോകചാംപ്യൻ റഹ്‌മാൻ അമോസാദ്കയ്‌ലിയോടാണ് ബജ്രംഗ് 18ന് തോറ്റത്. വെങ്കല മെഡലിനായി താരം മത്സരിക്കും. 57 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ അമൻ സെഹ്‌റാവത്ത് ജപ്പാന്റെ തോഷിഹിരോ ഹസെഗാവയോടു തോറ്റു. സെമിയിൽ 10-12നാണ് അമന്റെ തോൽവി.

ഇന്ത്യൻ പുരുഷ കബഡി ടീം പാക്കിസ്ഥാനെ തകർത്ത് ഫൈനലിലെത്തി മെഡലുറപ്പിച്ചു. 61-14 എന്ന സ്‌കോറിൽ ആധികാരിക ജയത്തോടെയായിരുന്നു ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശനം.

അമ്പെയ്ത്തിൽ പുരുഷ ടീമും മെഡലുറപ്പാക്കി. റിക്കർവ് ഇനത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയതോടെയാണ് ഇന്ത്യൻ ടീം മെഡലുറപ്പിച്ചത്.

നേരത്തേ അമ്പെയ്ത്തിൽ വനിതകളുടെ റിക്കർവ് ഇനത്തിലും ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രൻജീത് കൗർ, ഭജൻ കൗർ സഖ്യം വെങ്കലം നേടിയത്. ഇതോടെ ഗെയിംസ് അവസാനിക്കാൻ മൂന്നുനാൾകൂടി ശേഷിക്കെ ഇന്ത്യയുടെ സമ്പാദ്യം 90 മെഡലായി. 21 സ്വർണവും 33 വെള്ളിയും 36 വെങ്കലവും.

ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഫൈനലിലെത്തി. സെമിയിൽ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് ഫൈനലിൽ കടന്നത്.

ബംഗ്ലാദേശ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തിൽ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്ന തിലക് വർമയാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് 26 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റൺസോടെ പുറത്താകാതെ നിന്നു.

ഗുസ്തിയിൽ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ബജ്‌റംഗ് പുനിയ ക്വാർട്ടറിലെത്തി. ഫിലിപ്പീൻസ് താരം റോണിൽ ടുബോഗിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരത്തിന്റെ ക്വാർട്ടർ പ്രവേശനം.

കബഡിയിൽ മെഡലുറപ്പിച്ച് ഇന്ത്യൻ വനിതാ ടീം ഫൈനലിലെത്തി. സെമിയിൽ നേപ്പാളിനെ 61-17 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കുതിപ്പ്.

കനോയിങ്ങിൽ പുരുഷന്മാരുടെ സി1 വിഭാഗത്തിൽ വിശാൽ കെവാത്തും വനിതകളുടെ കെ1 വിഭാഗത്തിൽ ശിഖ ചൗഹാനും ഫൈനലിലെത്തി. പുരുഷ ഹോക്കി ഫൈനലിൽ ഇന്ത്യ വെള്ളിയാഴ്ച ജപ്പാനെ നേരിടും. ഇക്കുറി കലാശക്കളിക്കിറങ്ങുമ്പോൾ സ്വർണവും ഒളിമ്പിക്സ് യോഗ്യതയുമാണ് ഇന്ത്യയുടെ ലക്ഷ്യം.