- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഥമ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന് തുടക്കമായി; കായിക, ആരോഗ്യ രംഗത്ത് സംസ്ഥാനം ക്യൂബയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കായിക, ആരോഗ്യ രംഗത്ത് സംസ്ഥാനം ക്യൂബയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബൻ താരങ്ങൾ അണിനിരക്കുന്ന പ്രഥമ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാൻഡ്ര തെരേസ ഒർദാസ് വാൽദെസുമായി കരുക്കൾ നീക്കിയാണ് മുഖ്യമന്ത്രി ചെസ്ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.
ലോകമാകെ ചൂഷിത വർഗത്തിന്റെ വിമോചനത്തിനായി പോരാടിയ ചെ ഗുവേരയുടെ പേരിൽ നടക്കുന്ന ടൂർണമെന്റ് സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് ഊർജമാവും. ലോകമാകെ സ്വാധീനം ചെലുത്തിയ മഹാനായ വിപ്ലവകാരിയാണ് ചെ ഗുവേര. കായിക മത്സരങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് മനുഷ്യനെ ആനന്ദിപ്പിക്കുന്നവയാണ് എന്നതും പ്രത്യേകതയാണ്. ഫെസ്റ്റിലൂടെ ക്യൂബ കേരള സഹകരണത്തിന് തുടക്കമിട്ടു. ജൂണിൽ നടത്തിയ ക്യൂബ സന്ദർശനത്തിൽ ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിന് ധാരണയായി.
സംസ്ഥാനത്തെ കായികമേഖല വളർച്ചയുടെ വഴിയിലാണ്. ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പ്, സന്തോഷ് ട്രോഫി, നാഷണൽ ഷൂട്ടിങ് കോംമ്പറ്റീഷൻ, മൗണ്ടെയ്ൻ സൈക്ലിങ് കോമ്പറ്റിഷൻ അടക്കം നിരവധി പ്രധാന കായിക മാമാങ്കങ്ങൾ സംസ്ഥാനത്ത് നടന്നു. നിരവധി കാര്യങ്ങളിൽ ക്യൂബയും കേരളവും സമാനതകൾ പുലർത്തുന്നുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തി കൂടുതൽ നേട്ടങ്ങൾ സൃഷ്ടിക്കാൻ പരസ്പരം സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, ക്യൂബൻ അംബാസിഡർ അലഹാൻന്ത്രോ സിമാൻകസ് മാരിൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ചെസ് ഒളിമ്പ്യൻ എൻ ആർ അനിൽകുമാർ, കായിക വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാർ, ഇ ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു. അഞ്ചു ദിവസങ്ങളിലായി ജിമ്മി ജോർജ് സ്റ്റേഡിയം, ഹോട്ടൽ ഹയാത്ത് എന്നിവിടങ്ങളിലാണ് ചെസ് ഫെസ്റ്റ് നടക്കുന്നത്.
മറുനാടന് ഡെസ്ക്