ഭുവനേശ്വർ: ബെൽജിയത്തിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഹോക്കി ലോകകിരീടം ജർമനിക്ക്. നിശ്ചിത സമയത്ത് 3 - 3ന് തുല്യതയിൽ അവസാനിച്ച മൽസരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ജർമനി വിജയം നേടിയത്. പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജർമനിയുടെ ലോകകിരീടനേട്ടം. ഓസ്‌ട്രേലിയയെ തോൽപിച്ച് നെതൽലൻഡ്‌സ് മൂന്നാം സ്ഥാനം നേടി

ഒരു ലോകകപ്പ് ഫൈനലിന്റെ എല്ലാ ആവേശവും കണ്ട മത്സരത്തിൽ ഷൂട്ടൗട്ടിൽ 5-4നായിരുന്നു ജർമനിയുടെ വിജയം. സെമിഫൈനലിലേതുപോലെ തന്നെ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ജർമനി ഫൈനിലും വിജയം പിടിച്ചുവാങ്ങിയത്. ആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജർമനിയുടെ ഉശിരൻ തിരിച്ചുവരവ്. നിശ്ചിത സമയത്ത് സ്‌കോർ 3-3 ആയിരുന്നു, ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ അവസാന പെനാൽറ്റിയിൽ ബെൽജിയം വീഴുകയായിരുന്നു.

ആദ്യ ക്വാർട്ടറിൽത്തന്നെ 2-0 എന്ന നിലയിൽ ലീഡ് ചെയ്ത ബെൽജിയത്തെ പോരാട്ടവീര്യം ഒന്നുകൊണ്ട് മാത്രമാണ് ജർമനി കീഴടക്കിയത്. രണ്ടാം ക്വാർട്ടറിൽ ഒരു ഗോൾ മടക്കിയ ജർമനി ആദ്യം ബെൽജിയത്തിന്റെ ലീഡ് ഒന്നാക്കി കുറച്ചു. മൂന്നാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി മടക്കി സ്‌കോർ സമനിലയാക്കി. അതിന് ശേഷം നടന്നത് അത്യന്തം ആവേശകരമായ ഫൈനലിന്റെ അവസാന നിമിഷങ്ങളായിരുന്നു.

ലാസ്റ്റ് ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ സ്‌കോർ ചെയ്ത ജർമനി ഫൈനലിലാദ്യമായി ലീഡ് നേടി. പിന്നീട് കടുത്ത പോരാട്ടം തന്നെയായിരുന്നു. സമനിലക്കായി വിയർത്തുകളിച്ച ബെൽജിയവും ലീഡ് നിലനിർത്തി കിരീടം നേടാനുള്ള ജർമനിയുടെ പ്രതിരോധവും. ഒടുവിൽ ടോം ബൂൺസിന്റെ ഗോളിലൂടെ ബെൽജിയം കളി വീണ്ടും സമനിലയാക്കി. നിശ്ചിത സമയത്ത് സ്‌കോർ (3-3) തുല്യമായതോടെ മത്സരം ഷൂട്ടൗട്ടിലെത്തുകയായിരുന്നു.