ഹാങ്ചൗ: ഏഷ്യാൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽനേട്ടം ഉയരുന്നു. 19ാം സ്വർണത്തിലേക്ക് ഇന്ത്യ എത്തിക്കഴിഞ്ഞു. അമ്പെയ്ത്തിലാണ് ഇന്ത്യൻ വനിതാ ടീം സ്വർണനേട്ടം കൈവരിച്ചത്. ഫൈനലിൽ ചൈനിസ് തായ്പെയെ തോൽപ്പിച്ചു. ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യനേടുന്ന ആദ്യത്തെ സ്വർണമാണിത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ്, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് ചൈനയെ തോൽപ്പിച്ചത്. (230-229)

അതേസമയം, ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പിവി സിന്ധു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചൈനീസ് താരത്തോട് പരാജയപ്പെട്ടു. ചൈനീസ് താരം ഹെ ബിങ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സിന്ധു വെള്ളി നേടിയിരുന്നു.

ഏഷ്യൻ ഗെയിംസ് റിലേയിൽ ഇന്ത്യ വൻ കുതിപ്പ് ആണ് നടത്തിയത്. പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും ഇന്ത്യന് ടീം നേടി. പുരുഷന്മാരുടെ 4400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം നേടിയത്. 3:01.58 സമയത്തിൽ ഓടിയെത്തി ദേശീയ റെക്കോർഡോടെയാണ് സ്വർണ നേട്ടം.

വനിതകളുടെ 4400 മീറ്റർ റിലേയിൽ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവർ വെള്ളി നേടി. പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം അവിനാഷ് സാബ്ലെയ്ക്കു വെള്ളി മെഡലുണ്ട്. ബഹ്‌റെയ്ൻ താരങ്ങൾക്കാണ് ഈയിനത്തിൽ സ്വർണവും വെങ്കലവും. നേരത്തേ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സ്വർണം നേടിയിരുന്നു.

11ാം ദിനമായ ഇന്നലെ മെഡൽനേട്ടത്തിൽ ടീം ഇന്ത്യ ചരിത്രം കുറിച്ചു. ബുധനാഴ്ച നീരജ് ചോപ്രയും പുരുഷ റിലേ ടീമും അമ്പെയ്ത്തുകാരും സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡൽനേട്ടത്തിലെത്തി രാജ്യം. ജക്കാർത്തയിൽ 16 സ്വർണം ഉൾപ്പെടെ 70 മെഡൽ നേടിയതായിരുന്നു ഇതുവരെ മികച്ച പ്രകടനം.അത്ലറ്റിക്സിൽ ബുധനാഴ്ച രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി. രാവിലെ ജ്യോതി സുരേഖയും ഓജസ് പ്രവീണും ചേർന്ന സഖ്യം അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഇന്ത്യ ജക്കാർത്തയിലെ നേട്ടം മറികടന്നത്. പിന്നീട് ബോക്സിങ്ങിൽ ഒരു വെള്ളിയും വെങ്കലവും ലഭിച്ചു. സ്‌ക്വാഷിലും ഒരു വെങ്കലം ലഭിച്ചു.