ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ ആതിഥേയരായ ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്ത്. ഞായറാഴ്ച നടന്ന ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ പുറത്തായത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-5നായിരുന്നു ഇന്ത്യയുടെ തോൽവി. നിശ്ചിത സമയത്ത് മത്സരം 3-3ന് സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ബൽജിയത്തെ ന്യൂസീലൻഡ് നേരിടും.

ഷൂട്ടൗട്ടിൽ ന്യൂസീലൻഡിനായി സീൻ ഫിൻഡ്ലി രണ്ട് തവണയും നിക് വുഡ്സ്, ഹൈഡൻ ഫിലിപ്സ്, സാം ലെയ്ൻ എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി രാജ് കുമാർ പാൽ രണ്ടു തവണയും ഹർമൻപ്രീത് സിങ്, സുഖ്ജീത് സിങ് എന്നിവർക്കും മാത്രമാണ് ലക്ഷ്യം കാണാനായത്. ഷംഷെർ സിങ്ങിന്റെ രണ്ട് കിക്കും പാഴായി. മലയാളി താരവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. കൃഷൻ ബഹാദൂർ പഥകാണ് ശ്രീജേഷിന് പകരം ഗോൾവല കാത്തത്.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ആവേശകരമായ മത്സരത്തിൽ ലളിത് ഉപാധ്യായ്, സുഖ്ജീത് സിങ്, വരുൺ കുമാർ എന്നിവരാണു നിശ്ചിത സമയത്ത് ഇന്ത്യയ്ക്കായി ഗോൾ സ്‌കോർ ചെയ്തത്. ന്യൂസീലൻഡ് 3 ഗോളുകളും മടക്കിയതോടെ മത്സരം ഷൂട്ടൗട്ടിലേക്കു പ്രവേശിച്ചു. ഷൂട്ടൗട്ടിൽ നാലിനെതിരെ 5 ഗോളുകൾക്കാണു ന്യൂസീലൻഡ് ഇന്ത്യയെ മറികടന്ന് ക്വാർട്ടറിൽ പ്രവേശിച്ചത്.

നേരത്തെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ ശേഷമാണ് നിശ്ചിത സമയത്ത് ന്യൂസീലൻഡിനെതിരേ ഇന്ത്യ സമനില വഴങ്ങിയത്. 17-ാം മിനിറ്റിൽ ലളിത് കുമാർ ഉപാധ്യായിലൂടെ മുന്നിലെത്തിയ ഇന്ത്യ, 24-ാം മിനിറ്റിൽ സുഖ്ജീത് സിങ്ങിലൂടെ ലീഡുയർത്തി.

പെനാർറ്റി കോർണറിയിൽ നിന്നായിരുന്നു ഗോൾ. എന്നാൽ 28-ാം മിനിറ്റിൽ സാം ലെയ്നിലൂടെ ന്യൂസീലൻഡ് ആദ്യ ഗോൾ നേടി. പിന്നാലെ 40-ാം മിനിറ്റിൽ അടുത്ത പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് വരുൺ കുമാർ ഇന്ത്യയുടെ നില ഭദ്രമാക്കിയിരുന്നു. പക്ഷേ 43-ാം മിനിറ്റിൽ കെയ്ൻ റസ്സലും 49-ാം മിനിറ്റിൽ സീൻ ഫിൻഡ്ലിയും പെനാൽറ്റി കോർണറുകളിൽ നിന്ന് ലക്ഷ്യം കണ്ടതോടെ കിവീസ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.

നേരത്തെ തോൽവിയറിയാതെ പൂൾ ഡി മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യക്ക് പക്ഷേ, ഗ്രൂപ്പിൽ ഒന്നാമതെത്താനായിരുന്നില്ല. ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ജേതാക്കളായി നേരിട്ട് ക്വാർട്ടർ ഫൈനലിലെത്തിയത്. ഇതോടെയാണ് ക്വാർട്ടറിലെത്താൻ ഇന്ത്യയ്ക്ക് ക്രോസ് ഓവർ മത്സരം കളിക്കേണ്ടിവന്നത്.

പൂൾ ഡിയിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാമതായിരുന്നു ഇന്ത്യ. പൂൾ സി മൂന്നാം സ്ഥാനക്കാരായിരുന്നു ന്യൂസീലൻഡ്. ഇരുടീമും ഇതിനുമുൻപ് 44 തവണ നേർക്കുനേർ കണ്ടുമുട്ടിയപ്പോൾ 24 കളികളിൽ ഇന്ത്യയ്ക്കായിരുന്നു ജയം. 15 കളികളിൽ ന്യൂസീലൻഡ് ജയിച്ചപ്പോൾ 5 മത്സരം സമനിലയായി. ടൂർണമെന്റിൽ തോൽവി അറിയാതിരുന്ന ഇന്ത്യയ്ക്കു നിർണായക മത്സരത്തിൽ മികവ് പുറത്തെടുക്കാനായില്ല. മുന്നേറ്റ നിരയുടെ മോശം ഫോം വെയ്ൽസിനെതിരായ അവസാന മത്സരത്തിലും പ്രകടമായിരുന്നു.

പരുക്ക് ഭേദമാകാത്തതിനെ തുടർന്ന് മധ്യനിരതാരം ഹാർദിക് സിങ് ടീമിൽ നിന്നു പുറത്തായതും ഇന്ത്യയ്ക്കു തിരിച്ചടിയായി. ലോക റാങ്കിങ്ങിൽ 12ാം സ്ഥാനത്തുള്ള ന്യൂസീലൻഡ് പൂൾ സിയിൽ നേരത്തേ ഒരു മത്സരം മാത്രമാണ് ജയിച്ചത്. 2 മത്സരം തോറ്റു. ലോക റാങ്കിങ്ങിൽ ആറാമതാണ് ഇന്ത്യ.