റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ഇരുപത്തി ആറാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിലെ ആദ്യ സ്വർണം ഉത്തർ പ്രദേശിന്റെ ഗുൽവീർ സിംഗിന്. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിലാണ് ഗുൽവീരിന്റെ സ്വർണനേട്ടം. 29 മിനിറ്റ് 05.90 സെക്കൻഡിൽ ആയിരുന്നു ഫിനിഷ്.

യു.പിയുടെ തന്നെ അഭിഷേക് പാലിനാണ് വെള്ളി. ഡൽഹിയുടെ രോഹിത് പാൽ വെങ്കലം നേടി. ആദ്യ 11 പേരും ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യതാ മാർക്ക് മറികടന്നു.

വനിതകളുടെ 10,000 മീറ്റർ ഓട്ടത്തിൽ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവ് സ്വർണം നേടി. 33 മിനിറ്റ്, 32.73 സെക്കൻഡിൽ ആയിരുന്നു ഫിനിഷ്. എന്നാൽ 33 മിനിറ്റ് എന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിന്റെ യോഗ്യതാ മാർക്ക് മറികടക്കാൻ ആർക്കും കഴിഞ്ഞില്ല.

മീറ്റിലെ ആദ്യ മത്സര ഇനമായിരുന്ന് 10,000 മീറ്റർ ഓട്ടം. ഇക്കഴിഞ്ഞ ദേശീയ ഗെയിംസിലും ഗുൽവീർ 10,000 മീറ്ററിൽ സ്വർണം നേടിയിരുന്നു. കടുത്ത മത്സരമായിരുന്നു എന്ന് ഗുൽവീർ പറഞ്ഞു.