സോൾ: കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ട് ഗെയിമുകൾ നേടി തിരിച്ചുവരവ് നടത്തിയാണ് സഖ്യം കിരീടം നേടിയത്. ഇൻഡൊനീഷ്യയുടെ ലോക ഒന്നാം നമ്പറായ ഫജാർ ആൽഫിയാൻ - മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെയാണ് ഫൈനലിൽ ഇന്ത്യൻ സംഘം തകർത്തത്. സ്‌കോർ 17-21, 21-13, 21-14.

ആദ്യ ഗെയിം കൈവിട്ട ഇന്ത്യൻ ജോഡികൾ തുടന്നുള്ള രണ്ടു ഗെയിമുകളിൽ ഗംഭീര തിരിച്ചുവരവ് നടത്തി കിരീടം ഉറപ്പിക്കുകയായിരുന്നു. ഇന്തോനേഷ്യ ഓപണിലും അതിനുമുമ്പ് സ്വിസ് ഓപണിലും കൈവെച്ച കിരീട നേട്ടങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ജോഡികൾ ഒന്നുകൂടി എഴുതി ചേർത്തു.

സെമിയിൽ ലോക രണ്ടാം നമ്പറായ ലിയാങ് വെയ് കെങ്- വാങ് ചാങ് കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് ഇരുവരും ഫൈനലിലെത്തിയത്. ഈ വർഷം ആദ്യം സ്വിസ് ഓപൺ സൂപ്പർ-300ലും കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപൺ സൂപ്പർ-1000ലും സാത്വിക്-ചിരാഗ് സഖ്യം കിരീടം നേടിയിരുന്നു.

ഇരുവരുടെയും ആദ്യ കൊറിയൻ ഓപ്പൺ കിരീടമാണിത്. മൂന്നാം സൂപ്പർ 500 കിരീട നേട്ടമെന്ന് പ്രത്യേകതയുമുണ്ട്. ഈവർഷം ഇന്തോനേഷ്യൻ ഓപ്പൺ സഖ്യത്തിനായിരുന്നു. മലേഷ്യയുടെ ലോക നമ്പർ വൺ സഖ്യമായ ആരോൺ-യിക് കൂട്ടുകെട്ടിനെ 21-17, 21-18 എന്ന സ്‌കോറിനാണ് സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം തോൽപിച്ചത്. സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ സഖ്യമാണ് സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും.

ഇന്തോനേഷ്യൻ ഓപ്പണിന് ശേഷം ഇരുവരേയും പ്രകീർത്തിച്ച് കോച്ച് പുല്ലേല ഗോപിചന്ദ് രംഗത്തെത്തിയിരുന്നു. ചരിത്ര കിരീടം സ്വന്തമാക്കിയത് അഭിമാന നിമിഷമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗോപീചന്ദ് വ്യക്തമാക്കി. പരിശീലക കരിയറിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് ഇതെന്ന് ഗോപീചന്ദ് പറുഞ്ഞു. സാത്വികും ചിരാഗും ലോകത്തിലെ നമ്പർ വൺ സഖ്യത്തെ അനായാസമായി തോൽപിച്ചത് ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമാണെന്നും ഇരുവർക്കും അഭിനന്ദനങ്ങൾ നേരുന്നതായും പുല്ലേല ഗോപീചന്ദ് കൂട്ടിച്ചേർത്തു. ആദ്യമായാണ് ഇന്തോനേഷ്യൻ ഓപ്പൺ കിരീടം ഒരു ഇന്ത്യൻ ജോഡി സ്വന്തമാക്കുന്നത്.

ഇന്തോനേഷ്യയിലെ ചരിത്ര വിജയത്തിൽ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജും സന്തോഷം ആരാധകരുമായി പങ്കുവെച്ചു. 'ലോകത്തിലെ ഏറ്റവും മികച്ച ബാഡ്മിന്റൺ സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. ഇവിടെ പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിയിക്കുന്നു. കാണികളുടെ അവിസ്മരണീയ പിന്തുണയാണ് ഫൈനലിൽ ലഭിച്ചത്' എന്നുമാണ് വിജയ ശേഷം ചിരാഗിന്റെ വാക്കുകൾ. 'ഞങ്ങൾക്ക് അഭിമാനകരമായ ആഴ്ചയാണിത്. ഇന്ന് കളിച്ച രീതിയിൽ വളരെ സന്തോഷമുണ്ട്. കാരണം മലേഷ്യൻ ജോഡിക്കെതിരെ മുമ്പ് ഇതുവരെ ജയിച്ചിട്ടില്ല. ഇരുവരുമായുള്ള നേർക്കുനേർ പോരാട്ടങ്ങളിലെ കണക്ക് മോശമാണ്. അതിനാൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കണമെന്നുണ്ടായിരുന്നു' എന്നുമായിരുന്നു സാത്വിക്കിന്റെ പ്രതികരണം.