കണ്ണൂർ: ജില്ലയിലെ മാങ്ങാട്ടുപറമ്പിൽ നടന്ന കായികമേളയിൽ താരമായി മാറി അദിനാൻ. പരിശീലനത്തിനിടയിൽ വീണ് ഇടതുകൈ ഒടിഞ്ഞിട്ടും സംസ്ഥാന കായികമേളയ്ക്ക് അദിനാൻ അർഹത നേടിയത് കാണികളുടെ കൈയടി വാങ്ങി. മാങ്ങാട്ട് പറമ്പിലെ കെ എ പി സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിച്ച കണ്ണൂർ ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2022-23 ലാണ് അദിനാൻ അസാധാരണ പ്രകടനം കാഴ്ചവെച്ചത്.

കൂത്തുപറമ്പ് നിർമ്മലഗിരി റാണി ജയ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അദിനാൻ. നവംബർ 7ന് ഒരു കിലോഗ്രാം ഡിസ്‌കസ് ത്രോയിൽ സബ്ജില്ലാ കായികമേളയുടെ പരിശീലനം നടക്കുന്നതിനിടയിൽ വീണു പരിക്കേറ്റത് അദിനാന്റെ സംസ്ഥാന കായികമേളയ്ക്ക് യോഗ്യത നേടുക എന്ന ആഗ്രഹത്തിന് വിലങ്ങു തടയായി മാറും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ തോറ്റു പിന്മാറാൻ അദിനാൻ തയ്യാറായില്ല.

വീഴ്ചയുടെ പരിക്കിനെ അതിജീവിച്ചുകൊണ്ട് സബ്ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം നേടിയാണ് അദിനാൻ ജില്ലാ കായികമേളയ്ക്ക് അർഹത നേടിയത്. അദ്ധ്യാപകരുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ കായികമേളയിൽ പങ്കെടുക്കുന്നതിനായി പൂർണ വിശ്രമത്തിലായിരുന്നു കുട്ടി. ഇന്ന് മാങ്ങാട്ട് പറമ്പിൽ നടന്ന മത്സരത്തിൽ 27.63 മീറ്റർ ദൂരത്തിൽ ആദ്യം മത്സരത്തിൽ എറിഞ്ഞ് ഒന്നാം സ്ഥാനം അദിനാൻ നേടി.

തുടർന്ന് കിടന്ന് രണ്ടാമത്തെ മത്സരത്തിൽ 30 മീറ്ററോളം ദൂരത്ത് എറിയാൻ ആയെങ്കിലും പുറത്തേക്ക് പോയി. ആയതിനാൽ തന്നെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഉറ്റ സുഹൃത്തായ ഋഷികേശിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. പരിക്കേറ്റില്ലായിരുന്നുവെങ്കിൽ ഒന്നാംസ്ഥാനം ലഭിക്കുമെന്നായിരുന്നു കായിക അദ്ധ്യാപകൻ രാജേഷ് പറഞ്ഞത്. രണ്ടാം സ്ഥാനമാണ് അദിനാന് ലഭിച്ചത് എങ്കിലും കായികമേളയിൽ ഇന്നത്തെ താരമായി കുട്ടി മാറി.

കൂത്തുപറമ്പ് മൗവേരി അജ്വവയിൽ പ്രവാസിയായ എം ഷൗക്കത്തലിയുടെയും ബി എ ഫായിസയുടെയും മൂന്നു മക്കളിൽ ഇളയ കുട്ടിയാണ് മുഹമ്മദ് അദിനാൻ. സംസ്ഥാന കായികമേളയിൽ ഒന്നാം സ്ഥാനം നേടിയെടുക്കണം എന്ന ആഗ്രഹമാണ് അദിനാനുള്ളത്. അദിനാന്റെ ആഗ്രഹങ്ങൾക്ക് കൂട്ടായി വീട്ടുകാർക്കും നാട്ടുകാരും അദ്ധ്യാപകരും ഒപ്പമുണ്ട്.